(അശ്വിന ശുക്ല 10 യുഗാബ്ദം 5128 ചൊവ്വ, ഒക്ടോബര്‍ 20, 2026)
ലക്ഷ്യപാതയില്‍ നിരന്തരം
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിക്കുന്ന വിജയദശമി മഹോത്സവത്തിനായാണ് ഇന്ന് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഈ വര്‍ഷം സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. സന്ത് രവിദാസിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പകരുന്നതിനായി സംഘശാഖകളും ഈ അവസരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്വധര്മ്മാനുഷ്ഠാനനിരതരായിരുന്ന ഇന്നാട്ടുകാര്‍ക്ക് മേല്‍ വൈദേശിക അക്രമകാരികള്‍ അതിക്രമം നടത്തിയിരുന്ന അതേ കാലത്ത്, കഠിനാധ്വാനം, തപസ്സ്, ത്യാഗം, സ്വജീവിതം എന്നിവയിലൂടെ സമൂഹത്തില്‍ ഭക്തിയുടെയും ഒരുമയുടെയും കര്ത്തവ്യനിഷ്ഠയുടെയും ഭാവം അദ്ദേഹം ജ്വലിപ്പിച്ചു. സന്ത് രവിദാസിന്റെ ഉപദേശങ്ങളും ജീവിതപാഠങ്ങളും ഇന്നും നമ്മെയെല്ലാം പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. സ്വധര്മ്മരക്ഷയ്ക്കായി ജീവന് ബലിയര്‍പ്പിച്ച രണ്ട് മഹത്തുക്കളെക്കൂടി ഈ വര്‍ഷം അനുസ്മരിക്കുന്നു. ആര്യസമാജത്തിന്റെ തപോധനനായ സന്ന്യാസിയും സ്വധര്മ്മാഭിമാനിയും ജ്ഞാനിയും വിദ്യാഭ്യാസവിചക്ഷണനും ധീരനായ സ്വാതന്ത്ര്യസമരസേനാനിയും ശുദ്ധിപ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സ്വാമി ശ്രദ്ധാനന്ദന്റെ ബലിദാനത്തിന് 100 വര്‍ഷം പൂര്‍ത്തിയായി. ഉത്കല്‍ വനമേഖലയില്‍ ജീവിച്ചിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി മഹാരാജിന്റെ ജന്മശതാബ്ദി കൂടിയാണിത്. അദ്ദേഹം അവിടെ തന്റെ സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുകയും ജീവന് പോലും ബലിയര്‍പ്പിക്കുകയും ചെയ്തു. ഈ മഹാന്മാര് ഏത് സ്വത്വത്തിനു വേണ്ടിയാണോ തങ്ങളുടെ ജീവന് ബലിയര്‍പ്പിച്ചത് അതേ ആത്മബോധം സ്വദേശിമേളകളിലൂടെ സമൂഹത്തില്‍ ഉണര്‍ത്താന്‍ പരിശ്രമിച്ച ഹിന്ദുമേളകളുടെ ഉപജ്ഞാതാവും പ്രചാരകനു മായ വംഗനാടിന്റെ സ്വര്‍ഗീയ ശ്രീമാന്‍ രാജ് നാരായണ്‍ ബസുവിന്റെ 200-ാം ജന്മവാര്‍ഷികം കൂടിയാണിത്.
കഴിഞ്ഞ 100 വര്‍ഷമായി സംഘവും, സ്വത്വം, അസ്മിത, ആത്മാ ഭിമാനം എന്നിവയെ അടിസ്ഥാനമാക്കി ഭാരതത്തെ സംഘടിതവും ശക്തവുമാക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നു. സംഘശതാബ്ദി പ്രവര്‍ത്തനത്തിനായി, ആദ്യം സ്വയംസേവകര്‍ ആചരിക്കുകയും പിന്നീട് സമൂഹത്തില്‍ പ്രാവര്ത്തികമാക്കാനുദ്ദേശിക്കുകയും ചെയ്യുന്ന അഞ്ച് ജീവിത പരിവര്ത്തനസംരംഭങ്ങളില് ഒന്ന്, ഇതേ സ്വാവബോധവും സ്വദേശിശീലത്തിന്റെ ആചരണവുമാണ്.
നമ്മുടെ സ്വത്വാവബോധത്തിന്റെ അടിത്തറ
വൈവിധ്യങ്ങളുണ്ടായിട്ടും ഭാവാത്മകമായി ഒറ്റ സമൂഹം എന്ന നിലയില്‍ ‘നമ്മള് ഭാരതത്തിലെ ജനങ്ങള്‍’ എന്ന് ഭരണഘടനയില്‍, നാം നമ്മെത്തന്നെ അഭിസംബോധന ചെയ്തിട്ടുണ്ട്. ആ ഭാവാത്മകബന്ധം ക്രമേണ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള വഴിയും അതേ ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ഭാവാത്മക ബന്ധം ഉരുത്തിരിയുന്ന പ്രത്യക്ഷ അനുഭൂതിയും അതിന് ആധാരമായ വിശ്വോത്തരമായ തത്വചിന്തയും കൈവശമുണ്ടായിട്ടും നമ്മുടെ പെരുമാറ്റം തികച്ചും വിഭിന്നവും നികൃഷ്ടവുമായി തുടരുന്നു. അതുകൊണ്ടാണ് വിശ്വഗുരു ത്തില്‍ നിന്ന് നാം വളരെ താഴേക്ക് വീണുപോയതും നൂറ്റാണ്ടുകളുടെ അടിമത്തം അനുഭവിക്കേണ്ടി വന്നതും. അസാധാരണമായ പരിശ്രമങ്ങളിലൂടെയും എണ്ണമറ്റ ത്യാഗങ്ങളിലൂടെയും ആ ദുഷ്കരമായ കാലഘട്ടത്തില്‍ നിന്ന് നാം മോചിതരാവുകയും ഐക്യത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് വീണ്ടും പദമൂന്നുകയും ചെയ്തിരിക്കുന്നു. അതിനാല്‍, നാം മറവിയെ ദൂരെയകറ്റി ആ അടിസ്ഥാന സത്യം വ്യക്തമായി മനസ്സിലാക്കി, ഉറച്ച ബോധ്യത്തോടെ അതിനെ സ്വീകരിക്കുകയും വേണം. അതിന് അനുരൂപമായ ഗുണങങ്ങളോടെ ആ മൂല്യങ്ങളെ നമ്മുടെ വ്യക്തിജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരകാലത്ത് ആവശ്യമായിരുന്നതിനേക്കാള്‍ വലിയ അര്‍പ്പണബോധവും അച്ചടക്കവും ത്യാഗവുമാണ് ഇന്നത്തെ സാഹചര്യങ്ങള്‍ നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നത് .
മതങ്ങള്‍, വിഭാഗങ്ങള്‍, സമൂഹങ്ങള്‍, പ്രദേശങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഭക്ഷണശീലങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങളാല്‍ സമ്പന്നമായ, ഭാരതം പോലൊരു രാജ്യത്ത് എല്ലാവരെയും അംഗീകരിക്കുകയും ആദരിക്കുകയും സ്വന്തമെന്ന ബോധത്തോടെ പരിഗണിക്കുകയും ചെയ്യുന്ന ഒരു ചിന്തയ്ക്ക് മാത്രമേ ഐക്യത്തിന്റെ അടിത്തറയാകാന്‍ കഴിയൂ. ഭാഗ്യവശാല്‍, നിരവധി ആത്മീയ മഹാപുരുഷന്മാര് സ്വാനുഭൂതിയിലൂടെ നിരന്തരം സ്പഷ്ടമാക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത, സനാതന കാലം മുതല്‍ ഭാരതത്തില്‍ പ്രബലമായി നിലനിന്ന നമ്മുടെ പാരമ്പര്യം നമ്മോട് പറഞ്ഞത്, സൃഷ്ടിയുടെ വൈവിധ്യം എത്രമാത്രം സ്വാഭാവികവും പരിവര്ത്തനശീലവുമാണോ അതുപോലെ തന്നെ എല്ലാ അസ്തിത്വത്തിന്റെയും ഏകാത്മകത ശാശ്വതവും അചഞ്ചല വുമായ സത്യമാണെന്നാണ്. ചിന്താശേഷിയുള്ള ജീവി എന്ന നിലയില്‍ മനുഷ്യന്, തന്റെ ഉള്ളിലും ലോകത്തും ഈ ഐക്യം അനുഭവിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ശാശ്വതവും നിത്യവുമായ സന്തോഷം തേടിയുള്ള എല്ലാ ജീവജാലങ്ങളുടെയും യാത്ര വിജയകരവും പൂര്ണവുമാകൂ.
