നാഗ്പൂരിലെ രേശിംഭാഗില്‍ ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പരിപാടിയില്‍ സംസാരിക്കവേ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് ശകാരിച്ചുവെന്നാണ് അന്നത്തെ അന്നത്തിന് വേണ്ടി വിവാദം വിറ്റ് ജീവിക്കുന്ന കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ എഴുതിയും പറഞ്ഞും അര്‍മാദിക്കുന്നത്. മോദിക്ക് അഹങ്കാരമുണ്ട്, അത് കുറയ്‌ക്കണം. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതില്‍ സര്‍ക്കാരിന്‍ വീഴ്ചയുണ്ടായി തുടങ്ങി പലതും സര്‍സംഘചാലക് ആ പ്രസംഗത്തില്‍ പറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ അവര്‍ പടച്ചെടുക്കുന്ന പച്ചക്കള്ളങ്ങള്‍. അതിനൊപ്പം ചേര്‍ത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ ആര്‍എസ്എസ് നടത്തിയ പരിശ്രമങ്ങള്‍, യോഗിയെയും മോദിയെയും ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി പറഞ്ഞിട്ടും മതിയാകാതെ എഴുന്നള്ളിക്കുന്ന ആഖ്യാനങ്ങള്‍ വേറെയും.
ധര്‍മ്മരക്ഷയ്‌ക്ക് വേണ്ടി ഇഞ്ചിഞ്ചായി മരിക്കുമ്പോഴും പുഞ്ചിരി തൂകിയ ഗുരു അര്‍ജുന്‍ ദേവിനെ, ഹാല്‍ദിഘാട്ടിനെ സ്വന്തം ചോരയില്‍ ചുവപ്പിച്ച റാണാ പ്രതാപനെ, ബ്രിട്ടീഷ് ആധിപത്യത്തെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച വീര ബിര്‍സയെ അനുസ്മരിച്ചാണ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം ആരംഭിച്ചത്. സന്ത് കബിര്‍ദാസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം സേവനത്തിന്റെയും സേവകന്റെയും മഹത്വത്തെക്കുറിച്ച്, ലക്ഷണത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു. അഹന്തയില്ലാതെ, താനാണ് ചെയ്യുന്നതെന്ന ഭാവമില്ലാതെ, കുശലതയോടെ, മറ്റുള്ളവര്‍ക്ക് ദോഷമില്ലാതെ, എല്ലാ കാര്യങ്ങളും അതിന്റെ മര്യാദകള്‍ പാലിച്ച് ചെയ്യണം. അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ സേവകരെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംഘപ്രവര്‍ത്തകരുടെ പങ്കാളിത്തത്തെക്കുറിച്ച് പറയുന്നതിനിടയിലാണ് അദ്ദേഹം സന്ത് കബീറിനെ ഉദ്ധരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റു. അത് സംബന്ധിച്ചുള്ള കര്‍ത്തവ്യം പൂര്‍ണമായി. ജനങ്ങള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. അത് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു. അതിനപ്പുറമുള്ള ചര്‍ച്ചകള്‍ നമ്മുടെ പ്രവര്‍ത്തനമല്ല, മോഹന്‍ ഭാഗവത് വ്യക്തമാക്കി.
അതിനപ്പുറം ചിലത് കൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചു. ഒരു കാരണവുമില്ലാതെ ആര്‍എസ്എസിനെ പോലും അതിലേക്ക് വലിച്ചിഴച്ചു. ദുഷ്ടന്മാര്‍ക്ക്, കുബുദ്ധികള്‍ക്ക് വിദ്യ വിവാദത്തിനുള്ളതാണ്, പണം അഹങ്കരിക്കാനാണ്, ബലം മറ്റുള്ളവരെ ഉപദ്രവിക്കാനാണ്…. ഇപ്പറഞ്ഞതൊക്കെ മനസിലാക്കേണ്ടവരുടെ കൂട്ടത്തിലാണ് കഴിഞ്ഞ ഒരു രാത്രിയും പകലും ആര്‍എസ്എസിനെ ചാരി മോദിയെ പഠിപ്പിക്കാനിറങ്ങിയ മാധ്യമങ്ങളെന്ന് അവരെങ്കിലും ഓര്‍ക്കേണ്ടതാണ്.
