തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്.
നിരവധി അതിജീവിതകളുടെ മൊഴികളും തെളിവുകളും അടക്കമുള്ള കാര്യങ്ങള്‍ കൈയില്‍ ഉണ്ടായിട്ടും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയാറാവാത്തത് ഉന്നതരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇപ്പോഴും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ മാത്രമാണ് സര്‍ക്കാര്‍ തയാറാകുന്നത്. കൃത്യമായ തെളിവുകള്‍ കൈയില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് നിലവില്‍ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. ആരോപണങ്ങളുടെ വസ്തുത എന്താണെന്ന് വ്യക്തമല്ലാത്ത സാഹചര്യവും സമൂഹത്തിലുണ്ടാകുന്നു. കൊല്ലം എംഎല്‍എ മുകേഷ് ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനാല്‍ അതിജീവിതരായവര്‍ക്ക് പരാതിയുമായി മുന്നോട്ട് പോകുവാന്‍ ഭയം ഉണ്ടാകുന്നു.
സിനിമ കോണ്‍ക്ലവ് സിനിമാ നയരൂപീകരണ സമിതിയില്‍ ആരോപണവിധേയനായ മുകേഷ് ഉള്‍പ്പെടെയുള്ളവരെ അംഗങ്ങള്‍ ആക്കുന്നത് സര്‍ക്കാര്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് തുരങ്കം വയ്‌ക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടെന്ന് തെളിയിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നാലു വര്‍ഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്‌ത്തിവച്ചത് സര്‍ക്കാര്‍ വേട്ടക്കാരോടൊപ്പമാണെന്ന് തെളിയിക്കുന്നതാണ്.
സിനിമാ മേഖല ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പല പ്രസക്ത ഭാഗങ്ങള്‍ ഒഴിവാക്കി ആണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വീട്ടിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഉന്നതര്‍ക്കെതിരെ സ്വമേധയാ കേസ് എടുക്കാന്‍ തയാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു.
Discussion about this post