ആലപ്പുഴ: ഭാരതത്തിൻ്റെ ഉയർച്ചയ്ക്ക് പിന്നിലെ ചാലകശക്തി ആർ.എസ്.എസ്. ആണ് എന്നതിൽ ആർക്കും സംശയം വേണ്ടെന്ന് ആർ.എസ്.എസ്. ദക്ഷിണക്ഷേത്ര ( കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖല) കാര്യവാഹ് എം. രാധാകൃഷ്ണൻ. ആലപ്പുഴ അറവുകാട് നടക്കുന്ന ആർ.എസ്.എസ്. കാര്യകർതൃ വികാസ് വർഗ്ഗിന്റെ സമാപന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ ഉയർച്ച കേവലം രാഷ്ട്രീയം മാത്രമല്ല സംഘത്തിൻ്റെ പ്രവർത്തനത്തിൻ്റെ കരുത്ത് അതിൽ അടങ്ങിയിട്ടുണ്ട്.
ഭാരതം ശക്തിശാലിയായ രാഷ്ട്രമായി ലോകത്തിൽ ഉയരുന്നു. ഭാരതീയമായതിനെല്ലാം വലിയ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ ഭാരതത്തിൻ്റെ സൗഹൃദത്തിന് വേണ്ടി കൊതിക്കുന്നു. നമ്മുടെ രാഷ്ട്രത്തെ ആശ്രയിക്കുന്നു. ഭാരതം ദുർബ്ബലപ്പെടണമെന്ന് സാമ്രാജ്യത്വ ശക്തികൾ ആഗ്രഹിക്കുന്നു. രാജ്യത്തിൻ്റെ ഉള്ളിൽ അസ്ഥിരതയുണ്ടാക്കാൻ ചില ആളുകളെ, സംഘടനകളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. എല്ലാ ഭേദങ്ങളെയും ഇല്ലാതാക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നത്.
രാഷ്ട്രമാദ്യമെന്ന ചിന്ത വളർത്താനാണ്. നെഞ്ചുറപ്പുള്ള തലമുറയെ വാർത്തെടുക്കാനാണ് ശാഖാ പ്രവർത്തനം. ചില മതങ്ങളെ വിമർശിക്കാൻ പാടില്ല എന്ന മാനസികാവസ്ഥ കേരളത്തിൽ വളർന്നുവരുന്നു. ബിജെപിയെ രാഷ്ട്രീയമായി അധികാരത്തിൽ ഏറ്റല്ല ആർ.എസ്.എസിന്റെ പ്രവർത്തനം. ചിലർ അങ്ങനെ വിചാരിക്കുന്നു എന്നു മാത്രം. അതേസമയം ഭാരതം ഉയരണമെന്ന് ആഗ്രഹിക്കുന്നവർക്ക് പിന്നിൽ തീർച്ചയായും അണിനിരക്കും.
യോഗത്തിൽ എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ അധ്യക്ഷയായി. ഇന്ത്യയിലെ അവഗണിക്കാൻ പറ്റാത്ത ശക്തിയാണ് ആർ.എസ്.എസ്. എന്ന് അവർ പറഞ്ഞു. രാജ്യത്തെ ചെറുപ്പക്കാരെ സംസ്കാര സമ്പന്നരാക്കുന്നു. അവരിൽ ദേശസ്നേഹം വളർത്തുന്നു. ചടങ്ങിൽ സ്വാഗത സംഘം ആദ്ധ്യക്ഷൻ ഡോ: കേശവൻ നമ്പൂതിരി, വർഗ്ഗ് അധികാരി ആർ. സുന്ദർ, വർഗ്ഗ് കാര്യവാഹ് സി പ്രദീപ്, ജില്ലാ കാര്യവാഹ് വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post