പി.എന്‍. ഈശ്വരന്‍
ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ്
2024 ജൂലായ് 30 ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായത്. കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭയാനകമായ ഉരുള്‍പൊട്ടലാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായത്. അഞ്ഞൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ആയിരത്തിലധികം വീടുകള്‍ തകരുകയും അയ്യായിരത്തിലധികം പേരെ ബാധിക്കുകയും ചെയ്ത ദുരന്തം സംഭവിച്ചിട്ട് രണ്ടു മാസം പിന്നിടുന്നു. ദുരന്തത്തിന് ഇരയായവരെ താത്കാലികമായി പുനരധിവസിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാവി ഉറപ്പുള്ളതാകുന്ന ശാശ്വത പുനരധിവാസം ഇനിയുമുണ്ടായിട്ടില്ല.
ദുരന്തത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ലോകത്താകമാനം പ്രചരിച്ചപ്പോള്‍ സഹായങ്ങളും സഹായ വാഗ്ദാനങ്ങളും ഒഴുകിയെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒട്ടേറെ സഹായങ്ങളെത്തി. ഇവയെല്ലാം ഏകോപിപ്പിക്കുകയും സമാഹരിക്കുകയും ചെയ്താല്‍ ദുരിതബാധിതരെ മാന്യമായി പുനരധിവസിപ്പിക്കാനാവും.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നെല്ലാം ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും വൈകാരികത മാറ്റിവച്ച് ചിന്തിച്ചാല്‍ കേരള സര്‍ക്കാരിന് പുനരധിവാസം മാന്യമായി പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ. മൂന്ന് പഞ്ചായത്ത് വാര്‍ഡുകളേയും 5000 ജനങ്ങളെയും ബാധിക്കുന്ന ദുരന്തമാണിത്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ വീണ്ടെടുക്കാനാവില്ലെങ്കിലും കേരള സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി മനസുവച്ചാല്‍ നാശനഷ്ടങ്ങള്‍ നികത്താനാകും. അതിന് വയനാട് ദുരന്തത്തിനുവേണ്ടി ലഭിച്ച മുഴുവന്‍ സഹായങ്ങളും അതിനായിത്തന്നെ വിനിയോഗിക്കണം.
ഇതുവരെ ലഭിച്ച സഹായങ്ങളും വാഗ്ദാനങ്ങളും ഏകോപിപ്പിക്കുകയും സമാഹരിക്കുകയും ചെയ്താല്‍ വയനാട് ദുരന്തത്തിന്റെ മുറിവുകള്‍ നമുക്ക് ഒരുവര്‍ഷം കൊണ്ട് ഉണക്കാനാവും. അതിനായി സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കണം.
പുനരധിവാസത്തില്‍ ഏറ്റവും ശ്രമകരവും ചെലവേറിയതുമായ കാര്യം വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം വീട് വച്ചു നല്‍കുക എന്നതാണ്. ഈ ദൗത്യം പൂര്‍ണമായി സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കണം. വീട് നിര്‍മിക്കാനാവശ്യമായ സ്ഥലവും സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം. വീട് നിര്‍മിച്ചു നല്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന സന്നദ്ധ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി അവരുടെ മുന്‍പരിചയവും സാമ്പത്തികസ്ഥിതിയും സന്നദ്ധതയും പരിശോധിച്ച് വീട് നിര്‍മിക്കാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണം. വീട് നഷ്ടപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണം. ഓരോ സന്നദ്ധ സംഘടനകള്‍ക്കും അനുവദിച്ചിരിക്കുന്ന വീടുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. ഗുണഭോക്താക്കള്‍ക്ക് സന്നദ്ധസംഘടനയെയും സന്നദ്ധ സംഘടനകള്‍ക്ക് ഗുണഭോക്താക്കളെയും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാവണം. സര്‍ക്കാര്‍ ചെയ്യേണ്ടത് എല്ലാവര്‍ക്കും വീട് ലഭിക്കും എന്ന് ഉറപ്പ് വരുത്തുക മാത്രമാണ്.
ഒാരോരുത്തര്‍ക്കും പത്ത് സെന്റ് സ്ഥലം, ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട് എന്ന ആവശ്യം സര്‍ക്കാര്‍ നിശ്ചയിക്കണം. വീട് നിര്‍മാണത്തിന്റെ ഗുണമേന്മയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോ എന്നും നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാവണം.
ഓരോ ഗുണഭോക്താവിനും വീട് നിര്‍മിക്കാന്‍ ലൈഫ് പദ്ധതിയിലെപോലെ സര്‍ക്കാര്‍ വിഹിതം ഉണ്ടാവണം. അഞ്ച് ലക്ഷം
രൂപ സംസ്ഥാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ കേന്ദ്രസര്‍ക്കാരും നല്‍കണം. ഇപ്പോള്‍ ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിച്ച് വാസയോഗ്യമാക്കണമെങ്കില്‍ 15-20 ലക്ഷം രൂപ വേണ്ടിവരും. ബാക്കി തുക സന്നദ്ധ സംഘടനകള്‍ കണ്ടെത്തണം. സന്നദ്ധ സംഘടനകള്‍ അവരുടെ തുക ഉപയോഗിച്ച് പണി ആരംഭിക്കണം. പണി പുരോഗമിക്കുന്നതനുസരിച്ച് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ വിഹിതം നല്‍കണം. സര്‍ക്കാര്‍ വിഹിതം വാങ്ങി പണി പൂര്‍ത്തിയാക്കാതെ പോകുന്ന സാഹചര്യം ഉണ്ടാവരുത്. വീട് നിര്‍മാണത്തില്‍ സന്നദ്ധസംഘടനകള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം നിരുത്സാഹപ്പെടുത്തേണ്ടതില്ല. സര്‍ക്കാരിന്റെ നിബന്ധനകളും നിയന്ത്രണങ്ങളും പണി തടസപ്പെടുത്തുന്നതാവരുത്. സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ ഉദാരമായിരിക്കണം.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനും വീടും ഭൂമിയും കൃഷിയും നഷ്ടപ്പെട്ടവര്‍, ജീവനോപാധി നഷ്ടപ്പെട്ടവര്‍ ഇതെല്ലാം കണക്കാക്കി ഒരു നഷ്ടപരിഹാരം നിശ്ചയിച്ച് ഇരകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കണം. ഇത് അവര്‍ക്ക് ഒരു പുതുജീവിതം കെട്ടിപ്പടുക്കാന്‍ സഹായമാവും.
റോഡ്, പാലം, സ്‌കൂള്‍ തുടങ്ങിയ പൊതുസൗകര്യങ്ങളുടെ നിര്‍മാണവും വികസനവും സര്‍ക്കാര്‍ നേരിട്ട് നിര്‍വഹിക്കണം. സ്‌കൂള്‍ പുനര്‍നിര്‍മാണത്തിനെല്ലാം ചിലര്‍ സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതും ഉപയോഗപ്പെടുത്താവുന്നതാണ്.
ഈ പുനരധിവാസം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. മറ്റൊന്നും ഇതുമായി കൂട്ടിക്കുഴക്കരുത്. പുനരധിവാസം ഇനിയും വൈകിക്കൂടാ. കാലതാമസം വരുത്തുന്ന ആനുകൂല്യങ്ങള്‍, ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണ്. നാട് നേരിട്ട ഒരു ദുരന്തമുഖത്ത് സര്‍ക്കാരിനെ ഉദാരമായി സഹായിച്ച സജ്ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ വയനാട് പുനരധിവാസം സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
Discussion about this post