നാഗ്പൂര്‍: ഡോ.എം.എസ്. സ്വാമിനാഥന്റെ വിട വാങ്ങലിലൂടെ ആധുനിക ഭാരത നിര്‍മ്മിതിയിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ഹരിതവിപ്ലവത്തിന്റെ പിതാവെന്ന നിലയില്‍ രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ മാതൃകാപരമായിരുന്നു, ഈ അനുകമ്പയാണ് ഹരിതവിപ്ലവത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന ഗവേഷണങ്ങള്‍ക്കുള്ള സ്വാമിനാഥന്റെ സംരംഭങ്ങള്‍ ഗവേഷകര്‍ക്ക് എന്നും പ്രചോദനമാകുമെന്ന് അനുസ്മരണസന്ദേശത്തില്‍ സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ ഭാരതത്തെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ച ഡോ. സ്വാമിനാഥന്‍, തന്റെ മഹത്തായ കാഴ്ചപ്പാടിലൂടെയും തികഞ്ഞ ധീരതയിലൂടെയും നിരുപാധിക വിനയത്തിലൂടെയും രാജ്യത്തിന്റെ പ്രതീകമായി മാറി. അദ്ദേഹത്തിന്റെ മഹത്തായ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകും. ഡോ. സ്വാമിനാഥന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ എന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
Discussion about this post