കൊച്ചി: ദേശീയ കാർട്ടൂൺ കാരിക്കേച്ചർ മേളയ്ക്ക് കൊച്ചിയിൽ ബുധനാഴ്ച(21/08/2024) തുടക്കം കുറിക്കും. കേരള കാർട്ടൂൺ അക്കാദമി സംഘടിപ്പിക്കുന്ന മേള കേരള ലളിതകലാ അക്കാദമി, ചാവറ കൾച്ചറൽ സെൻറർ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് നടക്കുന്നത്.
ഓഗസ്റ്റ് 25 വരെ നടക്കുന്ന മേളയിൽ വൈവിധ്യമുള്ള കാർട്ടൂൺ പ്രദർശനം, വയനാടിനായി കാരിക്കേച്ചർ ചലഞ്ച്, കുട്ടികളുടെ കാർട്ടൂൺ കളരി എന്നിവയുണ്ട്.
ബഹിരാകാശ ദൗത്യങ്ങളിലൂടെ ഭാരതത്തിന്റെ അഭിമാനമായി മാറിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ: എസ് സോമനാഥ് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അധ്യക്ഷത വഹിക്കും. മേയർ അഡ്വ. എം. അനിൽകുമാർ, സ്വീറ്റ്സർലൻഡ് പ്രതിനിധി ഡെപ്യൂട്ടി കൗൺസിൽ ജനറൽ പാറ്റ്റിക്ക് മുല്ലർ, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് , കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ സതീഷ്, ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.ചലച്ചിത്ര അവാർഡ് ജേതാക്കളായ ജോഷി ബെനഡിക്ട്, സുമംഗല , സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ് എ. സജ്ജീവ് എന്നിവരെ ചടങ്ങിൽ ആദരിക്കും.സോമനാഥ് ക്യൂറേറ്റ് ചെയ്ത സ്പേയ്സ് കാർട്ടൂണുകളാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം. ഇന്ത്യ ചന്ദ്രനിൽ എത്തിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന് മുന്നോടിയായിട്ടാണ് എറണാകുളം ദർബാർ ഹാൾ ഗാലറിയിലെ പ്രദർശനത്തിൽ സ്പെയ്സ് കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നത്. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനവുമാണ്. കാർട്ടൂണിസ്റ്റ് കൂടിയായ സോമനാഥിന് കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഉദ്ഘാടന ചടങ്ങിൽ നൽകും.ഡോ. സോമനാഥ് വരച്ച കാർട്ടൂണുകളും പ്രദർശനത്തിലുണ്ട്.
ഇന്ത്യയും സ്വിറ്റ്സർലന്റുമായുള്ള സൗഹൃദത്തിന് 75 വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വിറ്റ്സർലൻഡ് ബന്ധത്തിന്റെയും വിജയത്തിന്റെയും കഥ പറയുന്ന തെരഞ്ഞെടുത്ത 19 കാർട്ടൂണുകളാണ് പ്രദർശനത്തിനുള്ളത്. ഇതിൽ അഞ്ച് വയസുള്ള അൻഷു ഹേംബ്രാം വരച്ച കാർട്ടൂണുമുണ്ട് . ഇന്ത്യ സ്വിസര്ലാന്റ് ബന്ധംപശ്ചാത്തലമായ കാർട്ടൂണുകളുടെ മത്സരത്തില് വിജയിച്ച 18 പേരില് ഏഴ് പേരും അക്കാദമി അംഗങ്ങളാണ്. അക്കാദമി അംഗങ്ങളായ ഹരീഷ് മോഹന്, ജയരാജ് ടി ജി, ജെയിംസ് മണലോടി, പ്രതാപന് പുളിമാത്ത്, സുധീര് നാഥ്, സ്വാതി ജയകുമാര്, കെ ഉണ്ണിക്യഷ്ണന് എന്നിവരുടെ കാര്ട്ടൂണുകളാണ് തിരഞ്ഞെടുത്തത്.
കാരിക്കേച്ചർ ചലഞ്ച് 22, 23 തീയതികളിൽ ഹൈക്കോടതി പരിസരത്തു നടക്കും. രണ്ടു ദിവസത്തെ കുട്ടികളുടെ കാർട്ടൂൺ കളരി ചാവറ കൾച്ചർ സെന്ററിൽ 24 ന് രാവിലെ ഒൻപതിന് ആരംഭിക്കും. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും.
Discussion about this post