തെക്കേ അമേരിക്കൻ രാഷ്ട്രമായ പെറു, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ ഒരു നിരയാണ് ലോകത്തിന് സമ്മാനിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രശസ്തിയാർജ്ജിച്ചു വരുന്ന ഒന്നാണ് റെയിൻബോ മൗണ്ടൻ എന്നറിയപ്പെടുന്ന വിനികുൻക (Vinicunca). പെറുവിൻ്റെ മാതൃഭാഷയായ ക്വെച്ചുവ (Quechua) യിൽ വിനികുൻക എന്നാൽ ‘നിറമുള്ള പർവതം’ എന്നാണർത്ഥം.
സമുദ്രനിരപ്പിൽ നിന്നും 5,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പെറുവിലെ കുസ്കോ (Cusco) മേഖലയിലെ ആൻഡിസ് (Andes) പർവതനിരയാണ് ഇവ. കോടിക്കണക്കിന് വർഷങ്ങളായി പ്രദേശത്തുടനീളം 14 വ്യത്യസ്ത ധാതുക്കൾ അടിഞ്ഞുകൂടുകയും, ടർക്കോയ്സ്, ലാവെൻഡർ, സ്വർണ്ണം എന്നിങ്ങനെ പല നിറങ്ങൾ കൂടിച്ചേർന്ന് മഴവില്ല് പോലെയാണ് ഈ പർവതനിരകൾ കാണപ്പെടുന്നത്. പൂർണമായി മഞ്ഞുമൂടിയിരുന്നതിനാൽ 2013 വരെ ഈ പർവതത്തിന്റെ വർണപ്പകിട്ട് ദൃശ്യമായിരുന്നില്ല. മഞ്ഞ് ഉരുകുന്നത് കാരണം അടുത്തിടെയാണ് ഇത് ജനശ്രദ്ധ ആകർഷിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മഞ്ഞിൽ നിന്ന് മഴയിലേക്കും പൊള്ളുന്ന വെയിലിലേക്കും കാലാവസ്ഥ അതിവേഗം മാറാം. രാത്രികാലങ്ങളിൽ ഇപ്പോഴും താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും.
Montaña de Siete Colores (ഏഴ് നിറങ്ങളുടെ പർവതം) എന്നും വിളിക്കുന്ന ഈ പർവതത്തെ ഒരുകാലത്ത് മൂടിയ മഞ്ഞ്, നിറങ്ങളുടെ ഉത്ഭവത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉരുകാൻ തുടങ്ങിയപ്പോൾ, ആ വെള്ളം ഭൂമിയിലെ ധാതുക്കളുമായി കലരുകയും, ഇന്ന് നമ്മൾ കാണുന്ന പല രൂപപ്പെടുകയും ചെയ്തു. ചുവപ്പ്/ പിങ്ക് പ്രദേശങ്ങൾ തുരുമ്പ് മിശ്രിതങ്ങൾ മൂലമാണ്, മഞ്ഞനിറം ഇരുമ്പ് സൾഫൈഡ് മൂലവും, ഗോതൈറ്റ് / ഓക്സിഡൈസ്ഡ് ചെയ്ത ലിമോണൈറ്റിൽ നിന്ന് പർപ്പിൾ നിറവും, കാൽസ്യം കാർബോണറ്റിൽ നിന്ന് വെള്ളയും, മഗ്നീഷ്യത്തിൽ നിന്ന് തവിട്ട് നിറവും, ക്ലോറൈറ്റിൽ നിന്നും പച്ച നിറവും ലഭിച്ചു.
കോടി വർഷങ്ങൾക്ക് മുൻപ് സംഭവിച്ച അഗ്നിപർവത സ്ഫോടനങ്ങളും, നാസ്‌ക ഫലകങ്ങളുടെ ടെക്ടോണിക് ചലനങ്ങളും പർവതത്തിന് നിറങ്ങൾ നൽകുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഒരു കൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഇതിന്റെ മനോഹാരിതയ്ക്ക് പുറമെ ആൻഡിയൻ ഭൂപ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ലാമകളുടെയും അൽപാക്കകളുടെയും ആവാസകേന്ദ്രമാണ് റെയിൻബോ പർവതം.
വളരെ കുറച്ചു സമയംകൊണ്ട് തന്നെ ജനശ്രദ്ധ ആകർഷിച്ച വിനികുൻക, നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ‘മരിക്കുന്നതിന് മുമ്പ് തീർച്ചയായും സന്ദർശിക്കേണ്ട മികച്ച 100 സ്ഥലങ്ങളിൽ’ ഒന്നായി മാറി.
ഈ പർവതത്തിലേക്കുള്ള ഓരോ ചുവടും സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ കൗതുകമുണർത്തും എന്ന് പറയുന്നതിൽ തെറ്റില്ല.
പ്രദേശത്തിൻ്റെ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പർവതത്തിലേക്കുള്ള യാത്ര നിയന്ത്രിച്ചിരിക്കുകയാണ്.
Discussion about this post