ഒരു കർക്കടകപ്പെയ്ത്തിൽ കാലം രാമായണം ചൊല്ലുന്നതിനിടെ രാജഗോപാൽ സാർ മടങ്ങുന്നു.. മലയാളത്തിൻ്റെ തുളസീദാസൻ …….
തപസ്യയായിരുന്നു ജീവിതം. കവി, വിവർത്തകൻ ….. മത്താടിക്കൊള്‍കഭിമാനമേ എന്ന് ഓരോ കാഴ്ചയിലും പകർന്ന അനുഭൂതി… പ്രൊഫ. സി. ജി. രാജഗോപാൽ…. തപസ്യ രക്ഷാധികാരി, സംസ്കാർ ഭാരതി മുൻ ദേശീയ ഉപാധ്യക്ഷൻ, അമൃത ഭാരതി മുൻ കുലപതി.
ശ്രീരാമചരിതമാനസത്തിന്റെ ആഴത്തിലേക്ക് സന്ത് തുളസീദാസിന്റെ തപസ്സോടെ കടന്നുചെല്ലുകയായിരുന്നു രാജഗോപാല്‍ സാര്‍…. ദീര്‍ഘമായ തപസ്…. ആ തപസ്സിന്റെ വഴി പറഞ്ഞു തന്നു അദ്ദേഹം ഒരു ഓണക്കാലത്ത്… ജന്മഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച തുളസീദാസമാനസന്‍ രാജഗോപാല്‍ സാറിന്റെ മനസ്സാണ്…. അതില്‍ നിന്ന്…
മലയാളത്തിന്റെ തുളസീദാസനാകാനുള്ള നിയോഗം സി.ജി. രാജഗോപാലിനെ തേടിയെത്തുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. അന്‍പതാണ്ട് കഴിഞ്ഞ് പ്രായം എഴുപത്തെട്ട് പിന്നിടുമ്പോഴാണ് അത് പ്രാവര്‍ത്തികമാകുന്നതെങ്കിലും നിമിത്തമാകുന്നത് 1960ല്‍ തിരുവനന്തപുരത്തെ ഇന്റര്‍മീഡിയേറ്റ് കോളേജില്‍ ഹിന്ദി അധ്യാപകനായിരിക്കെ കൈവന്ന ഒരു അവസരമാണ്. സന്ത് തുളസീദാസിന്റെ ശ്രീരാമചരിതമാനസത്തെ അധികരിച്ച് ഹിന്ദി കവി ഗിരിജാകുമാര്‍ മാഥുര്‍ എഴുതിയ ഒരു ലേഖനം ആകാശവാണിക്ക് വേണ്ടി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണമായിരുന്നു. ഗദ്യവും പദ്യവും അടങ്ങിയതായിരുന്നു ആ ലേഖനം. പദ്യഭാഗം കേക, കാകളി വൃത്തങ്ങളിലാണ് രാജഗോപാല്‍ പരിഭാഷപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഒരു ക്ഷണം വന്നു. ആകാശവാണി നിലയത്തിലൊന്ന് എത്തിയാല്‍ കൊള്ളാം. ക്ഷണിച്ചത് കൈനിക്കര കുമാരപിള്ള. ഗവ. ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പാളായി വിരമിച്ചതിനുശേഷം അദ്ദേഹം ആകാശവാണിയില്‍ ഉപദേഷ്ടാവോ പ്രോഗ്രാം എക്‌സിക്യൂട്ടീവോ ആയി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്നില്‍ എത്തി. ” നിങ്ങളുടെ വിവര്‍ത്തനം ഇഷ്ടമായി. തുളസീദാസ രാമായണം മുഴുവനും നിങ്ങള്‍ വിവര്‍ത്തനം ചെയ്യണം. ”സര്‍… അത് ഒരു മഹാകവി തന്നെ വിവര്‍ത്തനം തുടങ്ങിക്കഴിഞ്ഞല്ലോ, അപ്പോള്‍പ്പിന്നെ….” രാജഗോപാല്‍ വിനയാന്വിതനായി.”നിങ്ങളാണിത് ചെയ്യേണ്ടത്” കൈനിക്കരയുടെ ശബ്ദം കര്‍ക്കശമായിരുന്നു. ആ ഒഴുക്കില്‍ ഇരുനൂറ് വരിയോളം തര്‍ജമ ചെയ്തു… വായിച്ച സുഹൃത്തുക്കള്‍ വിവര്‍ത്തനമാണെന്ന് തോന്നുകയേ ഇല്ല എന്ന് പുകഴ്ത്തി. എന്നാല്‍ തുളസീദാസരാമായണത്തിന്റെ വലിപ്പവും തനിക്ക് സ്വതസിദ്ധമായുണ്ടായിരുന്ന അലസതയും രാജഗോപാലിന് തടസ്സമായി. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തേക്കാള്‍ ഒന്നരമടങ്ങ് വലിപ്പമുള്ള ഈ ബൃഹത്ഗ്രന്ഥം വിവര്‍ത്തനം ചെയ്‌തെടുക്കാന്‍ എത്ര നാള്‍ വേണ്ടി വരുമെന്ന ചിന്ത ഉള്ളില്‍ പടര്‍ന്നതോടെ പേന മടക്കി. മറ്റൊരു വിവര്‍ത്തനം തയ്യാറായിക്കൊണ്ടിരിക്കെ ഇതിനായി ചെലവഴിക്കുന്ന സമയം വ്യര്‍ത്ഥമാകുമെന്ന ശങ്ക വേറെയും.
