തിരുവനന്തപുരം: ഭാരത നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശിയാണ് ശ്രീനാരായണ ഗുരുദേവനെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ഗുരുദേവന്റെ ജീവിതം. ആ പ്രവര്‍ത്തനങ്ങളുടെ പ്രതിധ്വനി ഇന്നും മുഴങ്ങുന്നുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വര്‍ക്കല നാരായണഗുരുകുലത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ ബ്രഹ്മവിദ്യാ മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.
ജാതി, ലിംഗ വിവേചനങ്ങള്‍ക്കും അസ്പൃശ്യതയ്‌ക്കും എതിരെ ഗുരുദേവന്‍ നടത്തിയ പോരാട്ടങ്ങള്‍ ഇപ്പോഴത്തെ തലമുറയെയും പ്രചോദിപ്പിക്കുന്നതാണ്. വിവേചനങ്ങള്‍ക്കെതിരായ സന്ധിയില്ലാത്ത സമരങ്ങളിലെ ഒരു വഴിത്തിരിവായിരുന്നു വൈക്കം സത്യഗ്രഹം. ഇത് ക്ഷേത്രപ്രവേശനത്തിന് വഴിതെളിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവചനം മാനവരാശിയുടെ ഏകത്വ ദര്‍ശനമാണ്. അദൈ്വത സിദ്ധാന്തത്തിന് ശ്രീനാരായണ ഗുരുദേവന്‍ പ്രചാരണം നല്കി. വിവേചനങ്ങള്‍ക്ക് അതീതമായ ഒരു ഭാരതം സ്വപ്‌നം കണ്ടിരുന്നു.
വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും ശാക്തീകരണത്തിനും കാരണമാകും എന്ന് ഗുരു പറഞ്ഞിരുന്നു. ഗുരുദേവന്റെ വിദ്യാഭ്യാസദര്‍ശനത്തിന്റെ പരിവര്‍ത്തന ശക്തിയായാണ് നാരായണ ഗുരുകുലം നിലകൊള്ളുന്നതെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.
ഗുരുദേവന്റെ ദര്‍ശനം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ദുഖഃപൂര്‍ണമായ സംസാര സാഗരം സ്വയം നീന്തിക്കടക്കുകയും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരെ നീന്തിക്കടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതാണ് ഗുരുവിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ മനുഷ്യരും ഒന്നാണെന്ന ഏകലോക ദര്‍ശനമാണ് ശ്രീനാരായണഗുരുദേവന്‍ നമ്മെ പഠിപ്പിച്ചതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തിനും ലോകത്തിനും ആവശ്യം ഗുരുദര്‍ശനമാണെന്ന സന്ദേശം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച വ്യക്തിയാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
പി.ആര്‍. ശ്രീകുമാര്‍ രചിച്ച സ്വാമി ജോണ്‍സ്പിയേഴ്‌സ് എന്ന പുസ്തകവും ഡോ. ബി. സുഗീത രചിച്ച ഗുരുതീര്‍ത്ഥം എന്ന പുസ്തകവും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. അടൂര്‍ പ്രകാശ് എംപി, വി. ജോയ് എംഎല്‍എ, നാരായണ ഗുരുകുലം അധ്യക്ഷന്‍ മുനിനാരായണ പ്രസാദ്, ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.കെ. സാബു എന്നിവര്‍ സംസാരിച്ചു.
Discussion about this post