ജെ. നന്ദകുമാര്‍
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക്
അസ്വസ്ഥതയിലൂടെ കടന്നുപോവുകയാണ് അയല്‍രാജ്യമായ ബംഗ്ലാദേശ്. പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കി. ഹിന്ദുക്കള്‍ക്കെതിരെ വന്‍തോതില്‍ ആക്രമണങ്ങളും ഭാരത വിരുദ്ധ പ്രചാരണങ്ങളും നടക്കുന്നു. എന്തുകൊണ്ടാണിത് സംഭവിച്ചത്. ഹീനമായ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും എന്തുകൊണ്ടാണ് ഭാരതത്തിലെ പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷികളും ബൗദ്ധിക സമൂഹം എന്നവകാശപ്പെടുന്നവരുമൊക്കെ മൗനം പുലര്‍ത്തുന്നത് എന്നത് അന്വേഷിക്കണം.
ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്തുതന്നെ പടിഞ്ഞാറന്‍ പാകിസ്ഥാനിലായിരുന്നു(ഇന്നത്തെ പാക്കിസ്ഥാന്‍) എല്ലാവരുടെയും ശ്രദ്ധ. പക്ഷേ, അപ്പോഴും കിഴക്കന്‍ പാകിസ്ഥാന്‍(ഇന്നത്തെ ബംഗ്ലാദേശ്) എന്നറിയപ്പെടുന്ന പ്രദേശം ശാന്തമാണെന്നും വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നുമുള്ള മിഥ്യാധാരണ ഭാരതത്തിന്റെ ഭരണകൂടത്തിന് ഉണ്ടായിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നടന്നതിലും രൂക്ഷവും ഹീനവുമായ ഹിന്ദുവിരുദ്ധ അക്രമങ്ങള്‍ കിഴക്കന്‍ പാകിസ്ഥാനിലായിരുന്നു എന്നതാണ് വസ്തുത.
ബംഗ്ലാദേശ് അന്നേ അശാന്തം
സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു വര്‍ഷം മുമ്പ് തന്നെ, അതായത് 1946 ആഗസ്ത് 13, 14 തീയതികള്‍ മുതല്‍ തന്നെ ഡയറക്ട് ആക്ഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ഒരു ചെറുത്തുനില്‍പ്പ് പോലും ഇല്ലാത്ത വിധം ഏകപക്ഷീയമായ ആക്രമണങ്ങളാണ് ആ ഭാഗത്ത് ഉണ്ടായത്. ഈ പശ്ചാത്തലം ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രതിസന്ധിയുടെ പിന്നിലുണ്ടെന്നത് വസ്തുതയാണ്. കിഴക്കന്‍ പാകിസ്ഥാനിലെ മുസ്ലിം സമൂഹം ഭാരതത്തിന് അനുകൂലമായ, മതേതര നിലപാടെടുത്തിരുന്നു എന്ന ധാരണ നമ്മുടെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ടു. ഇന്നത്തെ പാകിസ്ഥാനിലെ അതിര്‍ത്തി പ്രദേശത്ത് നടന്ന ആക്രമണങ്ങളെ ഒരു പരിധി വരെ ചെറുത്തുനില്‍ക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞിരുന്നു. ആ ആക്രമണ പരമ്പരകള്‍ക്ക് വളരെക്കൂടുതല്‍ മാധ്യമ ശ്രദ്ധയും കിട്ടിയിരുന്നു. 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള കാലം മുതല്‍ ബാംഗ്ലാദേശ് രൂപീകരണം വരെ നോക്കിയാല്‍ രൂക്ഷമായ ഹിന്ദു വിരുദ്ധ ആക്രമണങ്ങള്‍ കിഴക്കന്‍ പാകിസ്ഥാനിലും നടന്നിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര രാഷ്‌ട്രമാക്കി മാറ്റി. അതില്‍ ഭാരതത്തിന് വലിയ പങ്കുണ്ട്. മതേതര രാഷ്‌ട്രമായി നിലവില്‍ വരികയും മുന്നോട്ടുപോവുകയും ചെയ്യുമ്പോഴും ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി പോലുള്ള ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ത്തു കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും ഭീകരവാദ ക്യാമ്പുകളും പാകിസ്ഥാന്‍ നേരിട്ട് നടത്തിയിരുന്നു എന്നതാണ് വസ്തുത. ബംഗാളിലെ സമീപകാല പ്രശ്‌നങ്ങളുടെ പിന്നിലും ഇസ്ലാമിക ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടായിരുന്നുവെന്നതും മനസിലാക്കണം.
