ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാര്‍ എബിആര്‍എസ്എം ദേശീയ സഹ സംഘടന സെക്രട്ടറി ഗുന്ദ ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഷിപ്പ് ടെക്‌നോളജി വിഭാഗം പ്രൊഫസര്‍ ഡോ.കെ. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റുവിയന്‍ വിദ്യാഭ്യാസ നയങ്ങളില്‍ നിന്നുള്ള മോചനമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെക്കുന്ന ലക്ഷ്യം. സ്വാതന്ത്ര്യാനന്തര ഭാരതം സാങ്കേതികപരമായി പുരോഗമിക്കാതിരുന്നത് ഈ നയങ്ങള്‍ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കേരളത്തിലെ സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു. കേരളത്തിലെ പല കോളജുകളിലും യൂണിവേഴ്‌സിറ്റികളില്‍ പോലും ധാരാളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ അവസ്ഥ മാറണമെന്നുണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസമയം അത് ഏതു തരത്തിലാണോ വിഭാവനം ചെയ്തത് ആ രീതിയില്‍ നടത്തുക തന്നെ വേണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കേന്ദ്ര സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ ജയപ്രസാദ്. ഡോ. ശ്രീകുമാര്‍, ബിജെപി ഇന്‍ഡലക്ച്വല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ കൃഷ്ണ പ്രസാദ് ദ്വാരക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. സി.പി സതീഷ് അധ്യക്ഷനായി. ഡോ. പി. ജി മനോഹരന്‍ സ്വാഗതവും ഡോ. കെ. ആശ നന്ദിയും പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയവും നാലു വര്‍ഷ ബിരുദവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നാളെ നടക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. എബിആര്‍എസ്എം ദേശീയ സെക്രട്ടറി പ്രൊഫ. ഗീതാ ഭട്ട്. നാഷണല്‍ അസ്സെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ഗണേശന്‍ കണ്ണമ്പിരന്‍, എഐസിടി ചീഫ് കോഡിനേറ്റിങ് ഓഫീസര്‍ ഡോ. ബുദ്ധ ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post