വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ സര്‍വേ തടയണമെന്ന മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ അപേക്ഷ വാരണാസി കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും സര്‍വേയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് അന്‍ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച് ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് പറഞ്ഞു. അതിനാല്‍ ഈ കോടതിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
പതിനേഴാം നൂറ്റാണ്ടിലെ മുസ്ലീം പള്ളി ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ നിര്‍മ്മിച്ചതെന്ന് നിര്‍ണയിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാനവാപി മസ്ജിദ് പരിസരത്ത് നടത്തുന്ന ശാസ്ത്രീയ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. നിര്‍ദിഷ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എഎസ്ഐ സര്‍വേ നടത്തുന്നതെന്നും ഇത് തടയണമെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍വെ സംബന്ധിച്ച് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടില്ല, പള്ളി കമ്മിറ്റി വാദിച്ചു.
‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരു സ്വകാര്യ സ്ഥാപനമല്ല. സര്‍ക്കാര്‍ ജോലിയാണ് ചെയ്യുന്നത്. സര്‍വേയുടെ ചെലവ് നല്‍കാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കുന്നത് ശരിയല്ല,’ ജഡ്ജി പറഞ്ഞു. ജ്ഞാനവാപി സമുച്ചയത്തിലെ സീല്‍ ചെയ്ത വസുഖാന അളന്നു തിട്ടപ്പെടുത്തണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹര്‍ജിയും കോടതി പരിഗണിച്ചു. ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ അഞ്ചിലേക്ക് കോടതി മാറ്റി.
Discussion about this post