ബീജിങ്: വിദേശ കാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകരുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. പാര്‍ട്ടിയുടെ മരണം ഒഴിവാക്കാന്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഷി ജിന്‍ പിങ് രംഗത്തെത്തിയതാണ് ഇത് സംബന്ധിച്ച ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്. ഒരു മാസത്തിനിടെ വിവിധ പരിപാടികളില്‍ ഷി ഇതേ വിഷയത്തിലൂന്നിയാണ് സംസാരിക്കുന്നതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസത്തോളമായി വിദേശകാര്യമന്ത്രിയും ഷി യുടെ വിശ്വസ്തനുമായ ക്വിന്‍ ഗാങ്ങിനെ പൊതുപരിപാടികളില്‍ കാണുന്നില്ല. നേരത്തെ അമേരിക്കയിലെ ചൈനീസ് അംബാസഡറായിരുന്ന ക്വിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്. റഷ്യയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ബീജിങ്ങില്‍ ജൂണ്‍ 25ന് ശ്രീലങ്ക, വിയറ്റ്‌നാം, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയാണ് ക്വിന്‍ ഗാങ് പങ്കെടുത്ത അവസാന പരിപാടി.
ക്വിന്‍ഗാങ്ങിന്റെ അസാന്നിധ്യം ഉയര്‍ത്തുന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രീക്ക് സിറ്റി ടൈംസിന്റെ നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നത്. വര്‍ണവിപ്ലവങ്ങളെയും ആഭ്യന്തര പ്രക്ഷോഭങ്ങളെയും കരുതിയിരിക്കണമെന്ന തരത്തിലാണ് പ്രസിഡന്റ് സംസാരിക്കുന്നത്. ചൈനയിലെ സാഹചര്യങ്ങള്‍ വഷളാണെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബാഹ്യശക്തികള്‍ പുതിയ ശീതയുദ്ധത്തിന് കളമൊരുക്കുകയാണെന്നും ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമം നടക്കുന്നുവെന്നും ഷി ജിന്‍ പിങ് എസ്‌സിഒ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ബീജിങ്ങില്‍ നടന്ന യുവ കേഡര്‍ പരിശീലന ക്ലാസില്‍ ഷി നടത്തിയ പ്രസംഗവും പാര്‍ട്ടിയുടെ തകര്‍ച്ചയെയാണ് വിഷയമാക്കിയത്. മാര്‍ക്സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും വിശ്വാസങ്ങള്‍ ചൈനീസ് സ്വഭാവസവിശേഷതകളുടെ കൊടിക്കീഴില്‍ ഉയര്‍ത്തിപ്പിടിച്ചില്ലെങ്കില്‍ സോവിയറ്റ് യൂണിയന്റെ ഗതിയാകും നേരിടുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. വലിയ തോതില്‍ ആളുകള്‍ പാര്‍ട്ടിവിട്ടുപോകുന്ന പ്രവണത സോവിയറ്റ് യൂണിയനിലും ശക്തമായിരുന്നു. വഷളായിക്കൊണ്ടിരിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങളും അന്താരാഷ്ട്ര സമൂഹവുമായുള്ള മത്സരവും സാമ്പത്തികവും സാമൂഹികവുമായി അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ആശങ്കകളായി ഷി പ്രസംഗങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു. സിസിപി നയങ്ങള്‍ ജനവിരുദ്ധമാണെന്ന ആക്ഷേപം ശക്തമാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് പറയുന്നു.
ജനങ്ങളുടെ സ്വാതന്ത്ര്യം, അടിച്ചമര്‍ത്തലുകള്‍, ഇന്റര്‍നെറ്റ് നിരോധനം, ഷിയിലേക്കുള്ള അധികാര കേന്ദ്രീകരണം എന്നിവയിലൂടെ സിസിപി കൂടുതല്‍ ഏകാധിപത്യപരമായെന്നാണ് ആക്ഷേപം.
Discussion about this post