തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഇന്ന് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം. യദുവിനെതിരെയാണ് നടപടി. നടപടി വേണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയും പരാതി നല്‍കിയിരുന്നു.
ഡ്രൈവർ ഡിടിഒയ്‌ക്ക് മുമ്പാകെ വിശദീകരിക്കണം. ഡ്രൈവർ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്റെ ആരോപണം. മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ വാദം. ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് യദു പറയുന്നു.
പരാതിയില്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പോലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയർക്കെതിരെ പോലീസ് ഇതുവെരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പോലീസ്.
എന്നാല്‍ ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വാഹനത്തിന് സൈഡ് നൽകാത്തതല്ല പ്രശ്‌നം, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു. സിഗ്നലിൽ നിർത്തിയപ്പോഴാണ് സംസാരിച്ചത്. വാഹനം തടഞ്ഞുനിർത്തിയല്ല സംസാരിച്ചതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇടത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. കാറിൽ പലതവണ ഇടിക്കാൻ ശ്രമിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചു നിയമപരമായി നീങ്ങുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
Discussion about this post