ഇസീ സത്യ കോ വിവിധ പക്ഷ് സേ
വേദോം മേം ഹമ്നേ ഗായാ ഥാ
നികട് ബിഠാകര് ഇസീ തത്വ കോ
ഉപനിഷദോം മേം സമഝായാ ഥാ.
മന്ദിര്‍-മഠ്-ഗുരുദ്വാരേ ജാകര്‍
യഹീ ജ്ഞാന്‍ സത്സംഗ് മിലേഗാ
(വിവിധ വീക്ഷണകോണുകളില്‍ നിന്ന് വേദങ്ങളില്‍ നാം ഈ സത്യം പാടിയിട്ടുണ്ട്, അടുത്തിരുത്തിക്കൊണ്ട് ഉപനിഷത്തുകളില്‍ ഇതേ തത്വം വിശദീകരിച്ചിട്ടുണ്ട്, ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഗുരുദ്വാരകളിലും പോകൂ… ഇതേ ജ്ഞാനം നേടാം.)
എല്ലാത്തരം വൈവിധ്യങ്ങളെയും ബഹുമാനിക്കാനും അംഗീക രിക്കാനും, അവയെ സംരക്ഷിച്ചു നിലനിര്‍ത്താനും, അതേസമയം കാലഹരണപ്പെട്ടതോ താല്ക്കാലികമായതോ ആയ കാര്യങ്ങളെ കാലത്തിനനുസരിച്ച് മാറ്റാന്‍ പാകത്തിലുള്ള വഴക്കം പുലര്ത്താ നുമുള്ള ഭാരതത്തിന്റെ സഹജമായ ഭാവം, ഈ സനാതനദര്‍ശനത്തിന്റെ ഫലമാണ്. ജനങ്ങള്‍ക്കിടയില്‍ ഈ വികാരം പ്രബലമായപ്പോഴെല്ലാം, ഭാരതം ലോകത്തിന് മുന്നില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു മാതൃകാരാഷ്ട്രമായിരുന്നു. ആത്മവിസ്മൃതി, ഭിന്നത, പരസ്പരബന്ധം നഷ്ടപ്പെടുക തുടങ്ങിയ കാരണങ്ങളാല്‍ ദുര്‍ബലരും സങ്കുചിതചിന്താഗതിക്കാരും അഹങ്കാരികളും ഭയഗ്രസ്തരുമായിത്തീര്ന്നപ്പോള്, നാം ഈ ജീവിതരീതി കൈവിട്ടു; അപ്പോഴാണ് നമ്മുടെ അധഃപതനം ആരംഭിച്ചത്. നമ്മുടെ അസ്തിത്വത്തിന്റെയും തനിമയുടെയും അടിസ്ഥാനശിലയെ നാം വീണ്ടും ഓര്‍മ്മിച്ചെടുക്കുകയും അതിനെ ആധാരമാക്കി ഒത്തുചേരുകയും, പരസ്പരക്ഷേമത്തിനും നന്മയ്ക്കുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ദൃഢനിശ്ചയം എടുക്കുകയും വേണം.
സംഘ ശതാബ്ദി പ്രവര്‍ത്തനങ്ങള്‍
ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാഖകളുടെയും സ്വയം സേവകരുടെയും പ്രവര്‍ത്തനവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അതോടൊപ്പം, ഭാരതം, ഹിന്ദുത്വം, സംഘം എന്നിവയെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും വ്യാപകമായ അവബോധം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം, സംഘടിപ്പിച്ച പരിപാടികളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്: ഗൃഹസമ്പര്‍ക്കം വഴി 4,61,527 ഗ്രാമങ്ങളിലും 41,076 നഗരപ്ര ദേശങ്ങളിലും ഉള്ള 10,19,88,511 വീടുകളില്‍ സ്വയംസേവകരെത്തി. 1,117 ജില്ലകളിലായി പൗരപ്രമുഖ സംഗമങ്ങള്‍ സംഘടിപ്പിച്ചു; ഇതില്‍ 4,26,497 പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. 5,036 ഖണ്ഡുകളില്‍ സദ്ഭാവനാ യോഗങ്ങള്‍ നടന്നു. 34,187 മണ്ഡലങ്ങളില്‍ ഹിന്ദുസമ്മേളനങ്ങള്‍’ സംഘടിപ്പിച്ചു. യുവസമ്മേളനങ്ങളില് 39,25,225 യുവാക്കള്‍ പങ്കെടുത്തു.
വികസിതമെന്ന് പറയപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സമൂഹങ്ങള്‍ക്ക് ഭാരതം, ഹിന്ദുത്വം, സംഘം എന്നിവയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ചില സംഘകാര്യകര്‍ത്താക്കള്‍ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സനാതനവും സര്‍വരോടും സന്മനോഭാവം പുലര്‍ത്തുന്ന തുമായ ഭാരതീയസംസ്കാരം, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ ഹിന്ദുസമൂഹത്തിന്റെ സ്വഭാവം, അതോടൊപ്പം സംഘത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണയും അവര്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്ന് ലോകമെമ്പാടും ഭാരതത്തെക്കുറിച്ച് അറിയാനുള്ള ഒരു കൗതുകം ഉണര്‍ന്നുവരുന്നുണ്ട്. ഭൗതികമായി സമൃദ്ധമാണെങ്കിലും, ഭൗതികവാദം, വ്യക്തിവാദം, അനിയന്ത്രിതമായ ഉപഭോഗം എന്നിവയില്‍ അധിഷ്ഠിതമായ അപൂര്‍ണമായ ലോകവീക്ഷണം കാരണം ഈ രാജ്യങ്ങള്‍ പലവിധ ആശങ്കകളാല്‍ വലയുകയാണ്. വൈവിധ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, വികസനവും പരിസ്ഥിതിയും തമ്മില്‍ എങ്ങനെ പൊരുത്തം കണ്ടെത്താം, തങ്ങളില്‍ നിന്ന് വ്യത്യസ്തരായവരോട് എങ്ങനെ ആത്മബന്ധത്തോടെ പെരുമാറാം, കുടുംബജീവിതം തക രുന്നതും പുതിയ തലമുറകളിലേക്ക് പകരേണ്ട മൂല്യങ്ങള്‍ നഷ്ടപ്പെ ടുന്നതും എങ്ങനെ തടയാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് ഉത്തരങ്ങളില്ല. അതുകൊണ്ടാണ് ഇന്ന് ലോകം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കും ആധിപത്യത്തിനായുള്ള പോരാട്ടങ്ങള്‍ മൂലമുണ്ടാകുന്ന വിനാശങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഭാരതത്തിന്റെ പക്കല്‍ ഉത്തരങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അതിനാല്‍, നമ്മുടെ കാര്യകര്‍ത്താക്കള്‍ പങ്കുവെച്ച ആശയങ്ങള്‍ അവിടെയുള്ളവര്‍ അതീവ താല്‍പ്പര്യ ത്തോടെ കേള്‍ക്കുകയും തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും ലോകമെമ്പാടും ആരംഭിച്ച ഇത്തരം സംവാദങ്ങള്‍, ഭാവിയിലും തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് നമ്മുടെ കാര്യകര്‍ത്താക്കള്‍.
