ന്യൂദല്‍ഹി: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭാരതത്തിലെ കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു.
വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയില്‍ നല്‍കിയിട്ടുള്ള ഇടം ഇത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇത്തരം രീതികള്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കലുഷിതമാക്കിയിട്ടുണ്ടെന്ന് ഭാരതം ചൂണ്ടിക്കാട്ടി.
കാനഡ തലസ്ഥാനത്ത് ജസ്റ്റിന്‍ ട്രൂഡോ ഖല്‍സ ദിന പരേഡിനെ അഭിസംബോധന ചെയ്യവെയാണ് ഖാലിസ്ഥാന്‍ വിഘടനവാദ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. രാജ്യത്തുടനീളമുള്ള ഏകദേശം 800,000 സിഖ് പൈതൃകമുള്ള കനേഡിയന്‍മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം കാനഡയില്‍ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഭാരതത്തിന്റെ കരങ്ങളാണെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഭാരതം-കാനഡ ബന്ധത്തില്‍ വിളളല്‍ വീഴ്‌ത്തിയിരുന്നു. ആരോപണം ഭാരതം തളളിയിരുന്നു.
Discussion about this post