തൃശ്ശൂര്‍: സാമാജിക സമരസത വിളംബരം ചെയ്ത് രാമായണസന്ധ്യയില്‍ ശബരീപൂജയും ആദരവും നടന്നു. വനവാസി അമ്മയുടെ കാല്‍ കഴുകി ആദരിച്ച് യോഗക്ഷേമസേഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സമാജിക ഏകതയുടെ സന്ദേശം സദസിന് നല്കി. ശബരിയും ഗുഹനും ശ്രീരാമനും ഒക്കെ പകരുന്ന സാമൂഹിക ഐക്യത്തിന്റെ കഥ ലോകത്തിന് പ്രേരണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂരില്‍ സമര്‍പ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായാണ് ശബരി സമാദരണം നടന്നത്.
പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മക്കായി സര്‍വവും ത്യജിക്കാന്‍ സന്നദ്ധരായിരിക്കണമെന്നതാണ് രാമായണം പകരുന്ന സന്ദേശമെന്ന് ശബരി ആദരവും വാല്മീകി പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുത്. മുന്നില്‍ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാകണം. ശ്രീരാമചന്ദ്രന്‍ അത്തരം മാതൃകയാണ് ലോകത്തിനു മുന്നില്‍ കാണിച്ചുതന്നത്, ഗവര്‍ണര്‍ പറഞ്ഞു.
വാല്മീകി പുരസ്‌കാരം പ്രശസ്ത കവി ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. തന്നെ കവിയാക്കിയത് രാമായണമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വിവിധ ഭാരതീയ ഭാഷകളിലെ കവികളെല്ലാം ഏറിയും കുറഞ്ഞും രാമായണത്തോട് കടപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത രാമായണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണത്തിന്റെ സവിശേഷത അത് ഭക്തിരസ പ്രധാനമാണ് എന്നുള്ളതാണ്. മലയാളഭാഷയ്ക്ക് രാമായണം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സമര്‍പ്പണ ചെയര്‍മാന്‍ കെ. കിട്ടുനായര്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ടി.സി. സേതുമാധവന്‍, പിന്നണി ഗായകന്‍ ദേവാനന്ദ്, സിനിമാതാരം കുമാരി ദേവനന്ദ, മാസ്റ്റര്‍ സദാശിവ് കൃഷ്ണ, തപസ്യ സംസ്ഥാന സമിതി അംഗം സി.സി. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. കല്യാണ്‍ സില്‍ക്സ് എംഡി ടി.എസ്. പട്ടാഭിരാമന്‍ ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
Discussion about this post