ചണ്ഡീഗഡ്: ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ നൂഹിലെ ചേരിമേഖലയില്‍ അനധികൃതമായി നിര്‍മിച്ച ഇരുനൂറ്റിയന്‍പതിലേറെ വീടുകളും കുടിലുകളും അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ബംഗ്ലാദേശികളാണ് ഇവിടെ അനധികൃതമായി താമസിച്ചിരുന്നത്. നല്‍ഹാര്‍ ശിവ ക്ഷേത്ര മേഖലയിലാണ് ഇവര്‍ അനധികൃതമായി താമസിച്ചിരുന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായത് ഇവിടെ വച്ചായിരുന്നു.
നല്‍ഹാര്‍ ശിവക്ഷേത്രത്തിന് പുറകിലെ അഞ്ചു ഏക്കര്‍ വനഭൂമിയും പുന്‍ഹാനയിലെ ആറ് ഏക്കര്‍ വനഭൂമിയും ധോബി ഘാട്ടിലെ ഒരു ഏക്കര്‍, നാന്‍ഗംല്‍ മുബാരിക്പൂരിലെ രണ്ട് ഏക്കര്‍ ഭൂമിയിലെയും കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശപ്രകാരമാണ് അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തിയതെന്ന് സ്ഥാനമൊഴിയുന്ന നൂഹ് ഡെപ്യൂട്ടി കമ്മിഷണര്‍ പന്‍വാര്‍ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ ഒഴിപ്പിക്കലിന് കഴിഞ്ഞ ദിവസം നടന്ന കലാപവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. ബുള്‍ഡോസര്‍ ഒരു ചികിത്സയാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 141 പേരെ അറസ്റ്റ് ചെയ്യുകയും 55 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Discussion about this post