ന്യൂദല്‍ഹി: റെയില്‍വേയുടെ ബ്രോഡ് ഗേജ് ശൃംഖല പൂര്‍ണമായും വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നു. നിലവിലുള്ള വൈദ്യുതീകരണ പദ്ധതികള്‍ക്കായി ഇടക്കാല ബജറ്റില്‍ 6,500 കോടി രൂപയാണ് വകയിരുത്തിയത്. പല പ്രദേശങ്ങളിലും ഇതിനകം തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചതിനാല്‍ ഭാരത റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ റെയില്‍വേ സംവിധാനമായി മാറും.
2014 മുതല്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 46, 425 കോടി രൂപ റെയില്‍വേ നിക്ഷേപിച്ചു. ഡീസല്‍ ലോക്കോമോട്ടീവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി പകരം ഇലക്ട്രിക് എഞ്ചിനുകള്‍ സ്ഥാപിക്കാന്‍ സമയമെടുക്കും.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 7, 188 കിലോമീറ്റര്‍ റെയില്‍ നെറ്റ് വര്‍ക് ആണ് റെയില്‍വേ വൈദ്യുതീകരിച്ചത്. ഇതില്‍ അഹ്മദാബാദ്- രാജ്‌കോട്-ഓഖ റൂട്ടും (499 കിലോമീറ്റര്‍), ബെംഗളൂരു-താല്‍ഗുപ്പ റൂട്ടും (371 കിലോമീറ്റര്‍), ബതിന്ധ-ഫിറോസ്പുര്‍-ജലന്ധര്‍ റൂട്ടും (301 കിലോമീറ്റര്‍) ഉള്‍പ്പെടുന്നു. വൈദ്യുതീകരണത്തിലേക്കു മാറുന്നതോടെ കാര്‍ബണ്‍ പുറത്തോക്ക് തള്ളുന്നത് 2027-28 വര്‍ഷത്തോടെ 24 ശതമാനം കുറയുമെന്നാണു കണക്കാക്കുന്നത്. 2014 – 15 കാലയളവ് മുതല്‍ റെയില്‍വേ ബ്രോഡ് ഗേജ് നെറ്റ് വര്‍കില്‍ 40,000 കിലോമീറ്റര്‍ റൂട്ടാണ് വൈദ്യുതീകരിച്ചത്. 2014 നെ അപേക്ഷിച്ച് വളരെ ഗണ്യമായ വര്‍ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്. 2014 – 15 കാലയളവില്‍ ദിവസം 1.42 കിലോമീറ്റര്‍ ആയിരുന്നു റെയില്‍ വൈദ്യുതീകരണം നടന്നിരുന്നതെങ്കില്‍ 2023 – 24 ആയപ്പോഴേക്കും അത് ദിവസം 19.6 കിലോമീറ്റര്‍ എന്നതിലേക്ക് എത്തി.
യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ റെയില്‍ വൈദ്യുതീകരണത്തില്‍ ഭാരതം വളരെ മുന്നിലാണ്. 95 ശതമാനവും വൈദ്യുതീകരിച്ച് കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ ഇത് 56 ശതമാനവും ബ്രിട്ടണില്‍ 38 ശതമാനവും അമേരിക്കയില്‍ ഒരു ശതമാനവുമാണ്. അതേസമയം, സ്വിറ്റ്‌സര്‍ലണ്ടില്‍ 99 ശതമാനവും വൈദ്യുതീകരണം പൂര്‍ത്തിയായി കഴിഞ്ഞു.
2030 ല്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ റെയില്‍വേ ആയി മാറാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
Discussion about this post