തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രധാന പൊലീസ് ഓഫീസര്‍മാരില്‍ ഒരാളായ എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പത്തെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ് പിണറായിസ്റ്റുകള്‍. കാടാമ്പുഴ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര് പങ്കുവെയ്ക്കുന്നു.
ക്ഷേത്രം എന്താണെന്ന് എത്ര പേര്‍ക്കറിയാം? തന്ത്രി ഭദ്രദീപം തെളിയിച്ചാണ് ഇവിടെ ഉദ്ഘാടനം ചെയ്തത്. ഈ തന്ത്രി ആരാണെന്ന് എത്ര പേര്‍ക്കറിയാം? എന്നീ ചോദ്യങ്ങളിലൂടെയാണ് ശ്രീജിത് പ്രസംഗം തുടങ്ങിയത്. എന്താണ് തന്ത്രം? ശരീരത്തെ മോചിപ്പിക്കുന്നതെന്തോ അതാണ് തന്ത്രം. മനസ്സിനെ മോചിപ്പിക്കുന്നതെന്തോ അതാണ് മന്ത്രം. പക്ഷെ കേരളത്തില്‍ മന്ത്രം വഴി ജീവിക്കുന്നവരെ തന്ത്രിയെന്നും തന്ത്രം കൊണ്ട് ജീവിക്കുന്നവരെ മന്ത്രിയെന്നുമാണ് നമ്മള് വിളിക്കുന്നത്. അത് വലിയൊരു വിരോധാഭാസമാണെന്ന് അദ്ദേഹം രാഷ്ട്രീയക്കാരെ കളിയാക്കുകയും ചെയ്തു.
ഒരു ക്ഷേത്രത്തിലെ പിതൃസ്ഥാനം വഹിക്കുന്നയാളാണ് തന്ത്രി. സംസ്കൃതത്തില്‍ ക്ഷേത്രം എന്നാല്‍ ശരീരം എന്നാണര്‍ത്ഥം. മരിച്ചവരെ എന്നും മരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. ഇതിന് ആദ്യത്തെ ശ്രമം നടത്തിയത് ഈജിപ്തിലെ ഫറവോന്മാരാണ്. അവര്‍ മരിച്ചവരെ മണ്കുടങ്ങളില് കുഴിച്ചിട്ടു. അവര്‍ ആ കുടങ്ങളില്‍ സ്ഥിരം ജീവിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണ് അത് ചെയ്തത്. എന്നാല്‍ ഭാരത്തില്‍ നമ്മള് കുറെക്കൂടി വിശേഷ ബുദ്ധിയുള്ളവരാണ്. സ്ഥൂലം, സൂക്ഷമം, പരം എന്നീ മൂന്ന് തരം ശരീരസങ്കല്പനങ്ങള് നമുക്കുണ്ട്. സ്ഥൂലം എന്നാല്‍ നമ്മുടെ ശരീരം. സ്ഥൂലശരീരത്തെ മരണസമയത്ത് വിട്ടുപോകുന്നതെന്തോ അതാണ് സൂക്ഷ്മം. വിശേഷമായി ഗ്രഹിക്കാന്‍ എന്ത് ഉപാധിയാകുന്നോ അതാണ് വിഗ്രഹം. – ശ്രീജിത് പറയുന്നു.
സൂക്ഷമശരീരത്തെ, അഥവാ ജീവാത്മാവിനെ പ്രതിഷ്ഠാകര്‍മ്മത്തിലൂടെ ഒരു ക്ഷേത്രത്തിലേക്കാവാഹിച്ച് വെച്ച് അവിടെ നിത്യപൂജയും തപസ്സും വഴി തന്ത്രികളുടെ നേതൃത്വത്തില്‍ ആചാര്യന്മാരുടെ അനുഷ്ഠാനത്തിലൂടെ വളര്‍ത്തിവരുത്തുന്ന ചൈതന്യം എന്നത് യഥാര്‍ത്ഥത്തില്‍ ആ പ്രതിഷ്ഠാകര്‍ത്താവിന്റെ സൂക്ഷ്മ ശരീരമാണ്. കാടാമ്പുഴയില്‍ ആ സൂക്ഷമ ശരീര ചൈതന്യം ശങ്കരാചാര്യരുടേതാണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍ കാടാമ്പുഴയില്‍ പ്രതിഷ്ഠയില്ല, സ്വയംഭൂവാണ് ഇവിടുത്തെ അമ്മ. തന്നത്താന്‍ വന്നതാണ്. അങ്ങിനെയുള്ള അപൂര്‍വ്വമായ ആ ചൈതന്യത്തെ ക്രോഡീകരിച്ച് ക്ഷേത്രരൂപത്തിലാക്കിയ ആചാര്യന് ശങ്കരാചാര്യരാണ്. അതുകൊണ്ട് ഇവിടെ തൊഴുമ്പോള്‍ നമ്മള് അനുഭവിക്കുന്നത് ശങ്കരാചാര്യരുടെ സൂക്ഷ്മശരീര ചൈതന്യമാണ് -ശ്രീജിത് വിശദീകരിച്ചു.
ക്ഷേത്ര സന്ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ നല്ല സുഖമായീ ട്ടോ എന്ന് ചിലര്‍ പറയും. എന്നാല്‍ അത് പ്രതിഷ്ടനടത്തിയ ആചാര്യന്റെ സൂക്ഷ്മശരീരവുമായി ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തന് താദാത്മ്യപ്പെടുമ്പോഴാണ് ആ സുഖം കിട്ടുന്നത്. -ശ്രീജിത് പറയുന്നു.
ഊഷ്മളവും ശക്തവുമായ ആചരണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്ന ചൈതന്യ വിശേഷങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങളുടെ അഹങ്കാരം പൂര്‍ണ്ണമായും ഇല്ലാതാകുന്നു. കാരണം ഭക്തനായ നിങ്ങള്‍ ക്ഷേത്രം പ്രതിഷ്ഠിച്ച ആചാര്യന്റെ സൂക്ഷ്മശരീരവുമായി താദാത്മ്യപ്പെടുകയാണ് ചെയ്യുന്നത്. – ശ്രീജിത് പറയുന്നു. .
രണ്ട് ദിവസം മുന്‍പ് നവകേരളസദസ്സിന് പോയപ്പോള്‍ പൊലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് എന്റെ കാല്പാദത്തിലൂടെ കയറി. അപ്പോള്‍ നിലവിളിച്ചു. അല്പം പനിയുമുണ്ടായിരുന്നു. എന്നാല്‍ ഈ കാടാമ്പുഴയില്‍ എത്തിയപ്പോള്‍ കാലിലെ വേദന പോയി. എന്റെ പനിയും പോയി, ഈ ക്ഷേത്രചൈതന്യമാണ് അതിന് കാരണം. -ശ്രീജിത് പറഞ്ഞു.
താന്ത്രികവിധി പ്രകാരമുള്ള ചൈതന്യസമുച്ചയങ്ങളുടെ കേദാരങ്ങളായ ക്ഷേത്രങ്ങളെ നിയന്ത്രിക്കാനും നേര്‍ദിശ കൊടുക്കാനുമാണ് ഇവിടുത്തെ തന്ത്രിമാരും ദേവസ്വവും. – ശ്രീജിത് പറഞ്ഞു.
Discussion about this post