ധാക്ക : കലാപം രൂക്ഷമായ ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം . ഖുൽന ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന മെഹർപൂരിലെ ഇസ്‌കോൺ ക്ഷേത്രമാണ് കലാപകാരികൾ കത്തിച്ചത് . ഒപ്പം ജഗന്നാഥൻ, ബലദേവ്, സുഭദ്രാദേവി എന്നിവരുൾപ്പെടെയുള്ള ദേവതകളുടെ വിഗ്രഹങ്ങളും അഗ്നിക്കിരയാക്കി .
തിങ്കളാഴ്ച രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധം ശക്തമായതോടെ ചിലർ ക്ഷേത്രത്തിൽ അഭയം തേടിയിരുന്നു.ഇവർ ഓടി രക്ഷപെട്ടു. ‘ ഖുൽന ഡിവിഷനിലെ ഞങ്ങളുടെ ഇസ്‌കോൺ ക്ഷേത്രത്തിലെ ജഗന്നാഥന്റെയും ബലദേവിന്റെയും സുഭദ്രാദേവിയുടെയും പ്രതിഷ്ഠകൾ ഉൾപ്പെടെ കത്തിച്ചു. കേന്ദ്രത്തിൽ താമസിച്ചിരുന്ന 3 ഭക്തർ എങ്ങനെയോ രക്ഷപ്പെട്ടു. – ” കമ്മ്യൂണിക്കേഷൻസ് കൺട്രി ഡയറക്ടറും ഇസ്‌കോൺ ഇന്ത്യയുടെ ദേശീയ വക്താവുമായ യുധിഷ്ഠിർ ഗോവിന്ദ ദാസ് എക്‌സിൽ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ബംഗ്ലാദേശിനെ വിഴുങ്ങിയ അക്രമത്തിന്റെയും അശാന്തിയുടെയും തുടർച്ചയാണ് ഇസ്‌കോൺ സെൻ്ററിന് നേരെയുള്ള ആക്രമണം. 300 പേരുടെ മരണത്തിനിടയാക്കിയ അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ഷെയ്ഖ് ഹസീനയുടെ രാജി വച്ചിരുന്നു. ഇതോടെ ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബംഗ്ലദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിന്റെ ചുക്കാൻ പിടിക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരിക്കുകയാണ് . ഖാലിദ സിയ അധികാരത്തിലേറിയാൽ ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനൊപ്പം അവിടെയുള്ള ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ ശക്തമാകുമെന്നും ആശങ്കയുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഒരു കാളി ക്ഷേത്രം ഉൾപ്പെടെ ഡസൻ കണക്കിന് ഹിന്ദു വീടുകളും ക്ഷേത്രങ്ങളും അക്രമാസക്തരായ പ്രതിഷേധക്കാർ നശിപ്പിക്കുകയും രണ്ട് ഹിന്ദു കൗൺസിലർമാർ വെടിയേറ്റ് മരിക്കുകയും ചെയ്തു. ബംഗ്ലാദേശ് തലസ്ഥാനമായ ധൻമോണ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്ററിനും (ഐജിസിസി) ബംഗബന്ധു മെമ്മോറിയൽ മ്യൂസിയത്തിനും അക്രമാസക്തരായ ജനക്കൂട്ടം കേടുപാടുകൾ വരുത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
Discussion about this post