മുസാഫറാബാദ്: പാക്കധീന കശ്മീരില്‍ പാക്, പിഒകെ ഭരണകൂടങ്ങള്‍ക്ക് എതിരെ വമ്പന്‍ പ്രക്ഷോഭം. വെടിവയ്‌പ്പിലും ലാത്തിച്ചാര്‍ജ്ജിലും സംഘര്‍ഷത്തിലും രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകി പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് എകെ 47 തോക്കുകള്‍ അടക്കം ഉപയോഗിച്ച് നടത്തിയ വെടിവയ്‌പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.
പാക് സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച മുതല്‍ വന്‍ ജനരോഷമാണ് തലസ്ഥാനമായ മുസാഫറാബാദിലും മറ്റിടങ്ങളിലും അലയടിക്കുന്നത്. വിലക്കയറ്റവും പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും വൈദ്യുതി ക്ഷാമവും മൂലം ജനങ്ങള്‍ നട്ടം തിരിയുന്ന സമയത്ത് അധിക നികുതി കൂടി അടിച്ചേല്‍പ്പിച്ചതോടെയാണ് ജനരോഷം പൊട്ടിത്തെറിച്ചത്.
ദുരിത ജീവിതം അവസാനിപ്പിക്കാന്‍ പാക്കധിനിവേശ കശ്മീരിനെ ഭാരതവുമായി ലയിപ്പിക്കണമെന്ന ആവശ്യവും പ്രക്ഷോഭത്തിലുയരുന്നുണ്ട്. ചിലര്‍ ഭാരത പതാകയേന്തിയാണ് പാക് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും വ്യാപകമായി ചുവരുകളില്‍ പതിച്ചിട്ടുണ്ട്.
ആദ്യം പിഒകെ ഭരണകൂടത്തിനെതിരെയായിരുന്നു സമരം. സമരക്കാര്‍ക്ക് എതിരെ അഴിഞ്ഞാടിയ പോലീസ്, അവരെ പൈശാചികമായി തല്ലിച്ചതച്ചു. നേതാക്കളെ ജയിലിലടച്ചു. ഇതോടെ സമരം കൂടുതല്‍ കടുത്തു. അടിച്ചമര്‍ത്തി പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമായി.
വര്‍ഷങ്ങളായി പാക് അധീന കശ്മീരില്‍ അരങ്ങേറുന്ന പ്രതിഷേധ പരമ്പരകളുടെ തുടര്‍ച്ചയാണ് തലസ്ഥാനമായ മുസാഫറാബാദില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭവും. ജമ്മുകശ്മീര്‍ ജോയിന്റ് ആവാമി ആക്ഷന്‍ കമ്മിറ്റിയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
Discussion about this post