പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്തു. പി.എൻ മഹേഷ് ശബരിമല നിയുക്ത മേൽശാന്തിയായി. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ നിലവിൽ മേൽശാന്തിയായ ഇദ്ദേഹം മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ്. 17 പേരായിരുന്നു ശബരിമല മേൽശാന്തിമാരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. 12 പേർ മാളികപ്പുറം മേൽശാന്തിമാരുടെ പട്ടികയിലുമുണ്ടായിരുന്നു.
പി.ജി മുരളിയാണ് മാളികപ്പുറം നിയുക്ത മേൽശാന്തി. തൃശൂർ സ്വദേശിയാണ് അദ്ദേഹം. തുലാമാസ പൂജകൾക്ക് ശേഷം നിലവിലെ മേൽശാന്തിന്മാരുടെ കാലാവധി പൂർത്തിയാകും. വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് പുതിയ മേൽശാന്തിമാരാകും ശബരിമലയിലെ പൂജകൾക്ക് ഒരു വർഷത്തേക്ക് കാർമികത്വം വഹിക്കുക.
പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിയ വൈദേഹ് വർമ്മ ശബരിമല മേൽശാന്തിയേയും നിരുപമ ജി വർമ്മ മാളികപ്പുറം മേൽശാന്തിയെയും തിരഞ്ഞെടുത്തു. ഒരു വെള്ളി കുടത്തിൽ പേരുകളടങ്ങിയ പേപ്പറുകളും മറ്റൊരു വെള്ളി കുടത്തിൽ മേൽശാന്തി എന്ന് എഴുതിയിരിക്കുന്ന ഒരു പേപ്പറും, 16 ശൂന്യ പേപ്പറുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പേപ്പറുകളും ഒത്തിണങ്ങി വന്നാൽ മാത്രമാണ് നിയുക്ത മേൽശാന്തിയായി തിരഞ്ഞെടുക്കുക. ആദ്യ നറുക്കെടുപ്പിൽ തന്നെ ശബരിമല മേൽശാന്തിയായി പിഎൻ. മഹേഷ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അടുത്ത ഒരു വർഷം വരെയാണ് മേൽശാന്തിമാരുടെ കാലാവധി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജിസുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം.മനോജ്, ദേവസ്വം സെക്രട്ടറി ജി.ബൈജു, നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ടേർഡ് ജസ്റ്റിസ് പത്മനാഭൻനായർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്‌മണ്യൻ തുടങ്ങിയവർ മേൽശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയിൽ സന്നിഹിതരായി.
തുലാമാസ പൂജകളുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 22 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്‌ക്കലിലും പമ്പയിലും ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22-ന് രാത്രി 10-ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്‌ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബർ 10-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 11-ന് ആണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാൽ പിന്നെ മണ്ഡലകാല മഹോത്സവത്തിനായി നവംബർ 16-ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക. നവംബർ 17-ന് ആണ് വിശ്ചികം ഒന്ന്.
Discussion about this post