ഷേഖ് ഹസീനയെ വീഴ്‌ത്തിയത് അമേരിക്ക
കഴിഞ്ഞ നാല് തവണയും ഷേഖ് ഹസീനയാണ് വന്‍ ഭൂരിപക്ഷത്തോടെ ബംഗ്ലാദേശില്‍ ജയിച്ചത്. 15 വര്‍ഷമായി അവിടെ ഭരിച്ചുപോരുന്ന ഹസീനയെ സ്ത്രീപക്ഷ മോചനത്തിന്റെ, ജനാധിപത്യ കരുത്തിന്റെ പ്രതീകമായിട്ടൊക്കെ തുടക്കത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ കാലം മുന്നോട്ടു പോകെ അമേരിക്കയ്‌ക്ക് പ്രത്യേക താത്പര്യങ്ങള്‍ ബംഗ്ലാദേശിന്റെ കാര്യത്തില്‍ ഉയര്‍ന്നു വന്നു. അതിന് പ്രധാന കാരണം ഭാരതത്തിന്റെ ശക്തിപ്പെടലാണ്. 2014 ലെ തെരഞ്ഞെടുപ്പോടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒറ്റയ്‌ക്ക് ഒരു ദേശീയ കക്ഷി ഭൂരിപക്ഷം നേടി ഭാരതത്തില്‍ അധികാരത്തിലെത്തി. സാമ്പത്തിക മേഖലയിലും സുരക്ഷയിലും ഭാരതം വളര്‍ന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഉയര്‍ന്നു. ഈ വളര്‍ച്ച അമേരിക്കയ്‌ക്ക് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. അതനുസരിച്ചുള്ള കരുനീക്കങ്ങള്‍ അമേരിക്ക ബംഗ്ലാദേശില്‍ നടത്തിക്കൊണ്ടേയിരുന്നു. മതേതര പ്രതിച്ഛായയോടെ തന്നെ ഷേഖ് ഹസീന ഭരണം നടത്തി. അതിന് മുമ്പ് അധികാരത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി(ബിഎന്‍പി) നേതാവ് ബീഗം ഖാലിദ സിയ ജമാ അത്തെ ഇസ്ലാമിയുടെ പിണിയാള്‍ എന്ന നിലയിലുള്ള ഭീകരവാദ ഭരണം ആണ് നടത്തിയതെങ്കില്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഷേഖ് ഹസീനയുടെ കാലം. അമേരിക്കയേയും ചൈനയേയും ഒപ്പം ഭാരതത്തേയും ഒരുപോലെ തന്നെ സ്വാധീനത്തില്‍ നിര്‍ത്തി ബന്ധം വഷളാകാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അവര്‍ ശ്രമിച്ചു. ഇത് നേതൃപരമായ, ബുദ്ധിപൂര്‍വമായ നിലപാടായിരുന്നു. തങ്ങളുടെ വരുതിക്കൊത്ത വണ്ണം ബംഗ്ലാദേശ് ചലിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ അവിടെ അസ്വസ്ഥത പടര്‍ത്താനുള്ള ശ്രമങ്ങള്‍ അമേരിക്കയും ചൈനയും ആരംഭിച്ചു. ജനാധിപത്യ വിരുദ്ധമായിട്ടാണ് ഹസീന അധികാരത്തില്‍ വന്നതെന്ന് അവര്‍ പ്രചരിപ്പിച്ചു. സിവില്‍ ലിബര്‍ട്ടി മൂവ്‌മെന്റ്‌സ്, പല തരത്തിലുള്ള സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവയെ പോഷിപ്പിച്ച്, അവര്‍ക്ക് വന്‍തോതില്‍ ആളും അര്‍ത്ഥവും സാങ്കേതിക സഹായവും നല്കി ബംഗ്ലാദേശില്‍ അസ്വസ്ഥത