അഖണ്ഡ ഭാരതം സ്വപ്നം കണ്ട മഹാ മനീഷി..
ഭാരത സ്വതന്ത്ര്യ സമരത്തിന്റെ ചങ്കുറപ്പും തലയെടുപ്പുമായിരുന്നു
ബാലഗംഗാധര തിലകന്‍..
ദേശീയതയുടെ ഈ ധീരാനുവർത്തിയെ ജനം നെഞ്ചോടു ചേർത്തു വിളിച്ചു..
“ലോക മാന്യ” തിലകൻ എന്ന്..
ദേശഭക്തി നിറഞ്ഞ കവിതകളിലൂടെ ഭാരതീയന്റെ സ്വാതന്ത്ര്യ ദാഹത്തെ ഉണർത്തിയ ഉത്തമ ദേശഭക്തൻ..
1897 ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ രക്ഷകനായ ജനസേവകൻ..
ആവേശോജ്വലമായ പ്രസംഗങ്ങളിലൂടെ രാഷ്ട്ര ചേതനയെ ഉണർത്തിയ രാഷ്ട്ര നേതാവ്..
വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന് ആഹ്വാനമേകിയ സ്വദേശാഭിമാനി..
കേസരി മറാത്ത തുടങ്ങിയ രാഷ്ട്രബോധ പ്രചോദകമായ പ്രസിദ്ധീകരണങ്ങളിലൂടെ ഭാരതീയരിൽ ദേശീയത നിറച്ച ഭാരത ഹൃദയം..
ഗീതാരഹസ്യമെഴുതിയും പൂർണ സ്വരാജ് എന്ന ഉദാത്ത സങ്കല്പം പകർന്നും സ്വയമെരിഞ്ഞ് വഴി വിളക്കായ സ്വാതന്ത്ര്യ ദീപം..
രക്ഷാബന്ധനും ഗണേശോത്സവവും ശിവാജി ജയന്തിയും ആരംഭിച്ച് ദേശസ്നേഹത്തിന്റെ ഭാവധാരകൾ തീക്ഷണതയോടെ പകർന്ന സ്വാതന്ത്ര്യ ദാഹി..
നാടിന് വേണ്ടി ഉയിർ കൊടുത്ത ദീർഘദർശിത്വം..
ഭാരതത്തെ നയിച്ച രാഷ്ട്ര തപസ്വി..
കോണ്‍ഗ്രസ്സിൽ ദേശീയതയുടെ തീപ്പൊരിയായിരുന്ന നേതാവ്..
അവിശ്രമമില്ലാത്ത കർമ്മ ദിനങ്ങൾ…
“സ്വരാജ് എന്‍റെ ജന്‍മാവകാശമാണ്; ഞാന്‍ അതു നേടും’ എന്ന് നട്ടെല്ലു നിവർത്തി പറയാൻ ചങ്കുറ്റം കാണിച്ച ഭാരതീയൻ.
സ്വാതന്ത്ര്യസമര സേനാനി,
നവോത്ഥാന നായകൻ,
പത്രപ്രവർത്തകൻ,
സാമൂഹിക പരിഷ്കർത്താവ്,
അദ്ധ്യാപകൻ,
അഭിഭാഷകൻ,
എഴുത്തുകാരൻ
എന്നീ നിലകളിൽ പ്രശസ്തൻ..
മഹാരാഷ്ട്രയിൽ രത്നഗിരിയിലെ ഇടത്തരം കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂലൈ 23 ന് ജനിച്ചു. രത്നഗിരിയിലും പൂണെയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 16-ാം വയസ്സിൽ വിവാഹിതനായി. സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി പൂണെയിലെ ഡെക്കാൺ കോളജിൽ ചേർന്നു. ബി.എ., ബി.എല്‍. പരീക്ഷകള്‍ വിജയിച്ച് സംസ്കൃതത്തിലും ഗണിതത്തിലും അഗാധ പാണ്ഡിത്യം നേടി. വിദ്യാഭ്യാസ കാലത്താണ് തിലകൻ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ ഇറങ്ങുന്നത്.
ജനകീയ വിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും 1880 ൽ പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു.
ഇക്കാലത്തു തന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠി ഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.
1882 ൽ കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു.
