ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ബിജെപി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയുടെ ലീഡ്‌നില കേവല ഭൂരിപക്ഷം പിന്നിട്ടു. തെലങ്കാനയിൽ മികച്ച മുന്നേറ്റവും പാർട്ടിക്ക് കാഴ്ചവെക്കാൻ സാധിച്ചു.
രാജസ്ഥാനിൽ 100 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. ബിജെപി 106 സീറ്റുകളിൽ മുന്നേറുമ്പോൾ കോൺഗ്രസിന് 76 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിക്കുന്നത്. സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 17 മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്. മദ്ധ്യപ്രദേശിൽ എക്‌സിറ്റ് പോളുകളെ മാറ്റിനിർത്തുന്ന മുന്നേറ്റമാണ് ബിജെപി നടത്തിയത്. 156 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 69 സീറ്റുകളിൽ മാത്രമായി കോൺഗ്രസ് ലീഡ് ഒതുങ്ങി.
ഛത്തീസ്ഗഡിൽ അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി നടത്തിയത്. 54 സീറ്റിൽ ബിജെപി മുന്നേറുമ്പോൾ 34 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ആണ് മുന്നേറിയത്. എന്നാൽ എക്‌സിറ്റ് പോളുകളെയും തള്ളിക്കൊണ്ട് മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയത്.
തെലങ്കാനയിൽ ബിആർഎസിനെതിരായ ശക്തമായ വികാരം കോൺഗ്രസിന് ഗുണം ചെയ്തു. കോൺഗ്രസ് 66 സീറ്റുകളിലും ബിആർഎസ് 42 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി എട്ട് സീറ്റുകളിലും മുന്നേറുന്നു.
Discussion about this post