വളര്‍ത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു. അതില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നതിനായി 2023 ല്‍ ഏഷ്യാ മേഖലയുടെ പ്രത്യേക ചുമതല വഹിക്കുന്ന ഡൊണാല്‍ഡ് ലൂ, ഷേഖ് ഹസീനയെ സന്ദര്‍ശിച്ചു. ഷേഖ് ഹസീനയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വരുത്തിക്കൊത്തവണ്ണം നീങ്ങുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പോലും അംഗീകരിക്കില്ല എന്ന താക്കീത് നല്കിയെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നു. അമേരിക്കയുടെ താത്പര്യം ഷേഖ് ഹസീന പരാജയപ്പെടുക എന്നതായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. വന്‍ ഭൂരിപക്ഷത്തോടെ ഹസീന അധികാരത്തില്‍ വന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഡൊണാള്‍ഡ് ലൂ ഢാക്കയില്‍ എത്തി. ഷേഖ് ഹസീനയോടോ ഭരണപക്ഷ പ്രസ്ഥാനങ്ങളുമായോ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികളുമായിട്ടും ബിഎന്‍പിയുടെ ഒളിവിലുള്ള ആളുകളുമായിട്ടും സംഭാഷണം നടത്തി. സിവില്‍ ലിബര്‍ട്ടി മൂവ്‌മെന്റ്‌സിന്റെ നേതൃത്വത്തിലുള്ളവരുമായിട്ടും ചില വിദ്യാര്‍ത്ഥി നേതാക്കളുമായും സംസാരിച്ചു. മെയ് പകുതിയോടെയാണ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുടെ സന്ദര്‍ശനമുണ്ടാകുന്നത്. ഇതേത്തുടര്‍ന്ന് മെയ് അവസാനത്തോടെ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം വലിയ അസ്വസ്ഥതകള്‍ ബംഗ്ലാദേശില്‍ സൃഷ്ടിച്ചു. തെറ്റായ ചില പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും നടന്നു. ഭാരതത്തിന്റെ പിണിയാളായിട്ടാണ് ഹസീന ഭരിക്കുന്നതെന്നും ഇതൊരു ഹിന്ദുപക്ഷ സര്‍ക്കാരാണെന്നും ഇങ്ങനെ പോയാല്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലെന്നുമുള്ള പ്രചാരണം ഒരുവശത്തുകൂടി നടന്നു. ബംഗ്ലാദേശ് വിമോചനത്തിനായി പ്രവര്‍ത്തിച്ചവരുടെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ക്കും കൂടി നിശ്ചിത ശതമാനം സംവരണം നല്‍കാനുള്ള ഭേദഗതിയോടെയായിരുന്നു ഷേഖ് ഹസീന നടപ്പാക്കിയ ജോലി സംവരണ നയം. വിധിയാംവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അവരുടെ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അവര്‍ക്ക് ശരിയെന്ന് തോന്നുന്നതും പാര്‍ലമെന്റ് അംഗീകരിച്ചതുമായ ഒരു നിയമം കൊണ്ടുവന്നതിന് എതിരായി വന്‍തോതിലുള്ള പ്രക്ഷോഭം ആരംഭിച്ചു.
