എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിൽ ജനങ്ങളാണ് ഉത്തരവാദികളെന്നും ഹൈക്കോടതി ചൂട്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അധികൃതരെ വിമർശിക്കുന്നതോടൊപ്പം ജനങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൊച്ചിയിലെ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടാണുണ്ടായത്.
കാനകൾ കൃത്യമായി ശുചിയാക്കുന്ന കാര്യത്തിൽ നേരത്തെ നടപടി ഉണ്ടായതുപോലെ ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാൽ അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴല്ല ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ജനങ്ങളും ഒപ്പം നിൽക്കണമെന്നും എന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂവെന്നും കോടതി പറഞ്ഞു.
വെള്ളക്കെട്ട് കാരണം മാറ്റി പാർപ്പിച്ച ആളുകൾക്ക് അവരുടെ പുതിയ ഫ്ലാറ്റിലും ചോർച്ചയുണ്ടായത് നിർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. തോടുകൾ നവീകരിക്കാത്തതിനാലാണ് ഇടപ്പള്ളി റോഡിൽ വെള്ളക്കെട്ടുണ്ടായത്. ഇത് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിനോട് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കോടതി നിർദേശിച്ചു.
Discussion about this post