ബത്തേരി: വയനാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സംരക്ഷണം ഏറ്റെടുക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും വയനാടിന്റ എല്ലാം വികസന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ബത്തേരിയില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് ദിവസങ്ങളായി വയനാട്ടില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വയനാട് സന്ദര്‍ശനത്തിനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വയനാട് യാത്രയ്‌ക്ക് മുന്നോടിയായി അതിര്‍ത്തി പ്രദേശങ്ങളായ ബന്ദിപ്പൂര്‍, മുതുമല തുടങ്ങിയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവിടുത്തെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. കാരണം മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
വന്യജീവി നിയമത്തില്‍ ചില മാറ്റങ്ങള്‍ കാലോചിതമായി വരുത്തിയിട്ടുണ്ടെങ്കിലും അത് എങ്ങനെ നടപ്പിലാക്കണം എന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം വന്യജീവി പ്രശ്‌നത്തിനും പരിഹാരം കാണുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ നയം. അതിനായി ഇന്ന് നടക്കുന്ന ഉന്നതല യോഗത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും. കൂടാതെ വയനാട്ടിന് വേണ്ട വികസന പ്രവര്‍ത്തനങ്ങളായ ദേശീയപാത വികസനം, റെയില്‍വേ, ആരോഗ്യ മേഖല, എന്നിവയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ബത്തേരിയില്‍ എത്തിയ മന്ത്രിയെ ബിജെപി നേതാക്കളായ. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി. സുധീര്‍, സംസ്ഥാന സെക്രട്ടറിമാരായ രഘുനാഥ്, കെ. രഞ്ജിത്ത്, മേഖല പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍. കെ.പി. മധു, എ.എസ്. കവിത തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Discussion about this post