ഭാരതത്തെ അസ്ഥിരതപ്പെടുത്താന്‍ പ്രതിപക്ഷം
ബംഗ്ലാദേശില്‍ നേരാംവണ്ണമല്ല തെരഞ്ഞെടുപ്പ് നടന്നത്, ഏകാധിപത്യ ഭരണകൂടമാണെന്ന പ്രചരണം, ബില്ല് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുള്ള സമരങ്ങള്‍. അതിന് ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെ പിന്തുണ. ജനങ്ങളില്‍ ഭയമുണ്ടാക്കുന്ന വിധത്തിലേക്ക് സമരം മാറി. ഭാരതത്തിലും സമാനമായ രീതിയില്‍ എന്‍ജിഒകളെയും ഒരു ചെറുപക്ഷം വിദ്യാര്‍ത്ഥികളെയുമൊക്കെ ഇതേ ശക്തികള്‍ രംഗത്തിറക്കി, തെരുവുകളെ യുദ്ധഭൂമികളാക്കി ജനാധിപത്യത്തെ തിരിച്ചുപിടിക്കാനെന്ന മട്ടില്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതത്തില്‍ ജനാധിപത്യം ശക്തമായതുകൊണ്ട് അത്തരം പരിശ്രമങ്ങളൊന്നും വേണ്ട വിധം വിജയിച്ചിട്ടില്ല. എന്നാല്‍ ബംഗ്ലാദേശില്‍ അതായിരുന്നില്ല സ്ഥിതി. ഇവിടെ സൈന്യം മൂന്ന് ഭാഗങ്ങളായി തിരിഞ്ഞാണു നില്‍ക്കുന്നത്. അച്ചടക്കത്തിന്റെ കാര്യത്തിലും രാഷ്‌ട്രസ്‌നേഹത്തിന്റെ കാര്യത്തിലും ജനങ്ങളോടുള്ള കൂറിന്റെ കാര്യത്തിലും പ്രബലമായൊരു സൈനിക വിഭാഗം അവിടെയുണ്ട്. ചൈനീസ് പക്ഷപാതിത്വം പുലര്‍ത്തുന്ന വലിയ ആയുധക്കച്ചവടക്കാരുടെ നിയന്ത്രണത്തിലുള്ള വിഭാഗമാണ് രണ്ടാമത്തേത്. മൂന്നാമത്തെ വിഭാഗം മുല്ലമാരും മൗലവിമാരും ജമാ അത്തേ ഇസ്ലാമിയും നിയന്ത്രിക്കുന്ന വിഭാഗമാണ്. ഇങ്ങനെ ഒരു കാരണവശാലും വേര്‍തിരിവുകളോ വിഭജനങ്ങളോ ഉണ്ടാകാന്‍ പാടില്ലാത്ത സൈന്യത്തിന്റെ ഉള്ളില്‍ തന്നെ മൂന്ന് ഭാഗങ്ങളുണ്ട്. ഇതും ഷേഖ് ഹസീനയുടെ നിലപാടുകളെ ദുര്‍ബലമാക്കി. ഇതിന്റെയെല്ലാം ഫലമായാണ് അവിടെ സൈനിക അട്ടിമറിയുണ്ടായത്. ഷേഖ് ഹസീനയ്‌ക്ക് രാജ്യം വിട്ടുപോകേണ്ടി വന്നു. അതിന് സമാന്തരമായിട്ടാണ് വന്‍തോതിലുള്ള ഹിന്ദു വിരുദ്ധ കലാപങ്ങള്‍ അവിടെ നടന്നത്.
ഈ സാഹചര്യത്തില്‍, ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയേണ്ടതാണ്. കേരളത്തിലെ രാഷ്‌ട്രീയ കക്ഷികള്‍ എടുത്ത നിലപാടുകള്‍ അങ്ങേയറ്റം ജുഗുപ്ത്സാവഹമാണ്. ഇത് സമാധാനത്തോടെ, ജനാധിപത്യ രീതിയില്‍ മുന്നോട്ട് പോകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നു. ബംഗ്ലാദേശിലെ കലാപവും അട്ടിമറിയും ജനാധിപത്യ വിരുദ്ധമാണ്. ഒരു നാടിന്റെയുള്ളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടി വിദേശ പ്രബലശക്തികള്‍ നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലം കൂടി അതിനുണ്ട്. ജനാധിപത്യത്തോടൊപ്പം നിലകൊള്ളേണ്ട രാഷ്‌ട്രീയ കക്ഷികള്‍ അതൊരു അവസരമാക്കിയെടുത്ത്, അത്തരം നീക്കം