പഞ്ചപരിവര്‍ത്തനത്തിന്റെ (സാമൂഹിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതിസംരക്ഷണം, സ്വദേശി ബോധം, പൗര ധര്‍മ്മം) സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തുറന്ന മനസ്സോടെ സ്വീകരിച്ചിരിക്കുന്നു. ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലും ഇവയുടെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഒരു വര്‍ഷത്തേക്ക് മാത്രം നടപ്പിലാക്കേണ്ട പരിപാടികളല്ല; മറിച്ച്, നമ്മുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ജീവിതശൈലിയാണ്. പ്രവൃത്തികളെ ശീലങ്ങളായും ശീലങ്ങളെ സ്വഭാവമായും മാറ്റിയെടുക്കുന്ന ഈ ശ്രമങ്ങള്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തുടര്‍ച്ചയായി പിന്തുടരേണ്ടതുണ്ട്; എങ്കില്‍ മാത്രമേ അര്‍ത്ഥവത്തായ ഒരു മാറ്റം സാധ്യമാകൂ. ലോകത്തെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന ധാര്മ്മികജീവിതശൈലിയുടെ ഈ ശീലങ്ങള്‍, നമ്മുടെ സമൂഹത്തില്‍ സംസ്കാരത്തിലൂടെ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവേകപൂര്‍ണമായ പെരുമാറ്റത്തിന്റെ ആവശ്യകത
കുടുംബത്തിലെ മുതിര്ന്നവരിലൂടെയോ സ്കൂള്‍ പാഠ്യപദ്ധതികളിലൂടെയോ സാമൂഹിക ചുറ്റുപാടുകളിലൂടെയോ ഇത്തരം സംസ്കാരങ്ങള്‍ ലഭിക്കുന്നത് ഇക്കാലത്ത് ദിനംപ്രതി കുറഞ്ഞുവരികയാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതിയോടെ, എല്ലാത്തരം വിവരങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ എല്ലാവര്ക്കും ലഭ്യമാകുന്നു. ഈ മാധ്യമങ്ങളിലൂടെ ലഭി ക്കുന്ന വിവരങ്ങളില്‍ എന്താണ് ഉചിതം, എന്താണ് അനുചിതം എന്ന് വേര്തിരിച്ചറിയാതെയാണ് പല രാജ്യങ്ങളിലെയും പുതുതലമുറ അവ സ്വീകരിക്കുന്നത്. ഇതിന്റെ പ്രതികൂലഫലങ്ങള്‍ അനുഭവിച്ചറിഞ്ഞതിനാല്‍, അത്തരം മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ചില നിയന്ത്രണങ്ങളും അച്ചടക്കങ്ങളും ആ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്. നമ്മുടെ രാജ്യത്തും, പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട്, അത്തരം നടപടികളുടെ ആവശ്യകത സമൂഹം തിരിച്ചറിയുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉചിതമായ പരിഗണന നല്‍കണം. അതേസമയം, വിവരങ്ങള്‍ സൗജന്യമായി ലഭ്യമാണെങ്കില്‍ പോലും, ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ പുതിയ തലമുറയെ പഠിപ്പിക്കണം. അത്തരം വിവേചനബുദ്ധിയുടെ അഭാവം കാരണം വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തില്‍ വിവിധ പ്രതികൂലഫലങ്ങള്‍ ദൃശ്യമാണ്. ഈ വിവേചനബുദ്ധിയുടെ അഭാവമാണ് ലോകമെമ്പാടുമുള്ള യുവാ ക്കളെ ലഹരിമരുന്നുകളുടെ അടിമകളാക്കുന്നത്. മയക്കുമരുന്ന് ആസക്തി ഗുരുതരമായ ഒരു ദേശീയ പ്രശ്നമാണ്, സര്‍ക്കാരും ഭരണകൂടവും സമൂഹവും അത് സമയബന്ധിതമായി അഭിസം ബോധന ചെയ്യുകയും അതിനെ മറികടക്കാന്‍ നടപടികള്‍ സ്വീക രിക്കുകയും വേണം. ഇന്നത്തെ തലമുറയിലെ മാതാപിതാക്കളും മുതിര്‍ന്നവരും യുവാക്കള്‍ക്ക് ഈ വിവേചനബുദ്ധി പകര്‍ന്നുനല്‍കണം, കൂടാതെ അത്തരം ആസക്തിയെ വളര്‍ത്തുന്ന എല്ലാ പ്രവ ണതകളില് നിന്നും പുതിയ തലമുറ സ്വയം അകന്നു നില്ക്കു കയും വേണം. ഈ കാഴ്ചപ്പാടില്‍, ഈ പ്രശ്നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഭാരതത്തിലെ എല്ലാവരെയും ഒന്നിപ്പി ക്കാനും രാജ്യവ്യാപകമായി ഒരു പ്രതിരോധം രൂപപ്പെടുത്താനും സ്വയംസേവകര്‍ പരിശ്രമിക്കും.
പരമവൈഭവശാലിയും വിശ്വഗുരുവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം ഭാവിയില്‍ പുതിയ തല മുറയുടെ ചുമലില്‍ വരുകയാണ്. ഈ വെല്ലുവിളി സ്വീകരിക്കാനും അതിന് വിജയകരമായി ഉത്തരം നല്‍കാനും നമ്മുടെ യുവാക്കള്‍ പൂര്‍ണമായും സജ്ജരായിരിക്കണം.
സന്തുലിതവും സമഗ്രവുമായ വികസന കാഴ്ചപ്പാട്
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനു ഷ്യരെ ഭൗതികമായി സന്തുഷ്ടമായ ജീവിതം നയിക്കാനും അറിവി ന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ അവരുടെ പെരുമാറ്റത്തെ നയിക്കാനും സഹായിക്കുന്നു. അതിനാല്‍, പുതിയ അറിവ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയെ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും വേണം. എങ്കിലും, സാങ്കേതികവിദ്യ വെറുമൊരു ഉപാധി മാത്രമാണെന്ന് ഓര്‍മ്മിക്കേണ്ടതാണ്. ഒരു ഭൗതിക സമീപനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനം പല പ്പോഴും സുഖത്തിനും സൗകര്യത്തിനും ഒപ്പം കാര്യമായ നഷ്ടങ്ങള്‍ക്കും കാരണമാകുന്നു. നേപ്പാള്‍ അടുത്തിടെ സഹിക്കേണ്ടി വന്ന, ആയിരക്കണക്കിന് ആളുകളുടെ ജീവന് നഷ്ടമായ, ഭീകരമായ ദുരന്തത്തിന്, ഭാഗികമായെങ്കിലും, ഹിമാലയന്‍ മേഖലയിലുടനീളമുള്ള ഏകപക്ഷീയമായ വികസനത്തിന്റെ അനന്തരഫലങ്ങള്‍ കാരണമാകാം, ഇത് ഭാരതം, ടിബറ്റ്, ഭൂട്ടാന്, ചൈന എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്നു. ഇത്രയും മനുഷ്യജീവന് നഷ്ടമായതുമൂലമുണ്ടായ അഗാധമായ ദുഃഖം നമുക്കെല്ലാവര്‍ക്കും അനുഭവപ്പെടുന്നു, അത്തരം ദുരന്തങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും സഹായവും നല്കാന് നമ്മള് സ്വാഭാവികമായും ഒത്തുചേരുന്നു. എങ്കിലും, വികസനത്തെക്കുറിച്ചുള്ള സമഗ്രവും സന്തുലിതവുമായ ഒരു കാഴ്ചപ്പാട് നാം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഉപാധി ഏത് ദിശയിലാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നതും അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നതും മനുഷ്യനാണ്. അതുകൊണ്ട്, അറിവിനും സാങ്കേതികവിദ്യയ്ക്കുമൊപ്പം, അവയെ ഉചിതമായി ഉപയോഗിക്കാനുള്ള ജ്ഞാനവും അവയുടെ ഉപയോ ഗത്തിലെ ധാര്‍മ്മികവും ഭൗതികവുമായ അച്ചടക്കവും നാം പഠിക്കുകയും പരിശീലിക്കുകയും വേണം. അല്ലാത്തപക്ഷം, ആറ്റങ്ങളുടെ ഘടനയെക്കുറിച്ചുള്ള അറിവ് ശുദ്ധമായ ഊര്ജ്ജത്തേക്കാള് ജീവന് നശിപ്പിക്കുന്ന ആയുധങ്ങളെ രൂപപ്പെടുത്തും. കൃത്രിമബുദ്ധി പോലുള്ള വളരെ ഉപയോഗപ്രദമായ സാങ്കേതികവിദ്യകളി ലൂടെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവും അസത്യജ ടിലവുമായ കാര്യങ്ങള്‍ പിറവിയെടുക്കും.
