പ്രയാഗ്‌രാജ്: ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ പ്രയാഗ് രാജില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ ജ്ഞാനമഹാകുംഭ നടക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെയും (എഐയു), രാജ്യത്തെ വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഭാവാത്മക മാറ്റത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കും.
ദേശീയ വിദ്യാഭ്യാസ നയം-2020 നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ പ്രദര്‍ശനം, പരിസ്ഥിതി സമ്മേളനം, വിദ്യാര്‍ത്ഥി-യുവ സമ്മേളനം, വനിതാ സമ്മേളനം എന്നിവയും ജഞാന മഹാകുംഭയുടെ ഭാഗമായി നടക്കും. കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാര്‍, വിവിധ വിദ്യാഭ്യാസ സമിതികളുടെ ചെയര്‍മാന്മാര്‍, വൈസ് ചാന്‍സലര്‍മാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജഞാന മഹാകുംഭക്ക് മുന്നോടിയായി രാജ്യത്തിന്റെ നാല് ദിക്കുകളിലായി, ഹരിദ്വാര്‍, കര്‍ണാവതി, നളന്ദ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ജ്ഞാനകുംഭ സംഘടിപ്പിക്കും.
തെക്കുഭാഗത്തെ ജ്ഞാന കുംഭ നവംബര്‍ 21, 22, 23 തീയതികളിലായി പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തില്‍ നിന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അവരുടെ മാതൃകകള്‍ ജ്ഞാനകുംഭയില്‍ പ്രദര്‍ശിപ്പിക്കും. സംഗമഗ്രാമ മാധവന്‍, ശ്രീശങ്കരന്‍, തുഞ്ചത്ത് എഴുത്തച്ഛന്‍, ശ്രീനാരായണഗുരു തുടങ്ങിയവര്‍ ഭാരതീയ ജ്ഞാന പരമ്പരയില്‍ നല്കിയ സംഭാവനകളെക്കുറിച്ചുള്ള ക്ലാസുകളും പ്രദര്‍ശനങ്ങളും ജ്ഞാനകുംഭയില്‍ നടക്കും.
Discussion about this post