ഭാരതത്തിലും നടത്തും. ഭാരതത്തിലെ ഭരണാധികാരിയെ പുറത്താക്കാനുള്ള അവസരമായി അതിനെ മാറ്റുമെന്ന് പരസ്യമായും രഹസ്യമായും നിലപാടെടുക്കുന്ന പ്രതിപക്ഷ കക്ഷിയാണ് ഇവിടെയുള്ളത്. അതിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷ കപട മതേതര വാദികളുമുണ്ട്. അത്തരത്തിലുള്ള നിലപാടുകള്‍ എത്ര ഭയാശങ്കയുളവാക്കുന്നതാണെന്ന് ചിന്തിക്കണം. ജനകീയമെന്ന പേരില്‍ നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളായാലും കര്‍ഷക സമരങ്ങളായാലും ഗുസ്തിക്കാരുടെ സമരങ്ങളായാലും സിഎഎ വിരുദ്ധ സമരങ്ങളായാലും വീണ്ടും വിലയിരുത്തണം. ബംഗ്ലാദേശില്‍ രാഷ്‌ട്രീയ അട്ടിമറിക്കുവേണ്ടി കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സമരങ്ങളുടെ തനിപ്പകര്‍പ്പുകളാണ് ഭാരതത്തിലും നടന്നുകൊണ്ടിരിക്കുന്നത്. അത് വീണ്ടും ശക്തമായി നടക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. നഷ്ടപ്പെട്ട ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. സമീപകാലത്ത് ഇടതുപക്ഷ താത്വിക ആചാര്യന്മാര്‍ എന്ന് പറയപ്പെടുന്ന യോഗേന്ദ്രയാദവിനെപ്പോലുള്ള നേതാക്കള്‍ കേരളത്തില്‍ വന്ന് നടത്തിയ പ്രസംഗത്തില്‍ പറയുന്നത് ഭരണഘടനയെ രക്ഷിക്കാന്‍, ജനാധിപത്യത്തെ രക്ഷിക്കാന്‍ തെരുവിലിറങ്ങണമെന്നാണ്. ജനാധിപത്യത്തിന്റെ പോരാട്ടമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്നത്. അതിലൂടെയാണ് ഭാരതത്തെപോലുള്ള ജനാധിപത്യ രാഷ്‌ട്രത്തില്‍ തങ്ങളുടെ ഭാഗമാണ് ശരിയെന്ന് തെളിയിക്കാന്‍ പറ്റുന്നത്. അതില്‍ പ്രതിപക്ഷ കക്ഷികളും ഇടതുപക്ഷവും ദയനീയമായി പരാജയപ്പെട്ടു. ഇപ്പോള്‍ അവര്‍ വീണ്ടും പറയുന്നു, ജനാധിപത്യത്തെ രക്ഷിക്കാന്‍ വീണ്ടും തെരുവിലിറങ്ങേണ്ടി വരുമെന്ന്. ഇതിനെ പിന്താങ്ങുന്ന വിധത്തിലാണ് സൈന്യത്തിനെതിരായി, പാര്‍ലമെന്റിന് എതിരായി, ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിനെതിരായി രാഷ്‌ട്രപതി മുതലുള്ള ഭരണഘടനാ പദവികള്‍ക്ക് എതിരായി നിലപാടുകള്‍ ഈ കൂട്ടരെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ലോകത്തില്‍ എവിടെ എന്തുനടന്നാലും പ്രതികരിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ കക്ഷികളുടേയും ബുദ്ധിജീവികളുടേയും സാംസ്‌കാരിക നേതാക്കളുടേയും നിലപാടെന്താണ്. അവര്‍ ബംഗ്ലാദേശ് വിഷയങ്ങളില്‍ സംസാരിച്ചിട്ടുണ്ടോ. ഇസ്രായേലില്‍ നടക്കുന്ന പോരാട്ടം, ഗാസാ മുനമ്പില്‍ നടക്കുന്ന പോരാട്ടം, പലസ്തീന് വേണ്ടി നടക്കുന്ന പോരാട്ടം ഇതിലൊക്കെ പ്രതികരിക്കാനും