ന്യൂദല്‍ഹി: സനാതനസംസ്‌കൃതിയുടെ വിജയദിനമാണ് വിക്രമസംവത്സരപ്പിറവിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ സൂര്‍ഘട്ടില്‍ സംഘടിപ്പിച്ച പുതുവത്സരോത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആഘോഷങ്ങള്‍ നമ്മുടെ പാരമ്പര്യമാണ്. പുത്തന്‍ വഴക്കങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ പുരാതനത്വവും സനാതനത്വവും വിളംബരം ചെയ്യേണ്ട അവസരമാണിത്. സംസ്‌കാരത്തെ ജീവിതത്തിലുടനീളം പുലര്‍ത്തി, സ്വാംശീകരിച്ച് സംരക്ഷിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ടെന്ന് ജെ. നന്ദകുമാര്‍ ഓര്‍മ്മിപ്പിച്ചു.
വിക്രമസംവത്സരത്തിന്റെ ആദ്യദിനം, വര്‍ഷപ്രതിപദ മുഴുവന്‍ ഭാരതീയരുടെയും ഉത്സവമാണെന്ന് എംപി മനോജ് തിവാരി പറഞ്ഞു. വിഖ്യാത നര്‍ത്തകി പദ്മശ്രീ നളിനി കാമിനി പരിപാടിയില്‍ സംസാരിച്ചു. ദല്‍ഹി മുന്‍ മേയര്‍ ഹര്‍ഷ് മല്‍ഹോത്ര വിശിഷ്ടാതിഥിയായി. അഭിജിത് ഗോഖലെ, പ്രദീപ് ഗുപ്ത തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രശസ്ത സന്തൂര്‍ വാദകന്‍ അഭയ് സോപോരിയും സംഘവും അവതരിപ്പിച്ച സന്തൂര്‍ കച്ചേരിയും നൃത്തപരിപാടികളും ആഘോഷത്തിന് മിഴിവേകി. പുതുവത്സരപ്പിറവിയില്‍ സൂര്യന് അര്‍ഘ്യം അര്‍പ്പിച്ച് വിളക്കുകള്‍ തെളിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്.
Discussion about this post