ആര്‍.പ്രസന്നകുമാര്‍
ബാലഗോകുലം
സംസ്ഥാന അധ്യക്ഷന്‍
പുരാണപ്രസിദ്ധമായ പുണ്യവാഹിനിയാണ് പമ്പ. സീതാന്വേഷണത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍ പമ്പാ തീരത്താണ് സംഭവിച്ചത്. മണികണ്ഠ ബാലന്‍ അഖിലാണ്ഡ നായകനായി വളര്‍ന്നത് ഈ മനോഹര തീരത്താണ്. പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. മറവപ്പട തകര്‍ത്തെറിഞ്ഞ മഹാവിഷ്ണുക്ഷേത്രം രായ്‌ക്കുരാമാനം പടുത്തുയര്‍ത്തിയ പൂര്‍വിക വൈഭവത്തിന്റെ തീരം ഇവിടെയാണ്. ജലമേളകളുടെയും ഗജമേളകളുടെയും നാടാണിത്. ഐതിഹാസികമായ നിലയ്‌ക്കല്‍ പ്രക്ഷോഭവും അറന്മുള സമരവും ഇന്നുമീയോളങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ട്. നഷ്ടമൂല്യങ്ങള്‍ വീണ്ടെടുക്കാനും വീണ്ടെടുത്തവ സംരക്ഷിക്കാനുമുള്ള ഊര്‍ജ്ജപ്രവാഹമാണ് പമ്പ. ബാലഗോകുലം സുവര്‍ണ ജയന്തിയിലേക്കു പ്രവേശിക്കുമ്പോള്‍ അരങ്ങുണര്‍ത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇതേ പമ്പയുടെ തീരമാണെന്നത് ഈശ്വര നിശ്ചയമായിരിക്കാം.
1953ല്‍ കേസരി വാരികയുടെ താളുകളില്‍ കുട്ടികളുടെ ഒരു പംക്തി ആരംഭിക്കുമ്പോള്‍ അത് ലോകബാല്യത്തിന്റെ വൃന്ദാവനികയാവുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ക്രാന്തദര്‍ശിയായ പി.പരമേശ്വരനാണ് (പരമേശ്വര്‍ജി) ബാലഗോകുലം എന്ന പഞ്ചാക്ഷരത്താല്‍ ഈ പ്രസ്ഥാനത്തെ നാമകരണം ചെയ്തത്. ഇരുപതിലേറെ വര്‍ഷങ്ങള്‍ നീണ്ട കേസരിയിലെ ഗര്‍ഭകാലം പിന്നിട്ട് ബാലഗോകുലം മണ്ണിലവതരിച്ചത് 1974ലാണ്. അന്ന് കേസരിയുടെ പത്രാധിപരായിരുന്ന എം.എ. കൃഷ്ണന്‍ എന്ന എംഎ സാറാണ് ആ ദിവ്യാവതാരത്തിനു നിമിത്തമായത്. അദ്ദേഹം ഗോപിച്ചേട്ടന്‍ എന്ന പേരില്‍ കേരളത്തിലെ കുട്ടികള്‍ക്കെഴുതിയ തുറന്ന കത്താണ് അതിന് നിമിത്തം. 1975 ല്‍ ജനാധിപത്യത്തിന്റെ ഇരുണ്ടനാളുകളില്‍, നാട് തടവറയായിരുന്ന കാലത്താണ് കാരാഗൃഹത്തില്‍ നിന്ന് കണ്ണനെന്നോണം കുട്ടികളുടെ ഈ പ്രസ്ഥാനം ഔദ്യോഗികരൂപം പ്രാപിച്ചത്. ചുറ്റമ്പലത്തില്‍ നെയ് വിളക്കുകള്‍ തെളിയുംപോലെ വളരെ വേഗത്തില്‍ നാടെങ്ങും ഗോകുലയൂണിറ്റുകള്‍ മിഴിതുറന്നു. സുഗതകുമാരി ടീച്ചറും മഹാകവി അക്കിത്തവും കവി കുഞ്ഞുണ്ണിമാഷും തെക്കും വടക്കും നടുക്കും തുണയായി നിന്നു. കക്കാടും കൈതപ്രവും പ്രാര്‍ത്ഥനയും പതാക ഗാനവുമെഴുതി. കേരളമെമ്പാടും ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കപ്പെട്ടു. കൃഷ്ണ ഗോപികാ വേഷം ധരിച്ച കുട്ടികള്‍, ഭജന പാടുന്ന ചെറുപ്പക്കാര്‍, വര്‍ണാഭമായ കാഴ്ചത്തേരുകള്‍… അഭൂതപൂര്‍വമായ ആ വിസ്മയം നുകര്‍ന്ന് കേരളഭൂമി യശോദയെപ്പോലെ നിര്‍വൃതികൊണ്ടു. അങ്ങനെ കുട്ടികളുടെ ഈ സംഘടന നാടിന്റെ സുകൃതമായി വളര്‍ന്നുവന്നു.
