തൃശ്ശൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58-ാം സംസ്ഥാന വാര്‍ഷികസമ്മേളനം ആരംഭിച്ചു. ത്രിദിന സമ്മേളനം ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ വച്ചാണ് നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സംസ്ഥാനസമിതിയോഗം ചേര്‍ന്നു. വാര്‍ഷികസമ്മേളനം നാളെ രാവിലെ 11ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപന്‍ സ്വാമി ചിദാന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സീമ ജാഗരണ്‍മഞ്ച് അഖിലഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിക്കും. താലൂക്ക് ഉപരി കാര്യകര്‍ത്താക്കളാണ് സമ്മേളനത്തിലെ പ്രതിനിധികള്‍. ശാഖാ തലങ്ങളിലുള്ള പ്രവര്‍ത്തകര്‍ 26 നു നടക്കുന്ന സമാപന പരിപാടിയില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരെ മതേതരസര്‍ക്കാരും ഹിന്ദുവിരുദ്ധ വിഭാഗങ്ങളും ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം യുക്തിരഹിതമായി നിയന്ത്രിക്കുക, തീര്‍ത്ഥാടകരെ സാമ്പത്തികമായി ചൂഷണം ചെയ്യുക, തൃശ്ശൂര്‍പൂരം പോലെയുള്ള വിഖ്യാത ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തുക, ഉത്സവം നടക്കുന്ന തട്ടകത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുക, ക്ഷേത്രഭൂമികള്‍ പിടിച്ചെടുത്ത്മറ്റുള്ളവര്‍ക്ക് വിതരണംചെയ്യുക തുടങ്ങി നിരവധി ആസൂത്രിത നീക്കങ്ങള്‍ മതേതര സര്‍ക്കാര്‍ വിവേചനപൂര്‍വം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
സമിതിയുടേതല്ലാത്ത ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍, തന്ത്രിമാര്‍, പുരോഹിതന്മാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്ന ക്ഷേത്രസമന്വയ പരിപാടിയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍സെക്രട്ടറി കെ.എസ്. നാരായണന്‍, സ്വാഗതസംഘം അധ്യക്ഷന്‍ സി.ആര്‍. സുരേന്ദ്രനാഥന്‍, ജനറല്‍ കണ്‍വീനര്‍ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post