ന്യൂദല്‍ഹി: സംശുദ്ധമായ സംഘടനാസൗധം കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായ ശില്പിയായിരുന്നു മദന്‍ദാസ് ദേവിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വ്യക്തിനിര്‍മ്മാണത്തിലൂടെ സംഘടനാനിര്‍മിതിയും സമാജപരിഷ്‌കരണവും എന്ന ആശയത്തെ ജീവിതാദര്‍ശമാക്കിയതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്ന് സര്‍കാര്യവാഹ് അനുസ്മരിച്ചു. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദ മദദാസ് ദേവിയുടെ ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബാളെ.
വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വ രൂപീകരണത്തിലൂടെ രാഷ്ട്രബോധം സൃഷ്ടിക്കുകയായിരുന്നു മദന്‍ദാസ്ജി. സംഘടനാജീവിതം മാത്രമല്ല വ്യക്തിജീവിതവും അദ്ദേഹം നിരീക്ഷിച്ചു. ഒരിക്കല്‍ പൂര്‍ണസമയം പ്രവര്‍ത്തിച്ചവര്‍ സ്വജീവിതത്തിലേക്ക് മടങ്ങിയാല്‍ അവരുടെ ഭാവിജീവിതം സുരക്ഷിതവും അതേസമയം രാഷ്ട്രാഭിമുഖവുമായിരിക്കണം എന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. സ്വയംസേവകത്വം വികസിപ്പിക്കാനുള്ള വലിയ പാഠപുസ്തകമാണ് മദന്‍ജിയുടെ ജീവിതമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ലളിതവും സൗമ്യവുമായ പെരുമാറ്റത്തിലൂടെയാണ് മദന്‍ദാസ്ജി എല്ലാവരെയും തന്നിലേക്ക് ചേര്‍ത്തുപിടിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു.
ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, അരുണ്‍കുമാര്‍, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, അനുരാഗ് ഠാക്കൂര്‍, എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post