ഇന്ന് അമ്പതാം പിറന്നാളിലേക്കു പ്രവേശിക്കുന്ന ബാലഗോകുലം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മലയാളികള്‍ ചെന്നെത്തിയേടമെല്ലാം ബാലഗോകുലത്തിനു പുതിയ ശാഖകളുണ്ടായി. ഇക്കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് സര്‍ക്കാരിന്റെ ചന്ദ്രശേഖര്‍ ആസാദ് പുരസ്‌കാരം ബാലഗോകുലത്തിനു ലഭിച്ചു. അതിരുകള്‍ ഭേദിച്ച് ബാലഗോകുലം വളരുകയാണ്. മയില്‍പ്പീലി ബാലമാസിക ഏറ്റവുമധികം വായിക്കപ്പെടുന്ന ബാലപ്രസിദ്ധീകരണമാണിന്ന്. ബാലസാഹിതീ പ്രകാശന്റെ പുസ്തകങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയങ്കരമാകുന്നു. ഇടപ്പള്ളി കേന്ദ്രമായ അമൃതഭാരതി വിദ്യാപീഠം സംസ്‌കാര പഠനത്തിനുള്ള അനൗപചാരിക സര്‍വകലാശാലയായി മാറുന്നു. എഴുത്തച്ഛന്റെ പേരിലുള്ള സര്‍വകലാശാലയില്‍ പോലും തുഞ്ചന്‍പ്രതിമ സ്ഥാപിക്കാന്‍ വിലക്കുണ്ടാവുന്ന കാലത്ത് ഭാഷാപിതാവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ച വിപ്ലവകരമായ പരിശ്രമം അമൃതഭാരതിയില്‍ നടന്നു. ബാലസംസ്‌കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊടകരയിലൊരുങ്ങുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം വലിയൊരു സ്വപ്‌നസാഫല്യമാണ്. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ലഹരി-സൈബര്‍ ചതിക്കുഴികളും വ്യാപകമാകുമ്പോള്‍ ഒരു സുരക്ഷിത വലയമായി ഇന്ന് സൗരക്ഷികയുടെ കരങ്ങളുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഉജ്ജ്വലപ്രതീകമായ പഞ്ചമിയുടെ സ്മരണയില്‍ ഈ വര്‍ഷം മുതല്‍ ജൂണ്‍ 16 പഞ്ചമി ദിനമായി ആചരിക്കാന്‍ സൗരക്ഷിക ആഹ്വാനം ചെയ്തു. ഇവയെല്ലാം ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനങ്ങളാണ്.
ബാലസമൂഹം ഇന്ന് ഒരു അന്തരാളഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാതൃഭാഷയും പ്രകൃതിയും സംസ്‌കാരവും ആദര്‍ശവും ജീവിതമൂല്യങ്ങളുമെല്ലാം ഭൗതിക കമ്പോളത്തിലെ വിലയില്ലാനാണയങ്ങളായിക്കഴിഞ്ഞു. ഞാനും എന്റേതും മാത്രമായി ലോകം ചുരുങ്ങി. ഭാഷയും പ്രകൃതവും മാറി. തഞ്ചം നോക്കി അവസരം മുതലാക്കുന്നവര്‍ മിടുക്കരാകുന്ന കാലം. ഉള്ളുപൊള്ളയായ അഭ്യസ്തവിദ്യരുടെ ലോകം. സാംസ്‌കാരിക സാക്ഷരത എന്ന ആശയം ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നു. കേരളത്തിന്റെ ആര്‍ഷ പാരമ്പര്യം അറിഞ്ഞു വളരാനുള്ള ഇടങ്ങള്‍ അനിവാര്യമായിരിക്കുന്നു. മാതൃഭാഷയുടെ ഈണവും താളവും തിരിച്ചറിയുന്ന ബാല്യം. നാട്ടുപച്ചയും നാട്ടുഭക്ഷണവും രുചിച്ചറിയുന്ന ശീലം. അരുതായ്മകളോട് അരുതെന്നു പറയാനുള്ള ഊര്‍ജ്ജം. ഇരുളും വെളിച്ചവും തിരിച്ചറിയാനുള്ള വിവേകം. ഇതെല്ലാമാണ് സാംസ്‌കാരിക സാക്ഷരതയുടെ ലക്ഷണങ്ങള്‍. അതിനാല്‍ അമ്പതാം വര്‍ഷം അയ്യായിരം ഗോകുലം എന്ന് ആവര്‍ത്തിച്ചുറപ്പിച്ചു കൊണ്ട് ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിനു വഴി തുറക്കുകയാണ്.
ഈ വരുന്ന ചിങ്ങം ഒന്നിന് കൊല്ലവര്‍ഷം പുതിയ നൂറ്റാണ്ടിലേക്കു പ്രവേശിക്കുമ്പോള്‍ ബാലഗോകുലവും അതിന്റെ സംഘടനാപഥത്തില്‍ പുതുയുഗം കുറിക്കുന്ന സുവര്‍ണരേഖയായി നാല്പത്തൊമ്പതാം വാര്‍ഷികസമ്മേളനം ചരിത്രത്തില്‍ അടയാളപ്പെടുമെന്ന് പ്രത്യാശിക്കാം.
Discussion about this post