പാര്‍ലമെന്റിനുള്ളില്‍ പരസ്പരം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ നടപ്പാക്കലാണ് വേണ്ടതെന്ന സര്‍സംഘചാലകന്റെ വാക്കുകളാണ് മോദിക്കെതിരായ മോഹന്‍ ഭാഗവതിന്റെ ശകാരമെന്ന് വ്യാഖ്യാനിച്ചതില്‍ മറ്റൊന്ന്. മാധ്യമങ്ങള്‍ വിളമ്പിയ ആ ‘ശകാരവാക്കുകള്‍’ ഇങ്ങനെയാണ്, ‘സംഘമന്ത്രത്തില്‍ ‘സമാനോ മന്ത്രഃ സമിതിസ്സമാനീ സമാനം മനസ്സഹ ചിത്തമേഷാം’ എന്ന് പറയുന്നുണ്ട്. വിനോബാജി ഇതിന് മറ്റൊരു ടിപ്പണി നല്കിയിട്ടുണ്ട്. വാക്കും പെരുമാറ്റവും മന്ത്രവുമൊക്കെ സമാനമായാലും ചിത്തം സമാനമാവില്ല. ഓരോരുത്തരുടെയും ചിത്തം വേറെ വേറെയാണ് പ്രവര്‍ത്തിക്കുക. അത്തരം ചിത്തങ്ങളില്‍ സമാനതയുണ്ടാക്കാന്‍ പരിശ്രമം വേണം. നൂറ് ശതമാനം സമ്മതിദാനം ഒരാള്‍ക്ക് ലഭിക്കില്ല. സഭയില്‍ രണ്ട് പക്ഷം സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് മത്‌സരം യുദ്ധമല്ല. ലഭിച്ച ‘സഹമതിയെ ബഹുമതിയാക്കലാണ്’ വേണ്ടത്. ശത്രുവെന്നതല്ല, പ്രതിപക്ഷമെന്ന ഭാവമാണ് വേണ്ടത്. പരസ്പരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് പരിഹാരമുണ്ടാകുന്നത്, പൂര്‍ണതയുണ്ടാകുന്നത്. തെഞ്ഞെടുപ്പ് കഴിഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നു. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തി. പോയ പത്ത് വര്‍ഷം ധാരാളം നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഭാരതം സാമ്പത്തിക ശക്തിയായി വളര്‍ന്നു, ജനങ്ങളില്‍ ഐക്യഭാവം ഉണ്ടായി, ലോകത്തിന് മുന്നില്‍ രാഷ്‌ട്രത്തിന്റെ യശസ്സുയര്‍ന്നു, കലയില്‍, കായികമേഖലയില്‍, സാംസ്‌കാരിക രംഗത്ത് ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലൊക്കെ നമ്മള്‍ വലിയ മുന്നേറ്റം നടത്തി. എന്നാല്‍ ഇതിന്റെ അര്‍ത്ഥം വെല്ലുവിളികള്‍ അവസാനിച്ചുവെന്നല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്തെ ആവേശങ്ങളില്‍ നിന്ന് മുക്തരായി മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം…
മണിപ്പൂരിലെ അശാന്തി അവസാനിപ്പിക്കുന്നതിന് പ്രഥമ പരിഗണന വേണമെന്ന സര്‍സംഘചാലകന്റെ നിര്‍ദേശമാണ് പ്രധാനമന്ത്രി മോദിക്കെതിരായ കടുത്ത വിമര്‍ശനമായി മാധ്യമപണ്ഡിതര്‍ ഗവേഷണം നടത്തി കണ്ടെത്തിയത്. വികസനത്തിന്റെ കാഴ്ചപ്പാടുകള്‍ ഭാരതീയമാകണമെന്നും അശാന്തിയുടെ അന്തരീക്ഷത്തില്‍ വികസനം പൂര്‍ണമാകില്ലെന്നും ചൂണ്ടിക്കാട്ടുമ്പോഴാണ് അദ്ദേഹം മണിപ്പൂര്‍ പരാമര്‍ശിച്ചത്. ഒരു വര്‍ഷമായി മണിപ്പൂരില്‍ അശാന്തി നിലനില്‍ക്കുകയാണ്. പത്ത് വര്‍ഷമായി അവിടെ സമാധാനാന്തരീക്ഷമായിരുന്നു. പഴയ തോക്ക് സംസ്‌കാരം പൂര്‍ണമായി അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ പൊടുന്നനെ അവിടെ അക്രമങ്ങള്‍ ഉണ്ടാകുന്നു. വിദ്വേഷപ്രചാരണത്തിലൂടെ അത് ആളിക്കത്തിക്കുന്നു. ഇക്കാര്യം മുന്‍ഗണന നല്കി പരിഗണിക്കണമെന്നും പരിഹരിക്കണമെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഇതാണ് പേരുകേട്ട മാധ്യമ പ്രമാണികള്‍ മോദി സര്‍ക്കാരിനെതിരാണെന്ന് വ്യാഖ്യാനിച്ചത്. മണിപ്പൂരില്‍ കലാപം നടത്തിയതത്രയും ആര്‍എസ്എസാണെന്ന് കഴിഞ്ഞ ഒരു വര്‍ഷം പ്രചരിപ്പിച്ച അതേ മാധ്യമങ്ങളാണ് ഇപ്പോള്‍ തട്ട് മാറ്റിക്കളിക്കുന്നത്. ഇവരെ സമ്മതിക്കാതെന്ത് ചെയ്യും.