ഭാരതത്തിന്റെ സനാതനവും സമഗ്രവും ഏകാത്മകവുമായ ജീവിതദര്‍ശനം മുന്നോട്ടുവയ്ക്കുന്ന സമന്വയത്തിന്റെയും സംയമനത്തിന്റെയും മൂല്യങ്ങളില്‍ വേരൂന്നിയ സംസ്കാരം ലോകമെമ്പാടും തഴച്ചുവളരുന്നത് കാണാന്‍ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. നമ്മുടെ പൂര്‍വികര്‍ ഇതിനെ ‘സാ പ്രഥമാ സംസ്കൃതി വിശ്വവാരാ (വിശ്വത്തെയാകെ ഉള്‍ക്കൊള്ളാന്‍ യോഗ്യമായ ഏക സംസ്കാരം) എന്ന് വിളിച്ചിട്ടുണ്ട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, എല്ലാവര്ക്കും മാതൃകയാക്കാവുന്ന, സമഗ്രവും സംയോജിതവുമായ വികസനത്തിന്റെ ഒരു പുതിയ മാതൃക ഭാരതം ലോക ത്തിനുമുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്.
ഹിന്ദുചൈതന്യവും പ്രകൃതിയും: ഐക്യത്തിന്റെ അടിത്തറ
ഈ സനാതനദര്ശനമാണ് രാഷ്ട്രത്തിന്റെ ചേതന. ഇതിനെയാണ് ഭാരതത്തിലെ ജനങ്ങളുള്‍പ്പെടെ ലോകം മുഴുവന്‍ ഹിന്ദു
ദര്‍ശനമെന്ന് വിളിക്കുന്നത്. ഇതിന് ഒരു പ്രത്യേക ആരാധനാരീതിയോ, ഏതെങ്കിലും പ്രത്യേക ഭക്ഷണശീലങ്ങളോ, ജീവിതശൈലിയോ ആവശ്യമില്ല. സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രത്യയ ശാസ്ത്രമോ, പ്രത്യേക ജാതിയോ, ഭാഷയോ, പ്രദേശമോ ആവശ്യമില്ല. എല്ലാറ്റിനുമുപരി, ആത്മീയത, മാനവികത, വിശ്വസാഹോദര്യഭാവം എന്നിവയാണ് അതിന്റെ മുഖമുദ്രകള്‍. ഇന്നാട്ടുകാരില്‍ ഈ ഭാവം പ്രകടമായതുകൊണ്ടാണ് ‘ഭാ’ അഥവാ ജ്ഞാനപ്രകാശത്തില്‍ മുഴുകിയ ഭാരതം എന്നത് ഭാരതീയതയുടെ ഒരു നിര്‍വചനമായി മാറിയത്. ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ കഴിയുന്നതും, അതിനായി ആഗ്രഹിക്കുന്നതുമായ ഈ ‘ഹിന്ദുചൈതന്യത്തെ’ ഓര്‍മ്മിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഭാരതത്തിന്റെ പുരോഗതിക്കും ഐക്യത്തിനും അത്യന്താപേക്ഷിതമാണ്. ഭാരതത്തില്‍, ഈ ചൈതന്യം തീവ്രമായ ദേശസ്നേഹ ത്തിലും നമ്മുടെ പൊതുവായ പൂര്വികപാരമ്പര്യങ്ങളുടെ അഭിമാ നത്തിലും ആദര്‍ശങ്ങളിലും, സനാതന സംസ്കാരത്തിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിതത്തെ രൂപപ്പെടുത്തുന്നതിലും പ്രകട മാണ്. ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കുന്ന ആളുകള്‍ പുരാതന കാലം മുതല്‍ ഒരു സമൂഹമായി കഴിഞ്ഞുപോന്നത് ഈ വീക്ഷണത്തോടെയാണ്.
സഹജവും നിരുപാധികവുമായ ഐക്യം
ഭാരതവുമായുള്ള നമ്മുടെ ബന്ധം ജീവസ്സുറ്റതും നിരുപാധികവുമാണ്. അത് നമ്മുടെ ഹൃദയത്തില്‍ വേരൂന്നിയതുമാണ്. ഇതുതന്നെയാണ് നമ്മള് തമ്മിലുള്ള ബന്ധവും. തേരാ വൈഭവ് അമര്‍ രഹേ മാം, ഹം ദിന് ചാര് രഹേ ന രഹേ (ഞങ്ങള്‍ ഏതാനും നാള് ജീവിച്ചിരു ന്നാലും ഇല്ലെങ്കിലും ശരി, അമ്മേ, അങ്ങയുടെ കീര്‍ത്തി അനശ്വരമായി നിലനില്ക്കട്ടെ) എന്ന വരികളില്‍ പ്രകടമാകുന്നതുപോലെ ഈ ബന്ധം ഏകപക്ഷീയമാണ്. സ്വന്തമെന്ന ബോധം, സ്നേഹം, ആത്മബന്ധം എന്നിവയില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ ഒരിക്കലും ഉപാധികള്‍ക്ക് വിധേയമല്ല. ഇത്തരം അടിത്തറകളില്‍ ഉറച്ചു നില്ക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. സമ്പൂര്‍ണവും നിരുപാധികവുമായ ഇത്തരമൊരു സമര്‍പ്പണമനോഭാവമാണ് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ രാജ്യത്തോട് പ്രകടമാക്കിയത്. ഈ സമര്‍പ്പണബോധമാണ് ഒടുവില്‍ ഭാരതം വിട്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകൂടത്തെ നിര്‍ബന്ധിതരാക്കിയത്.
