ശ്രീമന്‍ നാരായണന്‍
കല്ലില്‍നിന്ന് ഓലയിലേക്കും പിന്നെ കടലാസിലേക്കും തീര്‍ത്ഥാടനം ചെയ്ത് ഇപ്പോള്‍ ‘ ഇ’ ലോകത്തെ ശ്രീലകത്തെത്തിയിരിക്കുകയാണ് അക്ഷര പുണ്യം. ‘അക്ഷരം പുണ്യമാണ്, ബ്രഹ്മമാണ്, ഈശ്വരനാണ്, അറിവാണ്, അക്ഷരങ്ങളെയാണ് പൂജിക്കേണ്ടത്’- ഇങ്ങനെയെല്ലാമാണ് ധര്‍മ്മ ശാസ്ത്രങ്ങള്‍ പറഞ്ഞു തരുന്നത്. അക്ഷരങ്ങളെ കൂട്ടിവായിക്കുന്നതാണല്ലോ വായന. പല അക്ഷരങ്ങള്‍ കൂടുമ്പോള്‍ ഒരു വാക്കായി. വാക്ക് അര്‍ത്ഥസൂചകമായി. അര്‍ത്ഥസൂചകങ്ങള്‍ ആശയമായി. ആശയം അറിവായി. അറിവ് വെളിച്ചമായി. അറിവിന്റെ വെളിച്ചത്തില്‍ ചിന്തകളുണരുന്നു. ചിന്തകളില്‍നിന്ന് പുതിയ ദര്‍ശനങ്ങള്‍ ഉദയം ചെയ്യുന്നു. ആ ദര്‍ശനങ്ങള്‍ സമൂഹത്തെ പുതുക്കിപ്പണിയുന്നു. സമഷ്ടി ദു:ഖങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അസന്തുലിത നീതികള്‍ക്കും പരിഹാരമായി പുതിയ മാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ചുരുക്കത്തില്‍ ചിന്തകള്‍ക്ക് തീ പകരുന്നതാണ് വായന. സമൂഹത്തിന് വഴികാട്ടിയ മഹത് ഗ്രന്ഥങ്ങളാണ് ഭഗവദ് ഗീതയും ഖുറാനും ബൈബിളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഗ്രീക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീസിയും മറ്റും.
‘വായിച്ചാല്‍ വളരും,
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലേല്‍
വളയും’ എന്ന് കുഞ്ഞുണ്ണിമാഷ്.
വായിച്ചില്ലേലും ശരീരം വളരും. മനസ്സും മസ്തിഷ്‌കവും വളരണമെങ്കില്‍ വായിച്ചേ തീരു എന്നാണ് മാഷ് പറഞ്ഞത്. ‘വായിക്കാത്തവനെ വിശ്വസിക്കരുത്’എന്നാണ് ഗ്രീക്ക് പഴമൊഴി. ഒരു പുസ്തകമെങ്കിലും കൈയ്യിലില്ലാത്തയാളെ ഒരിക്കലും വിശ്വസിക്കരുതെന്ന് ലെമനിസ്‌നിക്കറ്റ് ഉപദേശിക്കുന്നു. ഇങ്ങനെയെല്ലാം പറയുന്നതിന്റെ പൊരുളെന്താണ്? വായനയുടെ വിസ്മയകരമായ പ്രതിപ്രവര്‍ത്തനങ്ങളേയും മഹത്തായ ഗുണങ്ങളേയും മനസിലാക്കി തരികയാണ് ഭൂമിയില്‍ പിറന്നു ജീവിച്ച അവതാരപുരുഷന്മാര്‍.
