ടെല്‍അവീവ്: വിനോദ സഞ്ചാരത്തിനായി മാലദ്വീപിനെ ഒഴിവാക്കി ഭാരതത്തിലെ ബീച്ചുകളിലേക്ക് പോകാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ പൗരന്മാര്‍ക്ക് മാലദ്വീപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഭാരതത്തിലെ ഇസ്രായേല്‍ എംബസിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
മാലദ്വീപ് ഇപ്പോള്‍ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. എന്നാല്‍ ഭാരതത്തില്‍ ഇസ്രായേലി വിനോദസഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന നിരവധി മനോഹരമായ ബീച്ചുകളുണ്ട്, ഇസ്രായേല്‍ എംബസി എക്‌സില്‍ കുറിച്ചു. ലക്ഷദ്വീപ്, ഗോവ, കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ബീച്ചുകളുടെ ചിത്രങ്ങളും എംബസി പങ്കുവച്ചു.
മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പ് തന്നെ വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചാണ്. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം സഞ്ചാരികളാണ് ഈ ദ്വീപ് രാഷ്‌ട്രത്തില്‍ എത്തിയിരുന്നത്. ഇതില്‍ 15,000 ലധികം പേര്‍ ഇസ്രായേലില്‍ നിന്നുള്ളവരാണ്. ഭാരതത്തിന് പിന്നാലെ ഇസ്രായേലും നിലപാട് കടുപ്പിച്ചതോടെ മാലദ്വീപിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുകയാണ്.
ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള പരാമര്‍ശവുമായി മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായി. ഇതിന്റെ ഭാഗമായി ഭാരതത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ മാലദ്വീപ് സന്ദര്‍ശനം ബഹിഷ്‌കരിച്ചു. ട്രാവല്‍ ഏജന്‍സിയായ ഈസ് മൈ ട്രിപ് ഭാരതത്തില്‍ നിന്ന് മാലദ്വീപിലേക്കുള്ള യാത്രാ ബുക്കിങ്ങുകളും നിര്‍ത്തിവച്ചു. ഇത് വന്‍തോതില്‍ മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയുണ്ടായി.
Discussion about this post