ഈ ഹിന്ദുഭാവത്തെ ഉണര്‍ത്താനും മുഴുവന്‍ സമൂഹത്തെയും സുസംഘടിതവും ശക്തവുമായ ഒരു സമൂഹമാക്കി മാറ്റാനുമാണ് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്. എസ്. എസ്) പ്രവര്‍ത്തിക്കുന്നത്. ശക്തിയില്ലാതെ, വ്യക്തിജീവിതം മുതല്‍ ആഗോളജീവി തം വരെയുള്ള തലങ്ങളില്‍ നിലനില്പ്പോ, അന്തസ്സോ, സംരക്ഷ ണമോ അസാധ്യമാണ്. അതിനാല്‍, സംഘടിതവും ശക്തവുമായ ഒരു ഹിന്ദുസമാജത്തിനായി വാദിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ എല്ലാ മതങ്ങളെയും ആദരിക്കുന്നതിനോ രാജ്യത്തിന്റെ വൈകാരി ക ഐക്യമനോഭാവത്തിനോ വിരുദ്ധമല്ല. ഹിന്ദുസമൂഹത്തിന്റെ ലോകവീക്ഷണവും സ്വഭാവവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തായതിനാല്‍, ഇത്തരം ശ്രമങ്ങള്‍ ഐക്യത്തെയും പരസ്പര സൗഹൃദത്തെയും സദാചാരത്തെയും ശക്തിപ്പെടുത്തുകയേയുള്ളൂ എന്ന് നാം മനസ്സിലാക്കണം. തലമുറകളായി കൈമാറിവന്ന ഈ സ്വഭാവവും മൂല്യങ്ങളും തന്നെയാണ്, ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ സ്വന്തം ജീവന് അപകടത്തിലാക്കിക്കൊണ്ട്, മനുഷ്യജീവിതങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
വേണം സദ്ഭാവന നിറഞ്ഞ മനസുകള്‍
ചിന്തയിലോ വാക്കിലോ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല. ഇത്. നമ്മളോരോരുത്തരുടെയും പെരുമാറ്റത്തില്‍ ഈ മനോഭാവം പ്രതിഫലിക്കേണ്ടതുണ്ട്. നമ്മുടെ ഭാരതം വിശാലമാണ്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വൈവിധ്യമാര്‍ന്ന രൂപങ്ങളാല്‍ അനുഗ്രഹീതമാണ്. വ്യത്യസ്ത മതങ്ങള്‍, പ്രദേശങ്ങള്‍, ഭാഷകള്‍, ജാതികള്‍, ഭക്ഷണശീലങ്ങള്‍, ആചാരങ്ങള്‍ എന്നിവ പിന്തുടരുന്ന വിഭാഗങ്ങളാല്‍ പല നിറങ്ങളുള്ള, എന്നാല്‍ ഒരുമയുള്ള ഒരു സമൂഹമാണിത്. പരസ്പര ഇടപെടലുകളില്‍, ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും ഈ സന്മനോഭാവവും ഒത്തൊരുമയും ഉണ്ടായിരിക്കുകയും പ്രകടമാവുകയും വേണം. ഭൂതകാല ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പരം വെച്ചുപുലര്‍ത്തുന്ന ആശങ്കകള്‍ നമ്മളെ അകറ്റുന്നു. ആ ചരിത്രവസ്തുതകളെ അംഗീകരിച്ചുകൊണ്ടുതന്നെ കുരുക്കുകള്‍ അഴിക്കുകയും പുതിയവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്ന രീതിയില്‍ നാം പെരുമാറണം. നിസ്സാരകാര്യങ്ങള്‍ക്ക് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവരില്‍ നിന്നും അത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവരില്‍ നിന്നും നാം അകന്നുനില്ക്കണം. ഇത്രയും വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു സമൂഹത്തില്‍, പരസ്പരവിശ്വാസത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ സമയമെടുക്കും. എന്നാലും, രാജ്യത്തിന്റെയും ലോകത്തിന്റെയും ക്ഷേമം ആഗ്രഹിക്കുന്ന എല്ലാവരും സ്വയം കരുതുന്നതിനൊപ്പം ക്ഷമയോ ടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. സമൂഹവുമായുള്ള ഇടപെടലുകളില്‍, സാധാരണക്കാരായാലും സര്‍ക്കാര്‍-ഭരണകൂട തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായാലും, സ്വന്തം പെരുമാറ്റത്തെക്കുറിച്ച് അതീവ ശ്രദ്ധാലുക്കളായിരിക്കണം. പ്രത്യേകിച്ചും, സമൂഹത്തില്‍ ഏതെങ്കിലും ഒരു പദ്ധതിയോ നയമോ നടപ്പാക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ പ്രധാനമാണ്. നമ്മുടെ പെരുമാറ്റം മാന്യവും സൗഹൃദപരവും സഹപൗരന്മാരുടെ അന്തസ്സിനെ ബഹുമാനിക്കുന്നതുമാണെന്ന് ഉറപ്പാക്കണം. ഇക്കാര്യം നാം എപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.
സംഘത്തിന് ഒരു ബന്ധവുമില്ലാത്തതോ സംഘം പിന്തുണയ്ക്കാത്തതോ ആയ അപ്രതീക്ഷിതവും അഭികാമ്യമല്ലാത്തതുമായ ചില സംഭവങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ട്. അവ ചൂണ്ടിക്കാട്ടി സംഘത്തിന്റെ സദുദ്ദേശ്യത്തിലും ആത്മാര്‍ത്ഥതയിലും സംശയം ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഘത്തി ന്റെ പ്രവര്‍ത്തനം പവിത്രവും സാത്വികവുമായ സ്നേഹത്തില്‍ അധിഷ്ഠിതമാണ്. സ്വയംസേവകരുടെ സമര്‍പ്പണവും ഉത്സാഹവു മാണ് ആ പ്രവര്‍ത്തനത്തെ നിലനിര്‍ത്തുന്നത്. സംഘം സ്വന്തമായി ഒന്നും ആഗ്രഹിക്കുന്നില്ല. അടിസ്ഥാനസത്യത്തിലുള്ള ഉറച്ച വിശ്വാസവും ആ സത്യം സ്ഥാപിക്കാനുള്ള പ്രതിബദ്ധതയുമാണ് സ്വയംസേവകരെ നയിക്കുന്നത്. അവര്‍ ലക്ഷ്യം കൈവരിക്കുന്നതുവരെ ഭക്തിയോടും വിശ്വാസത്തോടും കൂടി തുടര്‍ന്നും പ്രവര്‍ത്തിക്കും.
വിവേകശാലികളും ബുദ്ധിമാന്മാരുമായ ആളുകള്‍ക്ക് പോലും വഴിതെറ്റാന്‍ സാധ്യതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകകയും നിലനില്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് നിങ്ങള്െക്കെല്ലാം നന്നായി അറിയാവുന്ന ഈ കാര്യങ്ങള്‍ ഞാന്‍ വീണ്ടും എടുത്തുപറയുന്നത്. ഭാരതം ഉള്‍പ്പെടെ ലോകത്തിലെ സഭ്യവും ശുഭകരവുമായ എല്ലാ കാര്യങ്ങളെയും സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങളെയും നശിപ്പിക്കാനും ദുഷിപ്പിക്കാനുമുള്ള പൈശാചിക പ്രതിജ്ഞ വഹിച്ചുകൊണ്ട് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഒരു കൊടുങ്കാറ്റടിച്ചിരിക്കുകയാണ്. വികസിതരാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ പോലും ദുരിതത്തിലും നിസ്സഹായതയിലും ആണ്. എങ്കിലും, സമീപ ദശകങ്ങളില്‍, സ്വന്തം കരുത്ത് കൊണ്ടും സദ്ഗുണപൂര്‍ണമായ പെരുമാറ്റം കൊണ്ടും ഭാരതം ക്രമേണ ലോകത്ത് അതിന്റെ സ്ഥാനം ഉറപ്പിച്ചു. മികച്ചതും കരുത്തുറ്റവുമായ നയങ്ങള്‍, നേതൃത്വം, ദേശസ്നേഹം, ലോകത്തോടുള്ള ഉത്തരവാദിത്തബോധം എന്നിവയാല്‍ നയിക്കപ്പെടുന്ന ഭാരതീയ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം എല്ലാ മേഖലകളിലും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ലോകരാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നിറവേറ്റാനായി പിണിയാളുകളെ സ്ഥാപിക്കാനും ഗൂഢാലോചന നടത്തുന്ന ശക്തികളുടെ കുതന്ത്രങ്ങള്‍ക്ക് ഭാരതത്തിന്റെ ഈ പുരോഗതി അറുതി വരുത്തും. പൈശാചികശക്തികള്‍ക്ക് ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അറിയാം. അതുകൊണ്ടാണ് ഭാരതം അവര്‍ക്ക് ഏറ്റവും നിര്‍ണായകവും ശക്തവുമായ എതിരാളിയാകുന്നതും, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മാറുന്നതും. ഭാരതത്തെയും ഹിന്ദുസമൂഹത്തെയും, സംഘത്തെയും തകര്‍ക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതില്‍ സഹായിക്കാന്‍ സമാനമായ സ്വഭാവമുള്ള ചിലരെ അവര്‍ക്ക് ലഭിക്കുന്നു. സങ്കുചിതമായ രാഷ്ട്രീയതാല്പ്പര്യങ്ങളാലും വിവേകക്കുറവിനാലും, അധികാരമോഹികളായ ചില രാഷ്ട്രീയ നേതാക്കളും ഇവര്‍ക്കൊപ്പം ചേരുന്നു. നമ്മുടെ വിശാലമായ സമൂഹത്തില്‍ പ്രശ്നങ്ങളുണ്ട്; വ്യവസ്ഥിതിയില്‍ പല പോരായ്മകളും ഉണ്ടാകാം. ഇവയെത്തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്.
