ഭോപാല്‍ (മധ്യപ്രദേശ്): ആര്‍എസ്എസിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ഉപദേശം. പ്രകടനവും പ്രക്ഷോഭവുമല്ല, മറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പോലെ ജനങ്ങളുടെ മനസ് നേടിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രകടനങ്ങള്‍ നടത്താറില്ല. അവര്‍ ഓരോ വീടുകളിലും എത്തും. ജനങ്ങളുമായി സംസാരിക്കും. ഓരോ വ്യക്തിയിലും ആര്‍എസ്എസിന്റെ ആശയങ്ങള്‍ എത്തിക്കും. അതൊരു നിശ്ശബ്ദമായ പ്രവര്‍ത്തനമാണ്, ദിഗ്വിജയ് സിങ് പറഞ്ഞു.
നീറ്റ് പരീക്ഷാ വിഷയത്തില്‍ പ്രതിഷേധിച്ച് ഭോപാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ല. വീടുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളോടും രക്ഷാകര്‍ത്താക്കളോടും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതിന് ആര്‍എസ്എസിനെ മാതൃകയാക്കണം, ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
നീറ്റ്, നെറ്റ് പരീക്ഷകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് റോഷന്‍പുര ചൗക്കില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ആര്‍എസ്എസുകാരുടെ ഈ രീതി നന്നായി മനസിലാക്കണമെന്നും അവരുടെ കെണിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും ദിഗ്വിജയ് സിങ് ഉപദേശിച്ചു. എനിക്ക് ആര്‍എസ്എസുകാരെ നന്നായി അറിയാം. അവരെന്റെ വീട്ടിലും വരും. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പുകഴ്ത്തു. ഞാന്‍ അവര്‍ക്ക് ചായ നല്കി യാത്ര അയയ്ക്കും. അല്ലാതെ അവരുടെ കെണിയില്‍ വീഴാറില്ല, ദിഗ്വിജയ് സിങ് പറഞ്ഞു.
ക്രമക്കേടുകളും നീറ്റ് പേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് കുട്ടികളെയാണ് ബാധിക്കുന്നു, ഇത് ദേശവിരുദ്ധ നടപടിയാണ്. അതുകൊണ്ടുതന്നെ ആര്‍എസ്എസും ബജ്രംഗ്ദളും ഈ വിഷയം ഉന്നയിക്കാന്‍ മുന്നോട്ടുവരണം, അദ്ദേഹം പറഞ്ഞു.
Discussion about this post