ന്യൂദല്‍ഹി: മണിപ്പൂരിനൊപ്പം രാജ്യമുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2024ലും ബിജെപി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും 2028ല്‍ പ്രതിപക്ഷത്തിന് വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിക്കാം, മോദി പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് നാണംകെട്ട് ഒളിച്ചോടുകയായിരുന്നു. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയവര്‍ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ ഇറങ്ങിപ്പോയി. ഇതോടെ അവിശ്വാസ പ്രമേയം ശബ്ദവോട്ടില്‍ സഭ തള്ളി.
ഇതു സത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കും. രാഹുലിന്റെ ഭാരത മാതാവ് പരാമര്‍ശം നിരാശയില്‍ നിന്നു വന്നതാണ്. ഈ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം അവരോട് അവിശ്വാസം കാണിച്ചു. പ്രതിപക്ഷത്തിന് രാജ്യമല്ല പാര്‍ട്ടിയാണ് വലുത്. പ്രതിപക്ഷം ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പരിഗണിച്ചില്ല. ദരിദ്രരുടെ വിശപ്പിനെക്കാള്‍ അവര്‍ക്ക് വലുത് അധികാരത്തിന്റെ വിശപ്പാണ്. പ്രതിപക്ഷം നോബോള്‍ എറിയുന്നു, സര്‍ക്കാര്‍ സെഞ്ച്വറി അടിക്കുന്നു, മോദി പറഞ്ഞു.
രാജ്യം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഒന്നൊന്നായി പിന്നിടുന്നു. അഴിമതിരഹിത ഇന്ത്യ നിര്‍മിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ റിക്കാര്‍ഡ് വര്‍ധനയാണ്. പൊതുമേഖലാ ബാങ്കുകളുടെ നേട്ടം ഇരട്ടിയായി. ഏതു മാനദണ്ഡംവച്ചു നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ച പ്രകടമാണ്. കോണ്‍ഗ്രസിനു രാജ്യത്തെ നയിക്കാനുള്ള കാഴ്ചപ്പാടില്ല. അതിനുള്ള നേതൃത്വവുമില്ല. ബിജെപിക്ക് പാര്‍ട്ടിയല്ല, രാജ്യമാണ് വലുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് സൈന്യത്തെയല്ല, വിഘടന വാദികളെയാണ് വിശ്വാസം. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വരെ അവര്‍ രാഷ്ട്രീയം കളിച്ചു. കശ്മീരിലെ നുഴഞ്ഞുകയറ്റം ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഐഎന്‍ഡിഐഎ മുന്നണി അഹങ്കാരികളുടെ സഖ്യമാണ്. കുടുംബ വാഴ്ചയുടെ കൂട്ടുചേരലാണിത്. പ്രതിപക്ഷത്തെ എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണം. വയനാട്ടില്‍ എംപിയുടെ ഓഫീസ് ആക്രമിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൂട്ടുകാരാണ്. അഹങ്കാരമാണ് കോണ്‍ഗ്രസിനെ 400 സീറ്റില്‍ നിന്ന് 40ല്‍ എത്തിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി.
Discussion about this post