എന്നാല്‍ പ്രക്ഷോഭങ്ങള്‍ പരിഹാരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യ ത്തോടെയായിരിക്കണം. പ്രക്ഷോഭത്തെ നയിക്കുന്നവരായാലും ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്ന ഭരണകൂടമാ യാലും രാഷ്ട്രീയ നേതാക്കളായാലും സ്വന്തം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഭിന്നതയോ ശത്രുതയോ അതൃപ്തിയോ വിഭജ നമോ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വികാരങ്ങള്‍ ആളിക്കത്തുമ്പോള്‍ പോലും, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും പരിധിക്കുള്ളില്‍ ഒതുങ്ങിനില്ക്ക ണം. സംസാരവും പെരുമാറ്റവും എപ്പോഴും പരിഷ്കൃതമായ ഒരു സംവാദത്തിന് ചേരുന്ന അന്തസ്സും മര്യാദയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഇക്കാര്യത്തില്‍ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. വോട്ടുകള്‍ നേടാനുള്ള മോഹമോ, ജനപ്രീതിക്കായുള്ള വിലകുറഞ്ഞ തന്ത്രങ്ങളോ, രാഷ്ട്രീയനേട്ടങ്ങളോ നമ്മുടെ വിവേകത്തെയും സന്മനോഭാവത്തെയും മറികടന്നുപോകാതിരിക്കാന്
ജാഗ്രത പാലിക്കണം.
ഒരുമിച്ച് പരിഹരിക്കാം
സര്‍ക്കാരിന് മാത്രമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതുപോലെ, പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്നതും ശരിയല്ല. സാമൂഹികമായ പരിശ്രമങ്ങളിലൂടെയും പരസ്പര സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
സമൂഹത്തില്‍ ഇത്തരത്തിലുള്ള, ജനകീയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സ്വയംസേവകര്‍ പരിശ്രമിക്കുന്നത്. ഗ്രാമീണ വിദ്യാലയങ്ങളില്‍ സ്വയംസേവകര്‍ നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ പ്രതീക്ഷ നല്കുന്ന ഫലങ്ങളാണ് ഉണ്ടാക്കിയത്. ഗ്രാമീണര്‍ പങ്കാളികളാവുകയും സ്വയംസേവകര്‍ പിന്തുണ നല്‍കുകയും ചെയ്ത ഇടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മെച്ചപ്പെടുകയും പഠനനിലവാരം ഉയരുകയും രക്ഷിതാക്കളുടെ പങ്കാളിത്തം വര്‍ദ്ധിക്കുകയും ചെയ്തു എന്നാണ് 21 പ്രാന്തങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 210 ജില്ലകളിലെ 1296 സ്കൂളുകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം, കായികം, സാംസ്കാരികം, മൂല്യാധിഷ്ഠിത പരിപാടികള്‍ എന്നിവയിലും സമൂഹം സംഭാവനകള്‍ നല്കി. ഗ്രാമവാസികളുടെ കൂട്ടായ പങ്കാളിത്തത്തോടെ സമഗ്ര വികസനത്തിനായുള്ള ആയിരക്കണക്കിന് പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഗ്രാമങ്ങളില്‍ നടന്നുവരുന്നുണ്ട്. രാജ്യത്തുടനീളം ഏറ്റെടുത്തിട്ടുള്ള സേവനപ്രവര്‍ത്തനങ്ങളിലൂടെ, സഹപൗരന്മാരില് ആത്മാഭിമാനം, സ്വയംപര്യാപ്തത, രാഷ്ട്രജീവിതത്തില്‍ സംഭാവന നല്‍കാനും പങ്കാളികളാകാനുമുള്ള മനോഭാവം എന്നിവ വളര്‍ത്താനാണ് സ്വയംസേവകര്‍ ലക്ഷ്യമിടുന്നത്. ഈ ആദര്‍ശങ്ങളെ പ്രായോഗികതലത്തില്‍ നടപ്പി ലാക്കാന്‍ ആവശ്യമായ കരുത്തും ശേഷിയും ജനങ്ങള്‍ക്ക് നല്‍കാനും ഇത്തരം സംരംഭങ്ങള്‍ സഹായിക്കുന്നു.
ജാഗ്രതയുടെ ആവശ്യകത
ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഒരു ചിന്തയുണ്ട്: ഈ രാജ്യവും സമൂഹവും നമ്മുടേതുതന്നെയായതിനാല്, അവയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ ബോധ്യത്താലാണ് പ്രക്ഷോഭങ്ങളും നയിക്കപ്പെടേണ്ടത്. എന്നാല്‍, ഇത്തരം ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച്, ഏതെങ്കിലും വ്യക്തിയോടോ വിഭാഗത്തോടോ ആശയത്തോടോ ഉള്ള ശത്രുതയു ടെയും വിദ്വേഷത്തിന്റെയും പേരില്‍ രാഷ്ട്രീയത്തിന്റെ ഒരു ഉപകരണമായി ഈ പ്രക്ഷോഭം മാറുമ്പോള്‍, ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ സാഹചര്യം മുതലെടുക്കുന്നു. അഭിപ്രായവ്യത്യാസങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കി പരസ്പരം ശത്രുത സൃഷ്ടിക്കുക, വിവിധ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ‘ഞങ്ങള്‍ ഇരകളാക്കപ്പെടുന്നു’ എന്ന തോന്നല്‍ വളര്‍ത്തുക, അതുവഴി രാജ്യത്തെ വ്യവസ്ഥിതികളിലുള്ള വിശ്വാസം തകര്‍ക്കുക, ഒപ്പം രാജ്യത്ത് ഭിന്നതയും കടുത്ത അതൃപ്തിയും വിഘടനവാദവും അരാജകത്വവും നിറഞ്ഞ ഒരന്തരീക്ഷം സൃഷ്ടിക്കുക – ഇതാണ് അവരുടെ പ്രവര്‍ത്തനരീതി. ഭാരതത്തെ വരുതിയില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആഗോളശക്തികളും ഇടയ്ക്കിടെ ഈ പ്രക്രിയയില്‍ പങ്കാളികളാകാറുണ്ട്. ശ്രീമതി ആശാ ഭോസ്ലെ ആലപിച്ച ഒരു പഴയ മറാഠി ഗാനത്തിന്റെ അവസാന വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.