പരിശീലനം പൂര്‍ത്തിയാക്കിയ സംഘകാര്യകര്‍ത്താക്കളെ അഭിവാദ്യം ചെയ്യുമ്പോള്‍ അവരെ മുന്‍നിര്‍ത്തി സമാജത്തിന്റെയാകെ നന്മയ്‌ക്കുവേണ്ടിയുള്ള ആശയങ്ങളാണ് സര്‍സംഘചാലകന്റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം. നമ്മളൊറ്റക്കെട്ടായി പരിഹാരം കാണേണ്ട വെല്ലുവിളികളെക്കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്, കുടുംബങ്ങളിലൂടെ മൂല്യമുള്ള തലമുറ വളരേണ്ടതിനെക്കുറിച്ച്, എല്ലാ ഭിന്നതകളും ഇല്ലാതാകേണ്ടതിനെക്കുറിച്ച്, സ്വാശ്രയശീലം വളരേണ്ടതിനെക്കുറിച്ച്, ഓരോ പൗരനും നിര്‍വഹിക്കേണ്ട കടമകളെക്കുറിച്ചൊക്കെ മുപ്പത്തേഴ് മിനിട്ടുള്ള ആ പ്രഭാഷണത്തില്‍ അദ്ദേഹം പ്രതിപാദിച്ചു. ഉഷ്ണതരംഗം സൃഷ്ടിച്ച കെടുതികളും മഹാനഗരങ്ങളിലെ ജലക്ഷാമവും പരാമര്‍ശിച്ചു. പ്രകൃതിയെ മിത്രമാക്കിയ, നന്ദിപൂര്‍വം പര്‍വതങ്ങളെയും നദികളെയും മലനിരകളെയും സമീപിച്ച ഭാരതീയ കാഴ്ചപ്പാടുകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. വികസനത്തിന്റെ മാനദണ്ഡം ഭാരതീയമാകണമെന്ന് പറഞ്ഞു. ജാതിയുടെ പേരില്‍ ഇപ്പോഴും തുടരുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അസ്പൃശ്യത അവസാനിക്കണം. അമ്പലം, വെള്ളം, ശ്മശാനം തുടങ്ങി എല്ലാം എല്ലാവര്‍ക്കും ഉള്ളതാണ്. പള്ളിക്കൂടങ്ങളില്‍ തോക്കുമായി പോകുന്ന കൗമാരങ്ങള്‍ വളരുന്നു. കുടുംബങ്ങളില്‍ നിന്ന് മൂല്യബോധം തലമുറകളിലേക്ക് പകരണം. എല്ലാ മാറ്റങ്ങളും അവനവനില്‍നിന്ന് തുടങ്ങണം. ഇതൊന്നും സര്‍ക്കാരുകള്‍ക്ക് മാത്രം സാധിക്കുന്നതല്ല. സമാജത്തില്‍ മാറ്റമുണ്ടാകണം. അതിലൂടെയല്ലാതെ വ്യവസ്ഥിതി മാറില്ല. മാറ്റത്തിന് സമാജം സജ്ജമാകണം. സമാജപരിവര്‍ത്തനത്തിന് മുന്നോടിയായി ആദ്ധ്യാത്മിക ഉണര്‍വുണ്ടാകുമെന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞു. ശിവാജി മഹാരാജിന്റെ മുന്നേറ്റത്തിന് മുമ്പ് ആചാര്യന്മാര്‍ എല്ലാ സമ്പ്രദായങ്ങളുടെയും ഭിന്നതകള്‍ നീക്കി ഏകതയുടെ അവബോധം സമാജത്തിലുണ്ടാക്കി. ഭാരതത്തിന്റെ പാരമ്പര്യം ഏകതയുടേതാണ്. ഭിന്നതയുടേതല്ല. അസ്പ്യശ്യതയെ ന്യായീകരിക്കുന്ന ഒന്നും നമ്മുടെ ശാസ്ത്രങ്ങളിലില്ല. ഏതെങ്കിലും കാലഘട്ടത്തിലെ തെറ്റുകളെ മുറുകെപ്പിടിക്കേണ്ടതില്ല. നല്ലതിനെ സ്വീകരിച്ച്, അല്ലാത്തതിനെ തിരസ്‌കരിക്കണം. സഹോദരഭാവം വളരണം. പരസ്പരം വിശ്വാസങ്ങളെ ബഹുമാനിക്കണം. എല്ലാവരും ഈ രാഷ്‌ട്രത്തിന്റെ പുത്രന്മാരാണെന്ന ഭാവം ഉയരണം….. അങ്ങനെയങ്ങനെ, ഈ നാടിന്റെ സമുന്നതിക്കായി എല്ലാ ഭേദവും മറന്ന് നമ്മളോരോരുത്തരും ചെയ്യേണ്ടത് അദ്ദേഹം കുറഞ്ഞ സമയം കൊണ്ട് ഒന്നൊന്നായി പറഞ്ഞു.
എന്നാല്‍ കുത്തിത്തിരിപ്പും കുനിഷ്ടും കുതന്ത്രവും പ്രാണവായുവാക്കിയ ഒരു കൂട്ടര്‍ക്ക് ഇതൊന്നും കേള്‍ക്കാനുള്ള കാതില്ല. ഒരു തെരഞ്ഞെടുപ്പുകാലമത്രയും ജാതിയും വിഘടനവാദവും ഊതിപ്പെരുപ്പിച്ച രാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ പണിയെടുത്തതിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലെന്ന് ചുരുക്കം.
Discussion about this post