ഡെറാഡൂണ്‍/ലഖ്നൗ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ക്ക് ഒരുങ്ങി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍. കന്‍വാരിയ തീര്‍ത്ഥാടന പാതയിലെ ഭക്ഷണശാലകള്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് വിവരം പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കൊപ്പം ഉത്തരാഖണ്ഡിലും നിയമങ്ങള്‍ നടപ്പാക്കും. മതപരിവര്‍ത്തനങ്ങളും ക്ഷേത്ര ഭൂമി കൈയേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കര്‍ശനനടപടി ഉണ്ടാകുമെന്ന് ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഡെറാഡൂണില്‍ പറഞ്ഞു.
ജൂലൈയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കന്‍വാരിയ തീര്‍ത്ഥാടനപാതയിലെ ഭക്ഷണശാലകള്‍ക്ക് ഉത്തരവ് നല്കിയത്. എന്നാല്‍, സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. സംസ്ഥാനത്തുടനീളമുള്ള എല്ലാ ഭക്ഷണശാലകളും നടത്തിപ്പുകാരുടെയും ഉടമസ്ഥരുടെയും മാനേജര്‍മാരുടെയും പേരും വിലാസവും പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കി സപ്തംബര്‍ 24ന് യുപി സര്‍ക്കാര്‍ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഭക്ഷ്യ മലിനീകരണ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.ഇത്തരം ഉത്തരവുകള്‍ നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജ്യൂസ്, പയര്‍, റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ തുപ്പിയും മറ്റും മലിനമാക്കുന്നതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങള്‍ സാമൂഹിക സൗഹാര്‍ദ്ദത്തിന് ഹാനികരവും അസ്വീകാര്യവുമാണ്.
ഭക്ഷ്യ മലിനീകരണം തടയുന്നതിന് ആവശ്യമായ നിയമ ചട്ടക്കൂട് ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരം, ഭക്ഷ്യം, സിവില്‍ സപ്ലൈസ്, നിയമം എന്നിവയുള്‍പ്പെടെ ഒന്നിലധികം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ലഖ്‌നൗവില്‍ ചേരും. യോഗത്തില്‍ രണ്ട് ഓര്‍ഡിനന്‍സുകള്‍ ചര്‍ച്ചയാവും. സൗഹാര്‍ദം തകര്‍ക്കുന്നതിനായി വ്യാജപ്രചാരണങ്ങള്‍ തടയുന്നതിനും ഭക്ഷണ മലിനീകരണ നിരോധനത്തിനുമുള്ള ഓര്‍ഡിനന്‍സുകള്‍ വഴി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശനമായ പിഴ ചുമത്തും. ഭക്ഷണം തയാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സുതാര്യത നടപ്പിലാക്കും. ഉപഭോക്തൃ സംരക്ഷണ നിയമം 2019ന് കീഴില്‍ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രം നിര്‍ബന്ധമാക്കിയിരുന്ന സുതാര്യത, ഇപ്പോള്‍ എല്ലാ ഭക്ഷ്യ വിതരണ സംവിധാനത്തിലേക്കും വ്യാപിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ ഭക്ഷണം എങ്ങനെ തയാറാക്കുന്നുവെന്ന് അറിയാന്‍ ഇതുവഴി സാധിക്കും. സാമൂഹിക വിരുദ്ധര്‍ തങ്ങളാരെന്ന് വെളിപ്പെടുത്താതെ ഭക്ഷണപാനീയങ്ങള്‍ മലിനമാക്കുന്നത് തടയുന്നതിനാണ് ഓര്‍ഡിനന്‍സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Discussion about this post