തിരുവനന്തപുരം: ഭാരതം പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ 12-ാമത് ബിരുദദാനം നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
കഴിഞ്ഞ ഒരു വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നവയാണ്. ചന്ദ്രയാന്‍, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ സാധ്യമായത് ഐഎസ്ആര്‍ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയില്‍ നമ്മള്‍ അഭിമാനിക്കണം. ആഗോള രാജ്യങ്ങള്‍ ഭാരതത്തിന്റെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചുകഴിഞ്ഞു. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഭാരതം കുതിച്ചുയരുകയാണ്. ആ വളര്‍ച്ച യുവാക്കളാണ് നയിക്കുന്നത്. അത് 2047ല്‍ പാരമ്യത്തിലെത്തും. എന്നാല്‍ 2047നു മുമ്പ് നമ്മള്‍ വികസിത ഭാരതം ആകുമെന്ന് വിശ്വസിക്കുന്നു. മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം. യുവാക്കള്‍ക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്നും അവരുടെ താല്പര്യം, കഴിവ്, എന്നിവ വളര്‍ത്തിയെടുക്കാന്‍ ഭാരതത്തില്‍ സാധിക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ഐഎസ്ആര്‍ഒയിലടക്കം പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണ്. ഓരോ നിമിഷവും ലോകത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബിരുദം ഏറ്റുവാങ്ങിയ എല്ലാവര്‍ക്കും കഴിയണം. ലിഥിയം, സോഡിയം അടക്കമുള്ള മൂലകങ്ങളുടെ വരും സാധ്യതകളിലാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജന്‍ ഇന്ധനമാക്കി ഹരിത ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഭാരതം കര്‍മപദ്ധതി ആരംഭിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക്ക് ചെയിന്‍ മാനേജ്‌മെന്റടക്കമുള്ള നവീന വിഷയങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ഇവയുടെ എല്ലാം സാധ്യതകള്‍ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിവേഗം രൂപാന്തരം പ്രാപിക്കുന്ന ശാഖയെന്ന രീതിയില്‍ സ്‌പേസ് ടെക്‌നോളജിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും വിദ്യാര്‍ത്ഥി സമൂഹത്തിന് ബാധ്യതയുണ്ട്. പ്രസ്തുത മേഖലകളില്‍ ഗവേഷണ ഫലങ്ങള്‍ കോടിക്കണക്കിനു വരുന്ന ഭാരത ജനതയ്‌ക്ക് പ്രയോജനപ്പെടുംവിധം ഉപയോഗിക്കണമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. പരാജയങ്ങളില്‍ ഭയപ്പെടേണ്ടതില്ല. അത് വരും വിജയങ്ങളുടെ മുന്നോടിയായി കണ്ടാല്‍ മതി. ഐഐഎസ്ടി ബിരുദ ദാനം ഉപരാഷ്‌ട്രപതി നിര്‍വഹിച്ചു. ഉപരാഷ്‌ട്രപതിയുടെ പത്‌നി സുധേഷ് ധന്‍ഖര്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, ചാന്‍സലര്‍ ഡോ. ബി.എന്‍. സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ. വി. നാരായണന്‍, രജിസ്ട്രാര്‍ പ്രൊഫ. കുരുവിള ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പസില്‍ ഉപരാഷ്‌ട്രപതിയും പത്‌നിയും ചേര്‍ന്ന് വൃക്ഷത്തൈ നടുകയും ചെയ്തു.
Discussion about this post