ലക്‌നൗ: രാജ്യത്തെ ആദ്യത്തെ അതിവേഗ റാപ്പിഡ് ട്രെയിന് പച്ചകൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഗാസിയബാദ്-മീററ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന നമോ ഭാരതാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. റീജിയണൽ റാപ്പിഡ് ട്രെയിൻ സർവീസ് (ആർആർടിഎസ്) ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെ സാഹിയബാദ്, ദുഹായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റാപ്പിഡ് എക്‌സ് ട്രെയിനാണ് ഇന്ന് മുതൽ സർവീസ് നടത്തുക.
ഓരോ 15 മിനിറ്റിലും സിറ്റി-ടു-സിറ്റി സർവീസ് നടത്തുന്ന പ്രാദേശിക ട്രെയിനുകളാണ് നമോ ഭാരത് ട്രെയിനുകൾ. ഭാരതത്തിന്റെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് ഇത്. ഡൽഹി-ഗാസിയബാദ്-മീററ്റ് ആർആർടിഎസിന്റെ 17 കിലോമീറ്റർ ഇടനാഴിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. 82.15 കിലോമീറ്റർ നീളമുള്ള പാത 2025 ജൂൺ മാസത്തോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
വന്ദേ ഭാരതിന് സമാനമായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിനുകൾ സർവീസ് നടത്തുക. ഓവർഹെഡ് ലഗേജ് റാക്കുകൾ, വൈ-ഫൈ കണക്റ്റിവിറ്റി, മൊബൈൽ ഉപകരണങ്ങൾക്കും ലാപ്‌ടോപ്പുകൾക്കുമുള്ള ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുണ്ട്. ഓരോ ട്രെയിനിലും വിശാലമായ ഇരിപ്പിടം, അധിക ലെഗ്റൂം, കോട്ട് ഹാംഗറുകൾ എന്നിവയുണ്ട്. വൈകല്യമുള്ള വ്യക്തികൾക്കായി നിയുക്ത വീൽചെയർ സ്‌പെയ്‌സും എമർജൻസി മെഡിക്കൽ ട്രാൻസ്ഫറുകൾക്കായി സ്‌ട്രെച്ചർ സ്‌പെയ്‌സും ട്രെയിനുകളിൽ ഉണ്ട്.
Discussion about this post