കോഴിക്കോട്: സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ സമഗ്ര സംഭാവനക്ക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതിയുടെ രണ്ടാമത് മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിന് കോഴിക്കോട് സ്വദേശിയായ പി.ഹരീഷ്കുമാറിനെ തെരഞ്ഞെടുത്തതായി അനുസ്മരണ സമിതി സെക്രട്ടറി സി പി സുരേഷ് ബാബു അറിയിച്ചു.
38 വർഷക്കാലത്തെ തൻ്റെ സപര്യയിലൂടെ 32000 തൊഴിൽ രഹിതരായ സ്ത്രീജനങ്ങൾക്ക് തയ്യൽ പരിശീലനം നൽകുകയും 232 ഓളം ക്ലാസ്സുകൾ തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട് നടത്തുകയും ചെയ്ത പി.ഹരീഷ് കുമാറിൻ്റെ സ്ത്രീ ശാക്തീകരണ മേഖലയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് നൽകിയ സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അയ്യങ്കാളി പുരസ്ക്കാരം രണ്ട് വർഷത്തിലൊരിക്കലാണ് നൽകി വരുന്നത്.
ആഗസ്ത് 28 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീ ചൈതന്യ സ്വാമി മെമ്മോറിയൽ ഹാളിൽ വെച്ച് നടത്തുന്ന അയ്യങ്കാളി ജയന്തി സമ്മേളനത്തിൽ വെച്ച് ഗോവ സർവ്വകലാശാല സിണ്ടിക്കേറ്റ് മെമ്പറും സാമൂതിരി ഗുരുവായൂരപ്പൻ കോളെജ് മലയാള വിഭാഗം തലവനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ പുരസ്കാര വിതരണം നിർവ്വഹിക്കും.
Discussion about this post