വായിച്ചാല്‍ വളരും. വായിക്കേണ്ടതു വായിച്ചാലേ വളരൂ. അല്ലെങ്കില്‍ വളയും. വായിക്കേണ്ടതു പോലെ വായിച്ചാലേ വിളയൂ. അല്ലെങ്കില്‍ വിളറും. വായന അദൃശ്യനായ ഗുരുവിനെപ്പോലെ കൂടെനിന്ന് മനസ്സിനേയും സ്വഭാവത്തേയും പരിവര്‍ത്തനം ചെയ്യുന്നു, ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടേയിരിക്കുന്നു. ധര്‍മ്മബോധമുള്ള സ്വഭാവ രൂപീകരണത്തിനും മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിനും വായന കൂടിയേ തീരു. വായനയിലൂടെ പുതിയ അറിവുകള്‍ സ്വീകരിക്കാനാവുന്നു. അത്ഭുത കാഴ്ചകളിലേക്ക് ഉള്‍ക്കണ്ണു തുറക്കുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ സത്യം ആവുംവിധം ഗ്രഹിക്കാന്‍ സാധിക്കുന്നതിലൂടെ ജീവിതവ്യവഹാരങ്ങളുടെ ലക്ഷ്യവും പൊരുളും മൗനത്തിന്റെ വാത്മീകത്തില്‍ തെളിയുന്നു. ‘വായിക്കുന്നവന്‍ ആയിരം ജീവിതം ജീവിക്കുന്നു. വായിക്കാത്തവന്‍ ഒരു ജീവിതം മാത്രം ജീവിക്കുന്നു’ എന്ന ജോജന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
നന്നായി വായിക്കുന്ന വിദ്യാര്‍ത്ഥിയും ഒന്നും വായിക്കാത്ത വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? നന്നായി വായിക്കുന്നവന്റെ മുഖത്തെ വിനയവും ഗാംഭീര്യവും നയവും വായിക്കാത്തവനില്‍ കാണില്ല. വായിക്കുന്നവന് ഒരുപാട് കണ്ണുകളുണ്ട്, അവന്‍ ഒരുപാട് കാഴ്ചകള്‍ കാണുന്നു. ആ കാഴ്ചകളില്‍ തെറ്റും ശരിയും വേര്‍തിരിയുന്നു. ശ്രേയസിന്റെ പാതയില്‍ വെളിച്ചത്തില്‍ നടക്കാന്‍ കഴിയുന്നു. വായനകൊണ്ട് ലഭിക്കുന്ന മഹത്തായ ഗുണങ്ങള്‍ക്കും ഉണ്ടാകാവുന്ന ക്രിയാത്മകമായ മാറ്റങ്ങള്‍ക്കും കണക്കില്ല. വിദ്യാര്‍ത്ഥികള്‍ വായന ശീലമാക്കണം. മനസ്സുകൊണ്ട് പ്രണമിച്ച് വിശ്വസാഹിത്യകൃതികളിലൂടെ തീര്‍ത്ഥാടനം നടത്തണം. വായന അക്ഷരക്കാഴ്ചകളല്ല, അറിവുണര്‍ത്തുന്ന ഒരു വിനോദ യാത്രയാണ്. വായന മാനവികമായ മുഖം നല്‍കുന്നു. സമസൃഷ്ടികളോട് സ്‌നേഹവും കരുണയും ജനിപ്പിച്ച് വിധേയത്തം പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ സാര്‍വ്വലൗകികമായ ഒരു മാനസികാവസ്ഥ രൂപപ്പെടുന്നു.
