ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെയൊന്നാകെ ശാക്തീകരിക്കുന്നതിനാലാണ് മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വരുന്ന തിരഞ്ഞെടുപ്പിനേയും ആത്മവിശ്വാസത്തോടെ നേരിടുമെന്നും കാരണം വാഗ്ദാനം ചെയ്ത ജനക്ഷേമ പദ്ധതികൾ അർഹരായ ഓരോ വ്യക്തിയിലേക്കും എത്തിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
” വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ട്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം അത്രത്തോളം വലുതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്. അർഹരായ ഓരോ വ്യക്തിയിലേക്കും അതിന്റെ പ്രയോജനം എത്തുന്നുണ്ടെന്ന് കഠിനമായി പരിശ്രമിക്കുകയും ചെയ്തു. എന്താണോ ജനങ്ങളോട് വാഗ്ദാനം ചെയ്തത് അത് നടപ്പാക്കാൻ ഞങ്ങൾക്കായി.
പദ്ധതികൾ വെറും വാക്കുകൾ മാത്രമല്ല, അത് നടപ്പാക്കാൻ ഒരു സർക്കാർ പ്രവർത്തിക്കുന്നു എന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ അവർ ഈ സർക്കാരിനെ പിന്തുണയ്‌ക്കുക തന്നെ ചെയ്യും. തുടർച്ചയായ രണ്ടുവട്ടവും ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നു. ഇക്കുറിയും അത് ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. കൊറോണ പ്രതിസന്ധി ഉൾപ്പെടെ ഉണ്ടായ സമയത്ത് പാവപ്പെട്ട ജനങ്ങൾക്ക് ഉൾപ്പെടെ ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ മോദി സർക്കാർ ശ്രദ്ധ ചെലുത്തി. യുപിഎയുടെ കീഴിലുള്ള 10 വർഷത്തെ അപേക്ഷിച്ച് മോദി സർക്കാരിന്റെ കീഴിലുള്ള 10 വർഷത്തെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായ മുന്നേറ്റം ശ്രദ്ധേയമാണെന്നും” നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.
Discussion about this post