ക്വറ്റ(പാകിസ്ഥാന്‍): പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നബിദിനാഘോഷത്തിനിടെ വന്‍ സ്‌ഫോടനം. പള്ളിക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന് സമീപമാണ് സംഭവം.
നബിദിന ഘോഷയാത്രയ്ക്കായി വിശ്വാസികള്‍ ഒത്തുകൂടുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താഹുല്‍ മുനിം പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം മസ്തുങ് ജില്ലയില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്‌ഫോടനമെന്ന് പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം ആദ്യം, ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസല്‍ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ 11 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. അതിനും ഒരാഴ്ച മുമ്പ്, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അജ്ഞാതരായ ആളുകള്‍ വെടിവെച്ച് വീഴ്ത്തി, വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മെയ് മാസത്തില്‍, അജ്ഞാതരായ അക്രമികള്‍ മസ്തുങ്ങിന്റെ സമീപപ്രദേശത്തുള്ള കില്ലി സോര്‍ കരേസ് ഏരിയയില്‍ പോളിയോ വാക്‌സിനേഷന്‍ ടീമിന് നേരെയും വെടിയുതിര്‍ത്തിരുന്നു. ആ സംഭവത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.
2022 ഒക്ടോബറില്‍, മസ്തുങ്ങിലെ ഖാബു എന്ന പര്‍വതപ്രദേശത്ത് രണ്ട് വാഹനങ്ങള്‍ക്കെതിരെ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2018 ജൂലൈയില്‍ ഇതേ ജില്ലയിലുണ്ടായ മാരകമായ ചാവേര്‍ സ്‌ഫോടനത്തില്‍ പൊതുപ്രവര്‍ത്തകനായ നവാബ്‌സാദ സിറാജ് റൈസാനി ഉള്‍പ്പെടെ 128 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post