വാഢവീത് ഭേദ്ഭാവാ ദുഷ്ടതേചാ ഫിര്തോ കാവാ
ഗാഠൂനിയാ ഭോല്യാ ജീവാ അന്ധാരാത് ഘാലില് ഘാവാ
(സാധാരണക്കാരില്‍ ഭേദചിന്ത വളര്‍ത്തിക്കൊണ്ട് ഇരുട്ടില്‍നിന്ന് തിന്മ ആക്രമിക്കുന്നു.)
അതിനാല്‍ –
ചിത്ത നിത്യ സാവധ് ഠേവാ ഏക് ലക്ഷി ലാവൂന്‍ ഡോളേ
(ജാഗ്രതയോടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.)
ഇത്തരം വിഭജന പ്രവണതകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളില്നിന്ന് ഒഴിഞ്ഞുമാറി പരസ്പരം സൗഹാര്‍ദ്ദം സംരക്ഷിക്കണമെന്നത് സ്പഷ്ടമാണ്. നാം ജാഗ്രത പാലിക്കണം. ആരുടെയും പ്രകോപനങ്ങള്‍ക്ക് വഴങ്ങുകയോ അസ്വസ്ഥരാവുകയോ അരുത്. ഭാരതം ‘വിശ്വഗുരു’ പദവിയിലേക്ക് ഉയരണമെന്ന ലക്ഷ്യവും അഭിലാഷവും മനസ്സില്‍ ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ട്, നമ്മുടെ പരിശ്രമങ്ങള്‍ തുടരണം. പരസ്പരസ്നേഹത്തിലും അച്ചടക്കത്തിലും, ദേശീയ ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയി ലും ഉറച്ചുനില്‍ക്കുന്ന സമൂഹത്തിന് മാത്രമേ ഐക്യവും അജയ്യമായ ശക്തിയും കൈവരിക്കാന്‍ കഴിയൂ. പുരാതന കാലത്ത് നമ്മുടെ സമൂഹം ‘അസ്തിത്വത്തിന്റെ ഏകത്വം’ എന്ന സത്യം തിരിച്ചറിഞ്ഞിരുന്നുവെന്നും ഈ ഏകത്വബോധം ലോകത്തിന് പകര്‍ന്നുനല്‍കുന്നതിനായി, വൈവിധ്യമാര്‍ന്ന ജീവിതരീതികള്ക്കിടയിലും ആന്തരികമായ ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട്, എല്ലാവരെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജീവിതശൈലിയാണ് നമ്മുടെ സമൂഹം പാരമ്പര്യമായി പിന്തുടര്ന്നുപോരുന്നതെന്നും സംഘം വിശ്വസിക്കുന്നു.
ഐക്യത്തില്‍ ഉറച്ചുനില്ക്കുക
നമ്മുടെ സമൂഹത്തിന്റെ ഈ ജീവിതലക്ഷ്യം മനസ്സിലാക്കിയപ്പോഴാണ് നാം വിജയം വരിച്ചത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലകറ്റാന്‍ ലക്ഷ്യമിട്ട്, വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ബംഗാളിനെ വിഭജിക്കാന്‍ ലോര്‍ഡ് കര്സണ് ശ്രമിച്ചപ്പോള്‍, ‘ഒറ്റ നാട് – ഒറ്റ ജനത’ എന്ന ആശയത്തെ തകര്‍ക്കാനുള്ള ആ നീക്കത്തെ സമൂഹം ശക്തമായി എതിര്‍ത്തു. ഒടുവില്‍, ബംഗാള്‍ വിഭജനത്തിനുള്ള നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ആ കാലഘട്ടത്തിലാണ് ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായി ‘വന്ദേമാതരം’ ഉയര്‍ന്നുവന്നത്. വിഭജനശ്രമം പരാജയപ്പെട്ടു. എന്നാല്‍, 1947-ല്‍ എന്തുകൊണ്ട് ഇതേ ഫലം കൈവരിക്കാനായില്ല? നമ്മെ വിഭജിക്കാനും നിരന്തര മായ സംഘര്‍ഷങ്ങളില്‍ കുടുക്കിയിടാനും ആഗ്രഹിച്ചവര്‍ നമ്മുടെ മനസ്സില്‍ ഒരു തെറ്റായ ധാരണ കുത്തിവെച്ചു: ‘നാം വ്യത്യസ്തരാണെങ്കില്‍, നാം വേര്‍പെട്ടവരാണ്; പുറമെ കാണുന്ന വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട്, യഥാര്‍ത്ഥ്യത്തിലും നാം വ്യത്യസ്തരും പരസ്പരം അകന്നവരുമാണ്’ എന്ന ചിന്തയാണത്. വര്‍ഗീയവും തീവ്രവാദപരവുമായ ആശയധാരകളുടെ സ്വാധീനത്താല്‍, പുറമെ കാണുന്ന വ്യത്യാസങ്ങള്‍ കാരണം നാം യഥാര്‍ത്ഥത്തില്‍ ഒന്നല്ല, മറിച്ച് പരസ്പരം വേര്പെട്ടവരാണെന്ന് നമ്മളും വിശ്വസിക്കാന്‍ തുടങ്ങി. വിഘടനവാദത്തോടുള്ള ആസക്തിയും, രാഷ്ട്രീയ ആധിപത്യത്തിനായുള്ള മോഹവും, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയും കാരണം, നമ്മെ ഒന്നിച്ചുനിര്‍ത്തിയിരുന്ന അടിസ്ഥാനങ്ങളെത്തന്നെ നാം തള്ളിപ്പറയാന്‍ തുടങ്ങി. പ്രീണന മനോഭാവമാണ് ഈ വിഭജനനീക്കത്തിന് ഇന്ധനം നല്‍കിയത്. ഒടുവില്‍, രാജ്യം വിഭജിക്കപ്പെട്ടു. എന്നാല്‍, ഈ വിനാശകര മായ വിഭജനനീക്കത്തിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട സമാധാനമോ സന്തോഷമോ, അല്ലെങ്കില്‍ സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ജീവിതമോ ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല. പകരം, അതിര് ത്തികളിലും രാജ്യത്തിനകത്തും നിലനില്‍ക്കുന്ന അസ്വസ്ഥതകളും അവിശ്വാസവും അരക്ഷിതാവസ്ഥയും, നിസ്സാരമായ കാര്യങ്ങളില്‍ പോലും നിരന്തരമായ കലഹങ്ങളും മാത്രമാണ് നാം വരുത്തിവെച്ചത്.
ബംഗാള്‍ വിഭജനത്തിന്റെ ഗൂഢാലോചനയെ പരാജയപ്പെടു ത്തിയ വന്ദേമാതരം ഇപ്പോഴും അഖണ്ഡതയുടെ ശക്തമായ പ്രചോദനമായി തുടരുന്നു. ഇത് നമ്മുടെ ദേശീയഗീതമാണ്. ആത്മാ ഭിമാനത്തോടെ, ഉച്ചത്തിലും പൂര്‍ണ്ണമായും ആലപിക്കുന്നതില്‍ ഒരു മടിയോ എതിര്‍പ്പോ ഉണ്ടാകരുത്.
