ഗുരുവായൂര്‍: വികസിതഗ്രാമത്തിലേക്ക് ഒരു ചുവടു കൂടി ഉറപ്പിക്കാന്‍ പാലുവായ് ഗ്രാമം. ആരോഗ്യഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി ഗ്രാമവാസികളുടെ സ്വസ്ഥഗ്രാമം ഒത്തുചേരല്‍ നടന്നു. ആരോഗ്യഭാരതി സ്വസ്ഥഗ്രാമം ദേശീയ സംയോജകന്‍ സദാശിവ് ആരോഗ്യജീവിതത്തിന്റെ രീതികളെക്കുറിച്ച് ഗ്രാമവാസികള്‍ക്ക് ക്ലാസെടുത്തു.
ആരോഗ്യമുള്ള വ്യക്തിയാണ് സശക്തമായ കുടുംബത്തിന്റെയും സമൃദ്ധമായ ഗ്രാമത്തിന്റെയും അടിത്തറയെന്ന് സദാശിവ് ചൂണ്ടിക്കാട്ടി. രോഗത്തിന് മരുന്ന് വേണം. രോഗം വരാതിരിക്കാനും മരുന്ന് ആവശ്യമാണ്. ആ മരുന്ന് ചിട്ടയോടെയുള്ള ജീവിതമാണ്. രാവിലെ ഉണരുന്നത് മുതലുള്ള ജീവിതത്തെ ആരോഗ്യപൂരിതമാക്കാന്‍ സാധിക്കണം. ഒത്തുചേരല്‍ ഗ്രാമത്തിനെ ശാക്തീകരിക്കും. സമരസതയും സമൃദ്ധിയും സമാധാനവും കൈവരിക്കാന്‍ അത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി വി.ബി. സജീവ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പരിപാടിയില്‍ ഗോദാനവും ഗീതാദാനവും ഗോമാതാ പുജയും നടന്നു. ഗ്രാമത്തിലെ ഭഗവദ്ഗീതാ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് ഗുരുവായൂര്‍ ഖണ്ഡ് സംഘചാലക് പി. കേശവന്‍ നിര്‍വഹിച്ചു. കുടുംബ പ്രബോധന്‍ പ്രമുഖ് സുരേഷ് പാലുവായ് സംസാരിച്ചു.
Discussion about this post