ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർഫ്രണ്ട് പ്രവർത്തകനെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. കേസിലെ പ്രധാന പ്രതി മുസ്തഫ പൈച്ചറാണ് അറസ്റ്റിലായത്. നിർണായക നീക്കത്തിനൊടുവിൽ കർണാടകയിലെ സാക് ലേഷ് പൂരിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് എൻഐഎ വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെയായിരുന്നു ഇയാൾ പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. ദക്ഷിണ കർണാടകയിലെ യുവമോർച്ച നേതാവ് ആയിരുന്നു പ്രവീൺ നെട്ടാരു. 2022 ജൂലൈ 26 നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 20 പേരെ പ്രതികളാക്കി കഴിഞ്ഞ ജനുവരിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രദേശത്ത് ഭീതി പടർത്താനും സാമുദായിക അന്തരീക്ഷം തകർക്കാനും പ്രവീണിനെ ഗൂഢാലോചന നടത്തി പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
2047 ഓട് കൂടി ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കി മാറ്റുകയാണ് പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട. ഇതിന്റെ ഭാഗം കൂടിയായിരുന്നു കൊലപാതകം. ഒരു പ്രത്യേക സമുദായത്തിലുള്ളവരെ ഭയപ്പെടുത്താനും സമൂഹത്തിൽ വർഗീയ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പി എഫ് ഐയുടെ നീക്കത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. നെട്ടാരുവിന് പിന്നാലെ ബിജെപിയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും പ്രവർത്തകരെ ആക്രമിക്കാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post