മാതൃഭൂമി എന്ന നിലയില്‍ ഭാരതത്തോടുള്ള ഭക്തി, നമ്മുടെ പൂര്‍വികരുടെ ജീവിതത്തെക്കുറിച്ചുള്ള അഭിമാനവും അവരെ മാതൃകയാക്കാനുള്ള സന്നദ്ധതയും, സനാതന ഭാരതീയ സംസ്കാരത്തിലെ സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ക്കനുസൃതമായി ജീവിതത്തെ രൂപപ്പെടുത്തല്‍ ഇതെല്ലാമാണ് നമ്മെ എക്കാലവും ഒന്നിപ്പിച്ചു നിര്‍ത്തിയത്. വിശ്വാസം, പ്രദേശം, ഭാഷ, ജാതി തുടങ്ങിയ വൈവിധ്യങ്ങളുമായി ഈ അടിത്തറകള്‍ക്ക് യാതൊരു ഇടയലുമില്ല; മറിച്ച്, ഇവയെ എല്ലാം അതിലംഘിച്ചു നില്ക്കുന്നവയാണ് നമ്മുടെ അടിസ്ഥാന കാഴ്ചപ്പാടുകള്‍. ഈ ആധാരശിലകളെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും, അവയെ മനസ്സിലാക്കി പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, നമ്മുടെ ഐക്യത്തെ മാത്രമല്ല, നമ്മളിലോരോരുത്തരുടെയും സവിശേഷമായ വ്യക്തിത്വത്തെയും കൂടുതല്‍ ശക്തിപ്പെടുത്താനാവും. നമ്മുടെ സ്വന്തം സ്വത്വത്തിന് ഭീഷണിയാകുമെന്ന ഭയം കൊണ്ടോ അഭിമാനം കൊണ്ടോ നമ്മുടെ ഐക്യത്തിന്റെ ഈ അടിത്തറകള്‍ ഉപേക്ഷിക്കുക എന്ന തെറ്റ് നാം ചെയ്യരുത്, വീണ്ടും വീണ്ടും ഇടറിവീഴരുത്.
വ്യക്തിപരമായ നമ്മുടെ അഹംഭാവത്തെയും ആരാധനാ രീതികളെക്കുറിച്ച് നമുക്കും മറ്റുള്ളവര്‍ക്കും ഉള്ള തെറ്റിദ്ധാരണകളെ യും വൈവിധ്യത്തെ വേര്‍തിരിവായി കാണുന്ന പ്രവണതയെയും ഉപേക്ഷിക്കണം. ഭാരതത്തോടുള്ള ഭക്തി, പൂര്‍വ്വികരെക്കുറിച്ചുള്ള അഭിമാനം, ഭാരതീയ സംസ്കാരത്തോടുള്ള പ്രതിബദ്ധത എന്നിങ്ങനെ നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ഈ ത്രിതലബന്ധത്തെ പൂര്‍ണമനസ്സോടെ സ്വീകരിച്ചുകൊണ്ട്, രാഷ്ട്രത്തിന്റെ അഭി വൃദ്ധിക്കായുള്ള പാതയില്‍ നാം മുന്നേറണം.
ഭാരതത്തിന്റെ ആഗോള ദൗത്യവും നമ്മുടെ കടമയും
ഇന്ന് ലോകത്തെ ബാധിക്കുന്നതും ഭയപ്പെടുത്തുന്നതുമായ പ്രശ്നങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള അപൂര്‍ണമായ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. അല്ലാത്ത പക്ഷം മാനുഷികമായ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് നമുക്കും വളരെയേറെ പഠിക്കാനുണ്ട്. മറ്റുള്ളവരില്‍ നിന്ന് പഠിക്കുന്നതിനൊപ്പം തന്നെ, നമ്മുടെ ദേശീയ സ്വത്വത്തിന്റെ സവിശേഷ സ്വഭാവം വ്യക്തമായി മനസ്സിലാക്കി ഉള്‍ക്കൊള്ളാനും നമ്മുടെ ഐക്യവും ഗുണമേന്മയും കാത്തുസൂക്ഷിക്കാനും കൂട്ടായ പരിശ്രമങ്ങളില്‍ മുഴുകാനും നാം തയ്യാറാകണം. ധര്‍മ്മത്തിന്റെ സമഗ്രമായ ജ്ഞാനത്താല്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായ വികസനപാത ഒരുക്കാനും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന ഒരു പുതിയ മാര്‍ഗം ലോകത്തിന് നല്‍കാനും കഴിയുന്ന ഒരു ഭാരതത്തെ നാം കെട്ടിപ്പടുക്കണം. നമ്മുടെ ദേശീയ മൂല്യങ്ങളെ അടിസ്ഥാനമാക്കി, മുഴുവന്‍ ലോകത്തിനും നമ്മുടെ മാതൃകയിലൂടെ വികസനത്തിലേക്കുള്ള ഒരു പുതിയ പാത നാം സജ്ജമാക്കണം. ജീവിതത്തില്‍ നാം ചെയ്യുന്നതെന്തും ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ, ഐക്യം, സാമൂഹി ക നീതി, പുരോഗതി, അന്തസ്സ് എന്നിവയ്ക്ക് അനുയോജ്യവുമായിരിക്കുമെന്ന് നാം ജാഗ്രത പാലിക്കണം.
ഭാരതത്തിന്റെ പരമവൈഭവവും ‘വിശ്വഗുരു’ എന്ന നിലയിലുള്ള അതിന്റെ ഉദയവും സാധ്യമാകുന്നത് നമ്മളിലോരോരുത്തരുടെയും സമര്‍പ്പണബോധത്തോടെയുള്ള കഠിനാധ്വാനത്തിലൂടെ മാത്രമാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ മറ്റൊരു മാര്‍ഗമോ കുറുക്കുവഴിയോ ഇല്ല. സാധാരണക്കാരനായ ഒരു വ്യക്തിക്ക് പോലും തന്റെ ദൈനംദിന ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക-ഔദ്യോഗിക ജീവിതത്തിലും ചെറുതും സദ്ഗുണപൂര്ണവുമായ പ്രവൃത്തികളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ട് സ്വന്തം കടമകള്‍ നിറവേറ്റാന്‍ സാധിക്കും. പഞ്ചപരിവര്ത്തനസംരംഭങ്ങളും സ്വയംസേവകര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളും ദേശസ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പാതയിലേക്ക് വ്യക്തികളെ പടിപടിയായി നയിക്കുന്നു.
ശതാബ്ദി പരിപാടികളും അതിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷം, സമൂഹത്തിന്റെ സംഘടിതവും വിജയകരവുമായ ഈ ശക്തി കെട്ടിപ്പടുക്കുന്നതിലേക്ക് സംഘം നീങ്ങും.
സാധ്യ കര്‍നാ ഹേ ഹമേ കേശവ് പ്രദര്ശിത് ധ്യേയ സപ്നാ
ബസ് ഉസീ കീ പൂര്തീ കേ ഹിത് ഹോ സമര്‍പിത് ജന്മ് അപ്നാ
തുഷ്ട് മാം ഹോഗീ തഭീ തോ വിശ്വ മേം സമ്മാന്‍ പാകര്‍
ബഢ് രഹേ ഹേ ചരണ്‍ അഗണിത് ബസ് ഇസീ ധുന് മേം നിരന്തര്
ധ്യേയ് കേ പഥ് പര് നിരന്തര്
(കേശവന് പ്രകടിപ്പിച്ച സ്വപ്നവും ലക്ഷ്യവും നാം കൈവരിക്കണം. അതിന്റെ പൂര്‍ത്തിക്കായി നമ്മുടെ ജീവിതം സമര്‍പ്പിക്കട്ടെ. അമ്മ തൃപ്തയായാല് മാത്രമേ ലോകത്ത് നാം ബഹുമാനിക്കപ്പെടുകയുള്ളൂ. എണ്ണമറ്റ കാലുകള്‍ ഈ ഈണത്തില്‍, ലക്ഷ്യത്തിന്റെ പാതയില്‍, നിരന്തരം മുന്നോട്ട് നീങ്ങുകയാണ്.)
ഭാരത് മാതാ കീ ജയ്.


















