അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയെ രാഷ്‌ട്രീയമായി കാണുന്നവര്‍ക്ക് മറുപടിയില്ലെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവതിന്റെ ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാര്‍ത്താ ഏജന്‍സിയോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഇത് രാഷ്‌ട്രീയമല്ല, വിശ്വാസവും ആദര്‍ശവുമാണ്. ആളുകള്‍ അവരവരുടെ മനോനിലവാരം അനുസരിച്ച് പ്രതികരിക്കുന്നുണ്ടാവും. അത്തരക്കാരോട് എന്ത് പറയാനാണ്, അദ്ദേഹം ചോദിച്ചു. സഞ്ജയ് റാവത്തിനെപ്പോലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പും രാഷ്‌ട്രീയവുമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. പക്ഷേ ഇത് വേറെയാണെന്ന് മനസിലാക്കണം. ദേശീയാദര്‍ശത്തിന്റെ പ്രാണപ്രതിഷ്ഠയാണ് നടക്കുന്നത്. അതിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്, ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.
ശ്രീരാമജന്മഭൂമിയിലെ പവിത്രമായ ഭൂമിപൂജാ ചടങ്ങിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുണ്ടായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയം എന്താണെന്നത് ഒരു പ്രശ്നമല്ല. രാഷ്‌ട്രീയക്കാര്‍ വരും പോകും. ആദര്‍ശവും ശ്രീരാമനും അവശേഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ രാമന്റെ അനുഗ്രഹം സിദ്ധിച്ച വ്യക്തിയാണ്. അദ്ദേഹം അധികാരത്തിലെത്തിയതും തുടരുന്നതും ഇത്തരത്തിലുള്ള വലിയ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ്. ഭഗവാന്‍ ശ്രീരാമനെ എതിര്‍ക്കുന്നവര്‍ അന്നും നിരത്തില്‍ പലതും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു അത്രമാത്രം, ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.
Discussion about this post