തിരുവനന്തപുരം: മഹാകവി തുളസീദാസിന്റെ രാമചരിതമാനസത്തെ ആത്മാവില്‍ ആവാഹിച്ച വ്യക്തിത്വമായിരുന്നു പ്രൊഫ. സി. ജി. രാജഗോപാലിന്റേതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഗ്രന്ഥരചനയുടെ കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട കവിമനസായിരുന്നു അദ്ദേഹത്തിന്റേത്. ആ ആത്മബന്ധമാണ് രാമചരിതമാനസം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താന്‍ വര്‍ഷങ്ങളുടെ തപസിന് പ്രേരണയായതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച സി. ജി. രാജഗോപാല്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഏര്‍പ്പെടുക എന്നത് ചെറിയ കാര്യമല്ല. കല, സാംസ്‌കാരികം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങി എല്ലാം മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. സി.ജി. രാജഗോപാലിനെ അനുസ്മരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഏത് രംഗത്താണ് അദ്ദേഹത്തിനെ ഓര്‍ക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടാകും. ഏതൊരാള്‍ക്കും അസൂയ തോന്നുന്ന വ്യക്തിത്വമായിരുന്നു രാജഗോപാലിന്റേത്. മരണാനന്തരവും ഓര്‍മ്മിക്കുന്നവരില്‍ പ്രധാനിയായി അദ്ദേഹം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവര്‍ക്ക് ആഹ്ലാദം പകരുന്ന വ്യക്തിത്വമായിരുന്നു സി. ജി. രാജഗോപാലിന്റേതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. കഥകളിയും കവിതയും കര്‍ണാടക സംഗീതവും ചേര്‍ന്നതാണ് ആ ജീവിതം. കഥകളിയോടുള്ള ആകര്‍ഷണമാണ് ദൃശ്യവേദി എന്ന സംഘടനയുടെ നടുനായകത്വം വഹിക്കാന്‍ അദ്ദേഹത്തിനു പ്രേരണയായത്. വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനുമായി അടുത്ത ബന്ധം സി.ജി.രാജഗോപാലിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിചാരവേദി എന്ന ഒരു ഉപസംഘടന രൂപംകൊണ്ടതും സമകാലിക വിഷയങ്ങളുടെ ചര്‍ച്ചാവേദിയായി മാറിയതും. തപസ്യയെ കേരളത്തിലെ മികച്ച കലാസാഹിത്യ പ്രസ്ഥാനമായി വളര്‍ത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചെന്നും ആര്‍.സഞ്ജയന്‍ പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന പരിപാടിയില്‍ തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി. ജി. ഹരിദാസ് അധ്യക്ഷനായി. മുന്‍ ജില്ലാ കളക്ടര്‍ എസ്. ശ്രീനിവാസന്‍, കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ.എ.എം. ഉണ്ണികൃഷ്ണന്‍, സംസ്‌കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രപ്രമുഖ് തിരൂര്‍ രവീന്ദ്രന്‍, തപസ്യ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post