പിന്നെ എത്ര കാലം കഴിഞ്ഞു. അമ്പത് വര്‍ഷം പെയ്‌തൊഴിഞ്ഞു. കൈനിക്കര കുമാരപിള്ള കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 22 വര്‍ഷം പിന്നിട്ടു. എന്നിട്ടുമൊരുനാള്‍ പ്രൊഫ: സി.ജി. രാജഗോപാലിന് വീണ്ടും കൈനിക്കരയെ മുഖാമുഖം കാണേണ്ടിവന്നു.
2010ലാണത്. ഒരു രാത്രിയുടെ ത്രിയാമത്തില്‍ വീടിന്റെ വാതിലില്‍ മുട്ടുകേട്ടു. മുമ്പില്‍ കൈനിക്കര സാര്‍… സഗൗരവം ഒരു ചോദ്യം മാത്രം… ” അത് ചെയ്‌തോ?” ഭയന്നുപോയി… ”ഇല്ല”പിന്നെ ആജ്ഞയായിരുന്നു. ”എന്നാല്‍ അത് ചെയ്യണം” ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടു. സമയം 2.30. ആ രാത്രി ശരീരമാകെ ഉണര്‍ന്നു. പഴയ ഇരുപത്തെട്ടുകാരനിലേക്കുള്ള മടക്കയാത്ര അതിവേഗമായിരുന്നു. സിരകളില്‍ നവോന്മേഷപ്രവാഹം. ഇത് സരസ്വതീയാമം. ശ്രീരാമനും സരസ്വതീദേവിയും ഹനുമാന്‍സ്വാമിയും അനുഗ്രഹം ചൊരിയുന്നതായി ഒരു തോന്നല്‍… എഴുതാന്‍ തുടങ്ങി… പുലരുമ്പോള്‍ ജാതകമൊന്നു മറിച്ചുനോക്കി. ആയുസിന് പ്രായം എഴുപത്തൊമ്പതുവരെ മാത്രം… ശേഷം ചിന്ത്യം… മുന്നില്‍ മഹാസാഗരവും അതിനപ്പുറം ലങ്കയും…. എത്രനാള്‍…. സ്വന്തം സീതയെയും കൂട്ടി അടുത്ത പുലര്‍ച്ചെ മൂകാംബികയിലേക്ക്… അമ്മയ്ക്ക് മുന്നില്‍ സര്‍വം സമര്‍പ്പിച്ചു. ചെയ്യേണ്ടുന്ന ദൗത്യം അവിടേക്ക് കൈമാറി. ഈശ്വരിയുടെ കൈയിലെ എഴുത്തുകോലാണ് താനെന്ന് സ്വയം ആശ്വസിച്ചു….
അതൊരു വ്രതമായിരുന്നു…. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കും. കുളിച്ച് വിളക്ക് കൊളുത്തി തൊഴുത് എഴുത്തിനിരിക്കും. തുടര്‍ച്ചയായി നാല് മണിക്കൂര്‍. പിന്നെ ദിവസത്തിന്റെ ഇടവേളകളില്‍… ഒരുദിവസം പോലും മുടങ്ങാതെ….. കേകയിലും കാകളിയിലും തുളസീദാസന്‍ പെയ്തുകൊണ്ടേയിരുന്നു. 26152 വരികള്‍, 46 സംസ്‌കൃത ശ്ലോകങ്ങള്‍…. രണ്ടുവര്‍ഷവും ഏഴ് മാസവും എടുത്താണ് സാക്ഷാല്‍ തുളസീദാസന്‍ ശ്രീരാമചരിതമാനസം പൂര്‍ത്തിയാക്കിയത്. അഞ്ചരവര്‍ഷത്തെ തപസ്സിനൊടുവില്‍ സി.ജി. രാജഗോപാല്‍ വിവര്‍ത്തനവും പൂര്‍ത്തിയാക്കി. എഴുത്തിന്റെ ഒഴുക്കില്‍ ചിട്ടകള്‍ തെറ്റിയില്ല. വൃത്തബദ്ധമായി, ദ്വിതീയാക്ഷരപ്രാസഭംഗിയില്‍ അത് സ്വാഭാവികമായി ഒഴുകിക്കൊണ്ടേയിരുന്നു……..
സമ്പൂർണമായിരുന്നു രാജഗോപാൽ സാറിൻ്റെ കാവ്യജീവിതം. ഇതിഹാസം എന്ന് പറയാവുന്നത്. തുളസീദാസൻ്റെ മനസ് തേടിയ ആ മഹാ തപസിലുണ്ട് എല്ലാം …..
Discussion about this post