രാജ്ഭവൻ (ഗോവ): ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ 3 പുസ്തകങ്ങൾ ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വെൻ പാരലൽ ലൈൻസ് മീറ്റ് എന്നിവയും കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകൾ എന്നിവയുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ്, ടൂറിസം വകുപ്പ് മന്ത്രി രോഹൻ കൗണ്ടെ, ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ എന്നിവരാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി കർദ്ദിനാൾ ഫെറൗ, ഗോവ രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി മഹേഷാത്മാനന്ദ, സീനിയർ പത്രപ്രവർത്തകൻ പാച്ചുമേനോൻ എന്നിവർ യഥാക്രമം പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ഗോവ സമ്പൂർണ്ണ യാത്രയുടെ ഭാഗമായി ഗോവ ഗ്രാമങ്ങളിലെയും വിവിധ ആരാധനാലയങ്ങളിലെയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക വൃക്ഷങ്ങൾ കണ്ടെത്തി ,അവയെക്കുറിച്ച് രചിച്ച പുസ്തകമാണ് ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളം , മിസോറാം , ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും ഗവർണർ ശ്രീധരൻ പിള്ളയുടെ വിവിധ പുസ്തക പ്രകാശന ചടങ്ങുകളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് വെൻ പാരലൽ ലൈൻസ് മീറ്റ്. ശ്രീധരൻ പിള്ളയുടെ കവിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് എന്റെ പ്രിയ കവിതകൾ.
ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ ഡിസ്ക്രഷണറി ഫണ്ടിൽ നിന്ന് കാൻസർ , ഡയാലിസിസ് രോഗികൾക്ക് നൽകി വരുന്ന ധനസഹായ പദ്ധതിയുടെ തുടർച്ചയായി ഇന്ന് തൊണ്ണൂറു ലക്ഷം രൂപയുടെ ചെക്കുകളുടെ വിതരണം ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിച്ചു.
Discussion about this post