‘വായിക്കുന്നവന് പ്രകൃതി ബോധമുണ്ട്. അവന്‍ പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയേയും അറിയുന്നു’- ടോള്‍സ്റ്റോയി. വളരെ വായിക്കുന്നവന്‍ വളരെ അറിയുന്നു. വിശാലമായലോകത്ത് വിശാലമായ കാഴ്ചപ്പാടില്‍ ജീവിക്കുന്നു. അവന്‍ പ്രകൃതിയുടെ സ്പന്ദനങ്ങള്‍ ഗ്രഹിക്കുന്നു. പറമ്പും പാടവും, കുന്നും മലയും, പുഴയും തോടും, കിണറും കുളവും, കാടും കാവും ഏതെല്ലാം വിധത്തില്‍ ജീവജാലങ്ങളെ രക്ഷിക്കുന്നു, പോറ്റുന്നു എന്നവന്‍ മനസ്സിലാക്കുന്നു. പ്രകൃതിയിലെ എല്ലാ വിഭൂതികളും വിസ്മയക്കാഴ്ചകളാണവന്. ഒരിലയെപ്പോലും മനസ്സില്‍ തൊഴുകയാണവന്‍, ജീവന്റെ തുടിപ്പും വ്യാപനവും അതിലവന്‍ ദര്‍ശിക്കുന്നു. ഒരു ഉറുമ്പും ഒരു പുഴുവും ഈ പ്രകൃതിയില്‍ തന്റെ ഉണ്മക്കു സമമായി അവന്‍ കാണുന്നു. വായിക്കുന്നവനാണ് നേതൃസ്ഥാനങ്ങള്‍ക്ക് അര്‍ഹന്‍. അങ്ങനെയുള്ളവരെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കാരണം അവന്‍ വയല്‍ നികത്തുകയോ കുന്നിടിക്കുകയോ ചെയ്യില്ല, ജീവസമൂഹത്തെ കൊല്ലാക്കൊല ചെയ്യില്ല. ചുരുക്കത്തില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും അപചയങ്ങള്‍ക്കുള്ള ഒരു സിദ്ധൗഷധമാണ് വായന. വായനയ്‌ക്ക് പൂവിന്റെ സുഗന്ധമാണ്. അതിന് തേനിന്റെ മധുരമാണ്. അത് സ്വര്‍ഗ്ഗീയ സംഗീതമാണ്. വായന ജീവന്റെ സ്പന്ദനമാണ്. ആത്മനിര്‍വൃതിയാണ്. വായിച്ച് വളരണം. വായിച്ചുവളര്‍ന്നവരെ വായിക്കണം.
അക്ഷരങ്ങളെ ദര്‍ശിക്കുമ്പോള്‍ വായനയെ പരാമര്‍ശിക്കുമ്പോള്‍ നാം ഹൃദയം കൊണ്ട് നമസ്‌കരിക്കേണ്ട പ്രാത:സ്മരണീയനാണ് ‘ഈ നൂറ്റാണ്ടില്‍ സരസ്വതീ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന് സുകുമാര്‍ അഴീക്കോട് അനുസ്മരിച്ച പി.എന്‍. പണിക്കര്‍. ചെറുപ്പകാലത്ത് വായനയെ ജീവനെ പോലെ സ്‌നേഹിച്ച പണിക്കര്‍ തന്റെ വീട്ടിലെ പത്രം അയല്‍പക്കത്തുള്ളവരെ വിളിച്ച് ഉറക്കെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. തന്റെ മഹാപ്രയത്‌നം കൊണ്ട് രൂപം കൊടുത്ത സനാതനധര്‍മ്മ വായനശാലയിലേക്ക് ഒരു പത്രം കൊണ്ടുവരാന്‍ ഒറ്റത്തോര്‍ത്തുടുത്ത് ആലപ്പുഴയില്‍ നിന്ന് കോട്ടയം വരെ നടന്നു പോയ ചരിത്രം വായനയോടുള്ള സ്‌നേഹത്തിന്റെ ചരിത്രമാണ്. സാക്ഷര കേരളത്തിന്റെ ശില്‍പ്പിയായ ആ കര്‍മ്മയോഗിയുടെ വേര്‍പാടു ദിനമായ ജൂണ്‍ 19, വായന എന്ന ജ്ഞാന യജ്ഞാചരണത്തിലൂടെ നമുക്ക് അവിസ്മരണീയമാക്കാം. പുത്തനറിവ് അകത്തുള്ള ‘പുത്തകം’ നമുക്കു കൈയിലെടുക്കാം. മഹാനായ ജര്‍മ്മന്‍ ചിന്തകന്‍ ബെര്‍തോള്‍ഡ് ബ്രഹ്ത് പ്രശസ്തമായ തന്റെ വരികളിലൂടെ ആഹ്വാനം ചെയ്യുകയാണ്:
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയ്യിലെടുത്തോളൂ’.
Discussion about this post