വ്യക്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും ഇവര്‍ക്കൊന്നും വിഷമമില്ല. ബംഗ്ലാദേശിലെ രൂക്ഷമായ ജനാധിപത്യ വിരുദ്ധ അട്ടിമറിക്കു ശേഷം നടന്ന ഹിന്ദു കൂട്ടക്കൊലകളും അക്രമണങ്ങളും നടന്നപ്പോള്‍ അതിനെ വസന്തത്തിന്റെ തിരിച്ചുവരവിന് വേണ്ടിയിട്ടുള്ള പോരാട്ടമായിട്ടാണ് കോഴിക്കോട്ടുനിന്നിറങ്ങുന്ന ഒരു പത്രത്തിന്റെ പത്രാധിപക്കുറിപ്പില്‍ പരാമര്‍ശിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വ്യക്തിക്ക് കിട്ടിയപ്പോള്‍ ആ വ്യക്തിയുടെ പേരു പറഞ്ഞ് നന്ദി പ്രകടിപ്പിച്ച ഇതേ പത്രത്തിന് ഢാക്കയില്‍ ഹിന്ദുക്കളുടെ ചുടുചോരയൊഴുകുന്ന സമയത്ത്, ഹിന്ദു ക്ഷേത്രങ്ങളും ആശ്രമങ്ങളും ചുട്ടുകരിച്ചപ്പോള്‍ അത് ഈജിപ്തിലും മറ്റും നടന്നതുപോലെയുള്ള വസന്തമാണ് എന്നൊക്കെ പറയാന്‍ ഒരു ലജ്ജയുമുണ്ടായില്ല. ഇത്തരം നിലപാടുകളാണ് കേരളത്തിലെ സാംസ്‌കാരിക നായകന്മാരും എടുക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ മാംസപേശികളുടെ കരുത്തില്‍ ഒരു പോരാട്ടം നടക്കുന്നതിനായാണ് അവര്‍ കാത്തുനില്‍ക്കുന്നത്. അരാജകത്വം ഭാരതത്തില്‍ കൊണ്ടുവരാന്‍ ബംഗ്ലാദേശിനെ മാതൃകയാക്കണമെന്ന് പരസ്യമായി പറയുന്ന രാഷ്‌ട്രീയ കക്ഷികള്‍ ഭാരതത്തിലുണ്ട്, കേരളത്തിലുണ്ട്. ഇത് തിരിച്ചറിയണം.
ബംഗ്ലാദേശില്‍ ഇപ്പോഴും കലാപങ്ങള്‍ തുടരുന്നു, ക്ഷേത്രങ്ങള്‍ ചുട്ടെരിക്കുന്നു. മതം മാറാന്‍ തയ്യാറായില്ലെങ്കില്‍ ജോലി രാജിവയ്‌ക്കണം എന്നാണ് ആവശ്യം. ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിക്കുന്നു. സ്വാതന്ത്ര്യത്തോടുകൂടി ഹിന്ദു വിരുദ്ധ കലാപം നടത്താന്‍, ജനാധിപത്യ വിരുദ്ധ പോരാട്ടം നടത്താന്‍, ഭാരതത്തിലേക്കുള്ള നുഴഞ്ഞുകയറ്റം സജീവമാക്കാന്‍ എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് നല്കിയിരിക്കുന്നു. അതിന്റെ നേതൃത്വത്തില്‍ എടുത്തിരിക്കുന്ന പ്രധാന തീരുമാനം ഭാരതത്തിലേക്കുള്ള ഭീകര പ്രവര്‍ത്തനം സജീവമാക്കുക എന്നതാണ്. കിട്ടുന്ന ഏത് അവസരത്തേയും ഭാരത വിരുദ്ധമായ പ്രചാരണം അമേരിക്കയുടെ പിന്തുണയോടെ അന്താരാഷ്‌ട്ര തലത്തില്‍ നടത്താനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്. ഭാരത വിരുദ്ധ നിലപാടെടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന ബംഗ്ലാദേശിലെ ഇസ്ലാമിക ഭരണകൂടത്തിന് എതിരായി ഒരു വാക്കുപോലും ഉരിയാടാന്‍ തയാറാവാത്ത ഭയാനകമായ മൗനമാണ് കേരളത്തിലെ സാംസ്‌കാരിക-രാഷ്‌ട്രീയ-ബൗദ്ധിക സംഘടനകളില്‍ കാണുന്നത്.
(വിശ്വസംവാദകേന്ദ്രം യുട്യൂബ് ചാനലില്‍ നടത്തിയ പ്രഭാഷണം)
Discussion about this post