1885 ൽ ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകൻ മുൻകൈ എടുത്തു. പൂണെയിൽ ഫെർഗുസൺ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. അവിടെ ഗണിതാധ്യാപകനായി തിലകൻ സേവനമനുഷ്ഠിച്ചു.
ഹിന്ദുക്കളുടെ ഇടയിൽ നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകൻ പ്രവർത്തിച്ചു.
ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റിയുമായുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചതിന് ശേഷം 1890 ൽ ആണ് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമാകുന്നത്.
ഒരു കൊല്ലത്തിലധികം ഇംഗ്ളണ്ടില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയുടെ സ്വയം ഭരണത്തിനായ് “ഹോം റൂള്‍ ലീഗ്’ സ്ഥാപിച്ചു.
1891 ൽ ബോംബേ പ്രൊവിൻഷ്യൽ പൊളിറ്റിക്കൽ കോൺഫറൻസ് സെക്രട്ടറിയായും 1894 ൽ ബോംബേ സർവകലാശാല സെനറ്റ് ഫെലോ ആയും 1895 ൽപൂണെ മുനിസിപ്പൽ കൗൺസിലിലേയും ബോംബേ ലെജിസ്ളേറ്റിവ് കൗൺസിലിലേയും അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്ര കാര്യങ്ങളില്‍ തീവ്രവാദിയായിരുന്ന തിലകനെ, സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ജനിപ്പിച്ചു എന്ന കുറ്റം ചുമത്തി 1898 ജൂൺ 27ന് അറസ്റ്റു ചെയ്ത് 18 മാസം കഠിന തടവിനു ശിക്ഷിച്ചു.
ഇക്കാലത്താണ് അദ്ദേഹത്തിന്‍റെ ധീരവും നിസ്വാര്‍ത്ഥവുമായ രാജ്യസേവനത്തെ മുന്‍നിറുത്തി “ലോകമാന്യന്‍’ എന്നു ജനങ്ങള്‍ വിളിച്ചു തുടങ്ങിയത്.
1905 ലെ ബംഗാൾ വിഭജന വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി. വിദേശ സാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ തിലകനും മറ്റു നേതാക്കളും മുന്നോട്ടു വന്നു. വിഭജനത്തിനെതിരായി രാജ്യത്തെ അണിനിരത്തി ശ്രാവണ മാസത്തിൽ ഗംഗാസ്നാനം നടത്തി ഹൈന്ദവരും മുസൽമാൻമാരും മറ്റെല്ലാ മതസ്ഥരുമടക്കം സർവ്വരും കാളീഘട്ടിൽ വന്ന് രാഖി ബന്ധിച്ച് പ്രതിഷേധിക്കുവാൻ തീരുമാനിച്ചത് രവീന്ദ്രനാഥ ടാഗോറും തിലകനും ചേർന്നായിരുന്നു.
തിലകനും ടാഗോറും അരവിന്ദ ഘോഷുമൊക്കെ മുന്നിൽ നിന്നപ്പോൾ അതൊരു മഹാഭേരിയുടെ തുടക്കമായി. സമീപകാലത്ത് കാണാതിരുന്ന ദേശീയ ഐക്യം രൂപംപ്രാപിച്ചു. ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരു ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്.
ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908 ജൂണിൽ അറസ്റ്റു ചെയ്ത് ബർമയിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു. ജയിലിൽവച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കുകയും സുപ്രസിദ്ധമായ ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914 ൽ ജയിൽമോചിതനായി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ.
1916-ല്‍ വീണ്ടും കേസെടുത്തു ശിക്ഷിച്ചു.
ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി 1918 ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിന് “പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി” മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിന് വേണ്ടി തിലകൻ ഹാജരായി. 1919 ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.
1920 ല്‍ പൂണെയില്‍ വച്ച് മൂന്നേകാല്‍ ലക്ഷം രൂപയുടെ “തിലക് സ്വരാജ് നിധി’ ഭാരതീയർ അദ്ദേഹത്തിനു സമ്മാനിച്ചു.
1920 ൽ തന്നെ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചു ദിവസങ്ങൾക്കു ശേഷം ബോംബേയിൽ ചികിത്സ തേടി. 1920 ആഗസ്റ്റ് 1 ന് നിര്യാതനായി.
ഇന്ന് ബാലഗംഗാധര
തിലകന്റെ നൂറ്റിമൂന്നാം സ്‌മൃതി ദിനമാണ്.
Discussion about this post