ജയ്പൂര്‍: ഭാരതത്തില്‍ സ്ത്രീ വിവേചനവും ദുരാചാരങ്ങളും ഉണ്ടായത് ഇസ്ലാമിക അധിനിവേശകാലത്താണെന്ന് മഹിളാ സമന്വയം ദേശീയ സഹ സംയോജക ഭാഗ്യശ്രീ സാഠേ. സതി സമ്പ്രദായം, ശൈശവവിവാഹം, രാത്രി വിവാഹം, പര്‍ദ സമ്പ്രദായം, പെണ്‍ഭ്രൂണഹത്യ തുടങ്ങിയവയെല്ലാം ഇതിന്റെ ഫലമായുണ്ടായ വൈകൃതങ്ങളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജയ്പൂര്‍ മാനസരോവറിലെ ഡീപ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാ മഹാസമ്മേളനം ‘സംവര്‍ദ്ധിനി’യില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യശ്രീ.
എന്നാല്‍ ഇപ്പോള്‍ കാലം മാറി. എല്ലാ മേഖലയിലും സ്ത്രീകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. രാജസ്ഥാനിലെ പിപലാംഗി ഗ്രാമത്തില്‍ പെണ്‍കുഞ്ഞിന്റെ ജനനം ഗ്രാമോത്സവമാണ്. ഓരോ പെണ്‍കുട്ടിക്കുമായി ആ നാട്ടുകാര്‍ 1100 മരങ്ങള്‍ നട്ടുപിടിപ്പിക്കും.
ഭാരതീയ ജീവിത ദര്‍ശനം അനുസരിച്ച് സ്ത്രീ സൃഷ്ടിയും ശക്തിയുമാണ്. നമ്മുടെ ജീവിതം സ്ത്രീ കേന്ദ്രിതമോ പുരുഷ കേന്ദ്രിതമോ അല്ല, കര്‍ത്തവ്യ കേന്ദ്രിതമാണെന്ന് ഭാഗ്യശ്രീ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുന്നേറ്റത്തിലും സ്ത്രീ ശക്തിയുണ്ട്. പ്രാദേശിക സംരംഭങ്ങള്‍ മുതല്‍ ചന്ദ്രയാന്‍ ദൗത്യം വരെ, കുടുംബഭരണം മുതല്‍ രാജ്യഭരണം വരെ സ്ത്രീകള്‍ നിര്‍ണായക പങ്കാളിത്തമാണ് രാജ്യത്ത് നിര്‍വഹിക്കുന്നത്. അതേസമയം സ്ത്രീക്ക് ആത്മാവുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പടിഞ്ഞാറന്‍ നാടുകളില്‍ ഇപ്പോഴും തര്‍ക്കമാണ്. അതുകൊണ്ടാണ് അവിടെ വിവേചനമുണ്ടായതും അവയ്‌ക്കെതിരെ സ്ത്രീപ്രസ്ഥാനങ്ങള്‍ സജീവമായതും.
പുതിയ പ്രമേയങ്ങളുമായി ഉയര്‍ന്നുവരുന്ന ഭാരതമാണിത്. 2018ലെ സര്‍വേ പ്രകാരം, ഇന്ത്യയില്‍ സംഘടിത മേഖലയിലെ 78 ശതമാനം സ്ത്രീകള്‍ക്കും പാന്‍ കാര്‍ഡുണ്ട്. 90 ശതമാനം സ്ത്രീകള്‍ക്ക് വോട്ടര്‍/ആധാര്‍ കാര്‍ഡ് ഉണ്ട്. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഞാന്‍ എന്ന ബോധം ഉണര്‍ന്നു. വിദ്യാഭ്യാസം മുതല്‍ വ്യവസായം വരെയുള്ള എല്ലാ മേഖലകളിലും അവര്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു, ഭാഗ്യശ്രീ സാഠേ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കബഡി താരം സുമിത്ര ശര്‍മ അധ്യക്ഷത വഹിച്ചു. ഡോ.മഞ്ജു ശര്‍മ്മ ആമുഖ ഭാഷണവും പുഷ്പ ജംഗിദ് മുഖ്യപ്രഭാഷണവും നടത്തി. ഡോ. സുനിത ഗുപ്ത, ഗായിക കവിത റായി എന്നിവര്‍ സംസാരിച്ചു.
Discussion about this post