തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് കെഎസ്ആര്‍ടിസി എംഡിക്ക് നിവേദനം നല്‍കി. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ അടിസ്ഥാന വിഭാഗങ്ങളെ മാത്രം പരിശോധിച്ചാല്‍ പോരെന്ന് സംഘ് ചൂണ്ടിക്കാട്ടി.
പരിശോധനയില്‍ ചെറിയ അളവില്‍ റീഡിങ് ഉണ്ടായാല്‍ പോലും ജീവനക്കാരുടെ മേല്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ബ്രീത്ത് അനൈലസറുകള്‍ നിലവാരം കുറഞ്ഞവയും സാങ്കേതിക തകരാറുകള്‍ ഉള്ളവയുമാണെന്ന പരാതിയും വ്യാപകമാണ്. മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.
വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയിട്ടും ബ്രീത്ത് അനലൈസര്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post