തിരുവനന്തപുരം: ലോകം അഭിമുഖീകരിക്കുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിനായത്തിന്റേതാണെന്ന് മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.കെ.എ.നായര്‍. സുഗതകുമാരി നവതി ആഘോഷ സമിതിയും പട്ടം എസ്‌യുടി ആശുപത്രിയും ചേര്‍ന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആശുപത്രി വളപ്പില്‍ തയ്യാറാക്കുന്ന സുഗത നക്ഷത്ര ഉദ്യാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം ഏതെങ്കിലുമൊരു ഭാഗത്തുമാത്രം ഉണ്ടാകുന്നതല്ല. ആഗോള പ്രശ്‌നമാണ്. എന്നാല്‍ നമ്മുടെ വീട്ടുവളപ്പില്‍പോലും മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാലാവസ്ഥാ വ്യതിയാന ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സുഗതകുമാരിക്ക് ഏറ്റവും പ്രിയമുള്ള പരിസ്ഥിതി പരിപാലനത്തില്‍ യുവതലമുറയ്‌ക്ക് കൂടുതല്‍ അവബോധം നല്‍കണമെന്നും നമുക്ക് ലോകപരിസ്ഥിതി ദിനത്തില്‍ ഇതിനായി അണിചേരുന്നതില്‍ സന്തോഷമുണ്ടെന്നും ടി.കെ.എ.നായര്‍ പറഞ്ഞു.
തുടര്‍ന്ന് 27 നക്ഷത്രവൃക്ഷങ്ങളും നട്ട് ഉദ്യാനത്തിന് സുഗതനക്ഷത്രോദ്യാനമെന്ന് നാമകരണവും ചെയ്തു. സുഗതകുമാരി എഴുതിയ ‘ഒരു തൈ നടാം നാടിന്നു വേണ്ടി’ എന്ന കവിത ആലപിച്ചു കൊണ്ടാണ് 27 നക്ഷത്ര വൃക്ഷങ്ങള്‍ നട്ടത്.
എസ്‌യുടി ആശുപത്രി സിഇഒ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ചു. സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി സുഗതകുമാരിയുടെ ഓര്‍മകള്‍ പങ്കുവെച്ചു. ലോക പരിസ്ഥിതി ദിനത്തില്‍ സുഗതകുമാരിയുടെ കവതികള്‍ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ സ്വാഗതവും സുഗതവനം പദ്ധിതിയെകുറിച്ചുള്ള വിവരണം നടത്തി.
ചടങ്ങില്‍ ഡോ.ജി.ശങ്കര്‍, ഡോ.എം.ആര്‍. തമ്പാന്‍, സിംഫണി കൃഷ്ണകുമാര്‍, രഞ്ജിത് കാര്‍ത്തികേയന്‍, ഉദയകുമാര്‍, തമ്പി എസ്. ദുര്‍ഗദത്ത്, പങ്കജാക്ഷന്‍, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ.എം.എന്‍.സി. ബോസ്, ഇഞ്ചക്കാട് ബാലചന്ദ്രന്‍, എം.ഗോപാല്‍, ഡോ വി രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post